എൽഐസി എസ്ബിഐയ്ക്കും മേലെ; റെക്കോർഡിട്ട് പൊതുമേഖല ഓഹരികൾ
ഏവരും പുച്ഛിച്ചുതള്ളിയിരുന്ന പൊതുമേഖല ഓഹരികൾ കരകയറുകയും 2023ൽ പുതിയ ഉയരങ്ങൾ കീഴടക്കി ശ്രദ്ധേയമാകുകയും ചെയ്തു. ആർക്കും വേണ്ടാതിരുന്നിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ തിരിച്ചുവരവിനു സാക്ഷ്യംവഹിച്ച വർഷമായിരുന്നു 2023-2024. ‘അനങ്ങാപ്പാറ’കളാണ് പിഎസ്യു ഓഹരികൾ എന്നായിരുന്നു വിപണിയിലെ പല വിദഗ്ധരുടെയും അഭിപ്രായം.
എന്നാൽ 2023 പകുതിമുതൽ 2024 ഫെബ്രുവരി ആദ്യംവരെയുള്ള കണക്കെടുപ്പിൽ പൊതുമേഖലാ ഓഹരികൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടു വലിയ തിരിച്ചു വരവാണു നടത്തിയത്. ഫെബ്രുവരി 8 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ പല പൊതുമേഖലാ ഓഹരികളും 300 മുതൽ 400 ശതമാനംവരെ ആദായം നൽകിയതായി കാണാം. അവയിൽ ഏതാനും ചിലതിന്റെ പ്രകടനം താഴെ കാണുക:
എൽഐസി, എസ്ബിഐയ്ക്കും മേലെ949 എന്ന ഇഷ്യുവിലയിൽനിന്ന് 534വരെ താഴ്ന്നടിഞ്ഞ എൽഐസിക്ക്, 2024 പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കുന്ന വർഷമായി. ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഒരു മാസത്തിൽ 29ഉം ആറു മാസത്തിൽ 68ഉം ഒരു വർഷത്തിൽ 74 ഉം ശതമാനം ഉയർന്ന എൽഐസി ഓഹരിയുടെ വിപണിമൂല്യം ഇപ്പോൾ 7 ലക്ഷം കോടി രൂപയ്ക്കു മുകളിലാണ്. ഈ ശ്രദ്ധേയമായ ഉയർച്ചയോടെ, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയെക്കാൾ മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമെന്ന അഭിമാനകരമായ പദവി എൽഐസി നേടിയെടുത്തു.
ഒപ്പം ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ ഇന്ത്യൻ ലിസ്റ്റഡ് കമ്പനി എന്ന പദവിയും എൽഐസി തിരിച്ചുപിടിച്ചു. ബാങ്കിങ് വമ്പൻമാരായ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എഫ്എംസിജി ഭീമൻമാരായ എച്ച്യുഎൽ, ഐടിസി എന്നിവരെക്കാളും ഉയർന്ന വിപണി മൂലധനമാണ് എൽഐസിക്ക് ഇപ്പോഴുള്ളത്. ഐടിയിൽ എച്ച്സിഎൽ, വിപ്രോ എന്നിവരെയും എൻബിഎഫ്സിയിൽ ഏറ്റവും വലിയ കമ്പനിയായ ബജാജ് ഫിനാൻസിനെയും എൽഐസി മറികടന്നു. ചുരുക്കിപ്പറഞ്ഞാൽ എൽഐസിയുടെ വിപണി മൂലധനം നിഫ്റ്റി 50ൽ ലിസ്റ്റ് ചെയ്തിട്ടുള്ള 45 കമ്പനികളെക്കാൾ കൂടുതലാണ്.
Representative Image. Photo Credit : Atstock Productions/iStock images
നാഷണൽ അലൂമിനിയം കമ്പനി (നാൽകോ)
വർഷങ്ങളോളം വലിയ അനക്കമൊന്നും ഇല്ലാതിരുന്ന നാൽകോയുടെ ഓഹരികൾക്ക് വൻ ഡിമാൻഡാണ് 2024 ആരംഭത്തോടെ ഉണ്ടായത്. നവരത്ന പൊതുമേഖലാ സ്ഥാപനമായ നാൽകോ ഖനനം, മെറ്റൽ, പവർ മേഖലകളിലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. മാർച്ചിലെ വിൽപന സമ്മർദത്തിൽ മറ്റ് ഓഹരികൾക്കൊപ്പം നാൽകോയുടെ ഓഹരിവിലയും ഇടിഞ്ഞു. പക്ഷേ, ഫെബ്രുവരി അവസാനംവരെയുള്ള കണക്കുകൾ നോക്കിയാൽ ഒരു വർഷത്തിനുള്ളിൽ 81% ഓഹരിവില ഉയർന്നു. ലാഭം കൂടിയതാണ് പ്രധാനമായും ഓഹരി വില കൂടാൻ കാരണം.
ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ
ഇന്ത്യൻ റെയിൽവേയുടെ വികസന കാര്യങ്ങൾക്കായുള്ള ഫണ്ടിങ്ങിനു പ്രവർത്തിക്കുന്ന സ്ഥാപനമായ ഐആർഎഫ്സിയുടെ ഓഹരികളും അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. ഒരു വർഷം മുൻപ് ഉയർന്നുതുടങ്ങി. 410 ശതമാനമാണ് ഒരു വർഷത്തെ നേട്ടം. കഴിഞ്ഞ ബജറ്റിലെപ്പോലെ തന്നെ അടുത്ത ബജറ്റിലും റെയിൽവേ മേഖലയുടെ വികസനത്തിനായി നല്ലൊരു തുക നീക്കിവയ്ക്കും എന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.അത് ഈ ഓഹരിക്കു കരുത്തു പകരും.
