INDIA

പ്രമേഹം മൂര്‍ഛിച്ചു; ജയിലില്‍ കേജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കി അധികൃതര്‍

ജയിലില്‍ കേജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കി അധികൃതര്‍ – Arvind Kejriwal | Insulin | Tihar Jail | Manorama News

പ്രമേഹം മൂര്‍ഛിച്ചു; ജയിലില്‍ കേജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കി അധികൃതര്‍

മനോരമ ലേഖകൻ

Published: April 23 , 2024 09:39 AM IST

1 minute Read

അരവിന്ദ് കേജ്‌രിവാൾ (ചിത്രം: മനോരമ)

ന്യൂഡല്‍ഹി∙ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാളിന് ഒടുവില്‍ ഇന്‍സുലിന്‍ നല്‍കി. രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയതിനെ തുടര്‍ന്നാണ് നടപടി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് കേജ്‌രിവാള്‍ ആരോപിച്ചിരുന്നു. അതേസമയം എംയിസില്‍നിന്നുള്ള വിദഗ്ധരുമായി നടത്തിയ വിഡിയോ കണ്‍സള്‍ട്ടേഷനില്‍ ഇക്കാര്യം കേജ്‌രിവാള്‍ ഉന്നയിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതരുടെ വാദം. 
ഇന്‍സുലിന്‍ ആവശ്യമാണെന്നു കേജ്‌രിവാള്‍ പറഞ്ഞതാണു ശരിയെന്നു തെളിഞ്ഞുവെന്ന് ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. എന്നാല്‍ ബിജെപി സര്‍ക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനു ചികില്‍സ നിഷേധിക്കുകയാണ്. ഇന്‍സുലിന്‍ വേണ്ടെങ്കില്‍ ഇപ്പോള്‍ എന്തിനാണു നല്‍കിയതെന്നു ബിജെപി പറയണം.- സൗരഭ് പറഞ്ഞു. 

കേജ്‌രിവാളിന് ഇന്‍സുലിന്‍ ആവശ്യമാണോയെന്നു വിലയിരുക്കാന്‍ മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാന്‍ ഡല്‍ഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതി എയിംസിനു നിര്‍ദേശം നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ഭക്ഷണക്രമത്തിനു വിരുദ്ധമായി വീട്ടില്‍നിന്നു മാമ്പഴം ഉള്‍പ്പെടെ എത്തിച്ചു കഴിച്ചതില്‍ കോടതി അമര്‍ഷം രേഖപ്പെടുത്തുകയും ചെയ്തു. 
പ്രമേഹരോഗം വര്‍ധിച്ച സാഹചര്യത്തില്‍ ഡോക്ടറെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കാണാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളിയാണു പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്. ജയില്‍ അധികൃതര്‍ തനിക്ക് ഇന്‍സുലിന്‍ അനുവദിക്കുന്നില്ലെന്ന കേജ്രിവാളിന്റെ വാദങ്ങളും കോടതി തള്ളി. കേജ്രിവാളിന് ആവശ്യമായ എല്ലാ വൈദ്യ സഹായവും ജയിലില്‍ ലഭ്യമാക്കണമെന്നു കോടതി നിര്‍ദേശിച്ചു. മെഡിക്കല്‍ സംഘം നിര്‍ദേശിക്കുന്ന ഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളുവെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം കേജ്‌രിവാളിനെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇന്‍സുലിന്‍ തടഞ്ഞുവയ്ക്കുന്നതെന്ന് എഎപി ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേജ്‌രിവാളിന്റെ പേരില്‍ ജനങ്ങളുടെ അനുതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്ന് ബിജെപി ആരോപിക്കുന്നു. 

English Summary:
Arvind Kejriwal Administered Insulin In Tihar Jail After Sugar Levels Soar

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-crime-tiharjail mo-news-world-countries-india-indianews mo-politics-leaders-arvindkejriwal 1v8ptakkr8at6ab0o3s2h0okpa


Source link

Related Articles

Back to top button