പ്രിയങ്കയ്ക്ക് എതിരെ മത്സരിക്കണമെന്ന് നിർദേശം; മോദിയോട് ‘നോ’ പറഞ്ഞ് വരുൺ ഗാന്ധി
പ്രിയങ്കയ്ക്ക് എതിരെ മത്സരിക്കണം; മോദിയോട് ‘നോ’ പറഞ്ഞ് വരുൺ – BJP MP Varun Gandhi will not contest in Raebareli against Priyanka Gandhi | Malayalam News, India News | Manorama Online | Manorama News
പ്രിയങ്കയ്ക്ക് എതിരെ മത്സരിക്കണമെന്ന് നിർദേശം; മോദിയോട് ‘നോ’ പറഞ്ഞ് വരുൺ ഗാന്ധി
രാജീവ് മേനോൻ
Published: April 27 , 2024 03:11 AM IST
1 minute Read
റായ്ബറേലിയിൽ മത്സരിക്കാൻ 2 തവണ മോദി ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല
വരുൺ ഗാന്ധി (File Photo: JOSEKUTTY PANACKAL / MANORAMA)
ന്യൂഡൽഹി ∙ പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി ടിക്കറ്റിൽ റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന് ബിജെപി എംപി വരുൺ ഗാന്ധി. പിലിബിത്തിൽ ഇത്തവണ ടിക്കറ്റ് നിഷേധിക്കപ്പെട്ട വരുൺ തിരഞ്ഞെടുപ്പ് ‘രാഷ്ട്രീയ തമാശക്കളി’യല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ദേശീയ നേതാക്കളോടു തുറന്നടിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഇതെക്കുറിച്ച് ചോദിച്ചപ്പോൾ ‘രഹസ്യമായി സംസാരിച്ച കാര്യങ്ങൾ പരസ്യമാക്കുന്നത് ധാർമികതയ്ക്കു നിരക്കുന്നതല്ല’ എന്നാണ് വരുൺ ഗാന്ധി ‘മനോരമ’യോടു പ്രതികരിച്ചത്. അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിക്കുമെന്നാണു സൂചന.
ഈയാഴ്ച ആദ്യമുൾപ്പെടെ 2 തവണ മോദി വരുണിനോടു നേരിട്ടു സംസാരിച്ചതായാണു വിവരം. താൻ തന്നെ നേരിട്ടു പ്രചാരണത്തിനിറങ്ങാമെന്ന് മോദി വാഗ്ദാനം ചെയ്തെങ്കിലും കുടുംബാംഗത്തിനെതിരെ മത്സരിക്കുന്ന തരത്തിലുള്ള സർക്കസായി രാഷ്ട്രീയത്തെ കാണുന്നില്ലെന്നും വരുൺ പറഞ്ഞതായി പാർട്ടി വൃത്തങ്ങളിലൊരാൾ പറഞ്ഞു.
തോറ്റാലും വലിയ സ്ഥാനങ്ങൾ നേതൃത്വം വാഗ്ദാനം ചെയ്തെങ്കിലും നിലവിൽ ഒന്നിലും താൽപര്യമില്ലെന്ന നിലപാടിലായിരുന്നു വരുൺ. അൽപകാലം സജീവരാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.
ബിജെപിയുടെ ആഭ്യന്തര സർവേയിൽ വരുൺ ഗാന്ധി മത്സരിക്കണമെന്ന ആവശ്യത്തിനായിരുന്നു മുൻതൂക്കം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആദ്യം പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും പിന്നീട് അമിത് ഷായും വരുൺ ഗാന്ധിയോടു സംസാരിച്ചു. മാർച്ച് രണ്ടാം വാരത്തിലും ഏതാനും ദിവസം മുൻപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വരുണിനെ മത്സരിക്കാൻ ക്ഷണിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
പിലിബിത്ത് എംപിയായ വരുണിന് ഇത്തവണ ടിക്കറ്റ് നിഷേധിച്ചതിൽ അദ്ദേഹം അതൃപ്തനായിരുന്നു. കഴിഞ്ഞ 10 വർഷമായി തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകസമരം തുടങ്ങിയ വിഷയങ്ങളിൽ നിരന്തരം മോദി സർക്കാരിനും യുപി സർക്കാരിനുമെതിരെ വരുൺ ഗാന്ധി ശക്തമായി പ്രതികരിച്ചിരുന്നു. ഇതെല്ലാം ക്ഷമിച്ചാണ് വരുണിനുവേണ്ടി പ്രചാരണത്തിനിറങ്ങാമെന്നുവരെ പ്രധാനമന്ത്രി ഉറപ്പു നൽകിയത്.
ബിജെപി സർവേയിൽ വരുൺ
റായ്ബറേലിയിൽ പ്രിയങ്ക വൻഭൂരിപക്ഷത്തിൽ ജയിക്കുന്നത് കോൺഗ്രസിനു പുതു ഊർജം പകരുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. അതിനാൽ കരുത്തുറ്റ സ്ഥാനാർഥിക്കായി മണ്ഡലത്തിൽ സർവേ നടത്തി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ഉമാഭാരതി, പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ നൂപുർ ശർമ, യുപി ഉപമുഖ്യമന്ത്രിമാരായ കേശവപ്രസാദ് മൗര്യ, ബ്രജേഷ് പാഠക്, മുൻ എംപി വിനയ് കട്യാർ, ഉൻചാഹർ എംഎൽഎ മനോജ് പാണ്ഡെ എന്നിവരുടെ പേരുകളാണ് അണികളുടെ പരിഗണനയ്ക്കു നൽകിയത്. ഇവർക്കാർക്കും പ്രിയങ്കയെ മറികടക്കാൻ കഴിയില്ലെന്നും വരുൺ ഗാന്ധി വരണമെന്നുമായിരുന്നു ഭൂരിഭാഗം പേരുടെയും ആവശ്യം.
English Summary:
BJP MP Varun Gandhi will not contest in Raebareli against Priyanka Gandhi
mo-politics-leaders-varungandhi 6pb6u2ft7frcfu71h9hnn7sn0q 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list rajeev-menon mo-politics-leaders-priyankagandhi mo-politics-leaders-narendramodi mo-politics-elections-loksabhaelections2024
Source link