കരാബാക്കിലെ പള്ളികൾ തകർക്കുന്നു
ബോൺ: അസർബൈജാൻ കീഴടക്കിയ നഗോർണോ-കരാബാക്കിൽ ഷുഷി പട്ടണത്തിലുണ്ടായിരുന്ന സ്നാപകയോഹന്നാന്റെ നാമത്തിലുള്ള പള്ളി നിശേഷം നശിപ്പിച്ചതായി റിപ്പോർട്ട്. ഫ്രാങ്ക്ഫുർട്ടർ സ്റ്റെഫാനൂസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ സ്റ്റെഫാനൂസ് പുരസ്കാരം സ്വീകരിച്ചുകൊണ്ട് സാൽസ്ബർഗിലെ അർമേനിയോളജി പ്രഫ. ജാസ്മിൻ ഡംട്രാഗുട്ട് നടത്തിയ പ്രഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 200 വർഷം പഴക്കമുള്ള പള്ളി അമേരിക്കയിലെ കോർണെൽ യൂണിവേഴ്സിറ്റിയുടെ കോക്കസസ് ഹെരിറ്റേജ് വാച്ചിന്റെ ഉപഗ്രഹനിരീക്ഷണമനുസരിച്ച് ഇപ്പോൾ നിലവിലില്ല. ഷുഷിയിലെ ഒരു പ്രധാന കാഴ്ചയായിരുന്ന ഈ പള്ളിക്ക് 2020ലെ യുദ്ധത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. അതേവർഷം തന്നെ ഷുഷിയിലെ ഭദ്രാസനപ്പള്ളി അസർബൈജാൻ നിലംപരിശാക്കിയിരുന്നു. യുദ്ധവിരാമത്തിനുശേഷം കരാബാക്കിലെ പള്ളികൾ സംരക്ഷിക്കാൻ റഷ്യൻ ഓർത്തഡോക്സ് സഭയുടെ ബാക്കു ഭദ്രാസനം തയാറായിരുന്നെങ്കിലും ശ്രമങ്ങൾ ഫലപ്രദമായില്ല.
നഗോർണോ-കരാബാക്കിലെ ഒന്നേകാൽ ലക്ഷത്തോളം അർമേനിയൻ ക്രൈസ്തവരെ രായ്ക്കുരാമാനം നടുകടത്തിയ അസർബൈജാൻ അവിടെയുള്ള 4000ത്തിലേറെ ക്രൈസ്തവ സ്ഥാപനങ്ങൾ നശിപ്പിക്കുമെന്ന ഭയം യാഥാർഥ്യമാകുകയാണ്. ഇവയിൽ 300 ലേറെ പള്ളികളും സന്ന്യാസി മഠങ്ങളും നിരവധി സെമിത്തേരികളുമാണ്. അസർബൈജാൻ തുർക്കിയോടുചേർന്ന് വംശഹത്യയോടൊപ്പം സംസ്കാരഹത്യയും നടത്തുന്നുവെന്നാണ് ആരോപണം. മനുഷ്യാവകാശത്തിനും മതസ്വാതന്ത്ര്യത്തിനും പീഡിത ക്രൈസ്തവരുടെ മോചനത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്കാണ് പ്രതിവർഷം സ്റ്റെഫാനൂസ് പുരസ്കാരം നൽകുന്നത്.
Source link