പവർ ഫിനാൻസ് കോർപറേഷൻ (പിഎഫ്സി)
എല്ലാ രാജ്യങ്ങളിലും പവർ ഡിമാൻഡ് കുത്തനെ കൂടുകയാണ്. പൊതു–സ്വകാര്യ മേഖലയിലും വീടുകളിലുംനിന്ന് ഡിമാൻഡ് കൂടുന്നത് ഈ മേഖലയിലെ ഓഹരിവിലകളിലും അതു പ്രതിഫലിക്കുന്നുണ്ട്. വൈദ്യതി മേഖലയിലെ വിവിധ പ്രോജക്ടുകൾക്കായി ഫണ്ടിങ് നൽകുന്ന സ്ഥാപനമായ പവർ ഫിനാൻസ് കോർപറേഷന്റെ (പിഎഫ്സി) വില അടുത്ത വർഷങ്ങളിലും ഉയരുമെന്നാണ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. പുനരുപയോഗ ഊർജമേഖലയിലെ പദ്ധതികളും ഈ കുതിപ്പിന് ആക്കംകൂട്ടും.
ഡിഫൻസ് ഓഹരികൾ
പ്രതിരോധ മേഖലയിലെ നിക്ഷേപ വളർച്ചയുടെ പിൻബലത്തിൽ മേഖലയിലെ ഓഹരികളും കുതിക്കുകയാണ്. ഡിഫൻസ് സേവനങ്ങൾക്കായും ഉപകരണങ്ങൾക്കായും നടത്തുന്ന നിക്ഷേപങ്ങൾ വരുംവർഷങ്ങളിലും ഓഹരികളിൽ കുതിപ്പുണ്ടാക്കും. ഡിവിഡന്റ് നൽകുന്ന ഓഹരി എന്ന നിലയിലും ആവശ്യക്കാരേറെയുണ്ട്.
കുടത്തിൽനിന്നും പുറത്തുവന്ന ഭൂതങ്ങൾ
കുടത്തിൽനിന്നു തുറന്നുവിട്ട ജീനിയെ കേന്ദ്ര സർക്കാർ അടിസ്ഥാന വികസന മേഖലയിൽ നടത്തുന്ന നിക്ഷേപം, ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതികൾ, ‘ഗ്രീൻ എനർജി’ പദ്ധതികൾക്കു കൊടുക്കുന്ന ഊന്നൽ എന്നിവയെല്ലാംതന്നെ പൊതുമേഖലാ സ്ഥാപനങ്ങളെ വളരാൻ സഹായിക്കുന്നുണ്ട്. ഓരോ തിരഞ്ഞെടുപ്പു വർഷങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ കുറച്ചൊന്നു ഉയർന്നിട്ട് പിന്നീടു തണുക്കുന്ന പ്രവണത കാണിക്കാറുണ്ടെങ്കിലും ഈ പ്രാവശ്യം കാര്യങ്ങൾ വ്യത്യസ്തമാണ് എന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം.
കുടത്തിൽനിന്നു തുറന്നുവിട്ട ജീനിയെപ്പോലെ ഇനി പൊതുമേഖലാ സ്ഥാപനങ്ങൾ വളരും എന്ന അഭിപ്രായമാണ് പൊതുവേ ഏവരും പങ്കുവയ്ക്കുന്നത്. ഒരു മേഖലയിൽ സർക്കാർ നടത്തുന്ന നിക്ഷേപം മറ്റു പല മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഗുണകരമാകുന്ന ഒരു മോഡൽ ഇപ്പോൾ ഇന്ത്യൻ പൊതുമേഖലാ രംഗത്തുണ്ട്. ഇവയെല്ലാം ഭാവിവളർച്ചയിൽ വ്യക്തമായും പ്രതിഫലിക്കും. കഴിഞ്ഞ ഒരു വർഷത്തിൽ പല പൊതുമേഖലാ ഓഹരികളും 300 മുതൽ 400 ശതമാനംവരെ ആദായം നൽകി.
മികച്ച നേട്ടം നൽകി പിഎസ്യു ഫണ്ടുകളും
പല മേഖലയിലെയും ഓഹരികൾ ചേർത്തു മ്യൂച്വൽ ഫണ്ട് കമ്പനികൾ, ഫണ്ടുകൾ ഇറക്കിയപ്പോഴും പൊതുമേഖല ഓഹരികൾ മാത്രമുള്ള ഫണ്ടുകൾ പൊതുവെ കുറവായിരുന്നു അത്തരം ഫണ്ടുകൾ വന്നതോടെ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ വിശ്വസിച്ച് അവയിൽ നിക്ഷേപിച്ചവർക്ക് സ്മോൾ ക്യാപ് ഫണ്ടുകളെക്കാൾ കൂടുതൽ ആദായം ലഭിച്ചു. 2024 ജനുവരി വരെയുള്ള ഒരു വർഷത്തിൽ 71% വരെ ആദായം നൽകിയ പിഎസ്യു മ്യൂച്വൽ ഫണ്ടുകളുണ്ട്.
Source link