വിദ്വേഷപ്രസംഗം: പരാതി നൽകിയിട്ട് 4 ദിവസം, അനങ്ങാതെ കമ്മിഷൻ
വിദ്വേഷപ്രസംഗം:പരാതി നൽകിയിട്ട് 4 ദിവസം, അനങ്ങാതെ കമ്മിഷൻ – Hate speech: election Commission donot take any action on complaint against narendra modi | Malayalam News, India News | Manorama Online | Manorama News
വിദ്വേഷപ്രസംഗം: പരാതി നൽകിയിട്ട് 4 ദിവസം, അനങ്ങാതെ കമ്മിഷൻ
മനോരമ ലേഖകൻ
Published: April 25 , 2024 03:29 AM IST
1 minute Read
പ്രധാനമന്ത്രിക്ക് എതിരായ പരാതി; തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ നടപടിയെടുത്തില്ല
നരേന്ദ്ര മോദി (Photo: Sajjad Hussain/AFP)
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗം കഴിഞ്ഞ് 4 ദിവസമായിട്ടും അനങ്ങാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. പരാതി ലഭിച്ചുവെന്നും പരിശോധിച്ചുവെന്നുമുള്ള കഴിഞ്ഞ ദിവസത്തെ അനൗദ്യോഗിക പ്രതികരണമല്ലാതെ മറ്റ് ആശയവിനിമയമില്ല. കോൺഗ്രസ്, സിപിഎം, സിപിഐ എന്നീ പാർട്ടികളും ഒട്ടേറെ വ്യക്തികളും നൽകിയ പരാതികൾ കമ്മിഷനു മുന്നിലുണ്ട്.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് നൽകിയ പരാതി ഡൽഹിയിലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷൻ കഴിഞ്ഞ ദിവസം സ്വീകരിച്ചില്ല. തുടർന്ന് ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറയെ സന്ദർശിച്ച് വൃന്ദ പരാതി നൽകി. എഫ്‍ഐആർ റജിസ്റ്റർ ചെയ്യേണ്ടതുണ്ടോയെന്നു നിയമോപദേശം തേടുമെന്നും പൊലീസ് സ്റ്റേഷനിൽ പരാതി സ്വീകരിക്കാൻ വിസമ്മതിക്കേണ്ടിയിരുന്നില്ലെന്നും കമ്മിഷണർ പറഞ്ഞതായി വൃന്ദ അറിയിച്ചു.
കോൺഗ്രസ് അധികാരത്തിലേറിയാൽ മുസ്‍ലിംകൾക്ക് സ്വത്ത് വീതിച്ചു നൽകുമെന്ന മോദിയുടെ പ്രസംഗമാണ് വൻ വിവാദമായത്. കോൺഗ്രസ് വന്നാൽ ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ സ്വത്തു വീതിച്ചു നൽകുമെന്നാണ് രാജസ്ഥാനിലെ ബൻസ്വാഡയിൽ മോദി പറഞ്ഞത്. തിങ്കളാഴ്ച യുപിയിലും ഇന്നലെ ഛത്തീസ്ഗഡിലും സമാനമായ പരാമർശങ്ങൾ മോദി തുടർന്നു.
യുപി മഥുരയിലെ ബിജെപി സ്ഥാനാർഥിയായ നടി ഹേമമാലിനിയെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയെ 48 മണിക്കൂർ പ്രചാരണത്തിൽനിന്നു കമ്മിഷൻ വിലക്കിയിരുന്നു. കോൺഗ്രസിനെതിരെയുള്ള അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ ബിആർഎസ് അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവുവിന് നോട്ടിസ് നൽകുകയും ചെയ്തു.
മുൻ ഉദ്യോഗസ്ഥരുടെ കത്ത് കമ്മിഷന്
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒപ്പിട്ട കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ഐഐഎം അഹമ്മദാബാദ് മുൻ പ്രഫസർ ജഗ്ദീപ് ഛൊക്കർ എഴുതിയ കത്തിലാണ് 93 പേർ ഒപ്പിട്ടത്. മോദിയുടെ പ്രസംഗം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യനിയമം എന്നിവ അടക്കമുള്ളവയുടെ ലംഘനമാകുന്നത് എങ്ങനെയെന്നും കത്തിൽ വിശദീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുൻ അഡീഷനൽ ചീഫ് സെക്രട്ടറി അന്ന ഡാനി, ഛത്തീസ്ഗഡ് മുൻ ചീഫ് സെക്രട്ടറി പി.ജോയ് ഉമ്മൻ, കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ മുൻ സെക്രട്ടറി ജനറൽ പി.എസ്.എസ്. തോമസ്, കർണാടക മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശോഭ നമ്പീശൻ അടക്കമുള്ളവർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
English Summary:
Hate speech: election Commission donot take any action on complaint against narendra modi
mo-politics-parties-cpim 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-cpi mo-politics-parties-congress scaic60e82uftmiat87fukbur mo-politics-leaders-narendramodi
Source link