ട്വന്റി-20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം 28ന്
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 28ന് പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപ്പിറ്റൽസും തമ്മിൽ ഡൽഹിയിൽ 27ന് നടക്കുന്ന ഐപിഎൽ മത്സരത്തിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ബിസിസിഐ സെലക്ടർ അജിത് അഗാർക്കറും കൂടിക്കാഴ്ച നടത്തുമെന്നും പിന്നാലെ ടീം പ്രഖ്യാപനം നടക്കുമെന്നുമാണ് റിപ്പോർട്ട്. ലോകകപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപനത്തിന് ഐസിസി അനുവദിച്ചിരിക്കുന്ന അവസാന തീയതി മേയ് ഒന്നാണ്. രാജസ്ഥാൻ റോയൽസിനുവേണ്ടി മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തുമോ എന്നതിനാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്.
ഇന്ത്യയുടെ 15 അംഗ ടീം ഏകദേശം തീരുമാനമായതായാണ് വിവരം. ഓപ്പണർമാരായി രോഹിത് ശർമയും വിരാട് കോഹ്ലിയും എത്തുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ഇടംലഭിച്ചേക്കില്ലെന്നും സൂചനയുണ്ട്. രോഹിത്തിനു പിന്നാലെ സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, അർഷദീപ് സിംഗ്, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരുടെ ഇരിപ്പിടങ്ങൾ മാത്രമാണ് ഇതുവരെ ഉറപ്പായിട്ടുള്ളതെന്നും റിപ്പോർട്ടുണ്ട്.
Source link