തിരിച്ചടിക്കുമെന്ന് ഇസ്രയേൽ; യുദ്ധഭീതിയിൽ വീണ്ടും പശ്ചിമേഷ്യ
ടെൽ അവീവ്: സംയമനം പാലിക്കണമെന്ന സഖ്യകക്ഷികളുടെ ആഹ്വാനം തള്ളി ഇറാനെതിരേ തിരിച്ചടിക്കൊരുങ്ങി ഇസ്രയേൽ. ഇറാൻ ആക്രമണം എപ്പോൾ എങ്ങനെയെന്ന് ഈയാഴ്ച ഇസ്രയേൽ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. രാജ്യത്തെ എങ്ങനെ സംരക്ഷിക്കണമെന്ന കാര്യം ഇസ്രയേൽ തീരുമാനിക്കും. അതിനുവേണ്ടതെല്ലാം ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഇതോടെ മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായി. ഇറാനെതിരേ ആക്രമണത്തിന് തുനിയരുതെന്ന സഖ്യകക്ഷികളുടെ അഭ്യർഥന തള്ളിയാണ് ഉചിതമായ തിരിച്ചടിയുണ്ടാകുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
തങ്ങൾക്കു നേരേയുണ്ടാകുന്ന ഏതൊരാക്രമണത്തിനും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയതോടെ ഇസ്രയേലിനുമേൽ നയതന്ത്ര സമ്മർദം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന വാർഷിക സൈനിക പരേഡിലാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റാംസി ആക്രമിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിയത്. നേരത്തേയുണ്ടായത് പരിമിതമായ ആക്രമണം മാത്രമായിരുന്നു. ആക്രമണത്തിനു ഇസ്രയേൽ മുതിർന്നാൽ തിരിച്ചടി ശക്തമായിരിക്കും. ആ രാജ്യത്ത് പിന്നീടൊന്നും അവശേഷിക്കില്ലെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.
Source link