ഉദയനിധി: വാക്കിലും നോക്കിലും ന്യൂജെൻ
ഉദയനിധി: വാക്കിലും നോക്കിലും ന്യൂജെൻ – Writeup about Udhayanidhi stalin | Malayalam News, India News | Manorama Online | Manorama News
ഉദയനിധി: വാക്കിലും നോക്കിലും ന്യൂജെൻ
ഫിറോസ് അലി
Published: April 18 , 2024 04:14 AM IST
1 minute Read
കട്ടയ്ക്ക് പോരാട്ടം… തമിഴ്നാട് ധർമപുരിയിലെ കാടത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ എയിംസ് എന്നെഴുതിയ ഇഷ്ടിക ഉയർത്തിക്കാണിക്കുന്നു. ചിത്രം: ഫഹദ് മുനീർ∙മനോരമ
ജീൻസും വെള്ള ടിഷർട്ടുമാണു വേഷം. ടിഷർട്ടിൽ ഉദയസൂര്യൻ ജ്വലിച്ചുനിൽക്കുന്നു. ഡിഎംകെ തറവാട്ടിലെ ‘ഇളയ ദളപതി’ ഉദയനിധി സ്റ്റാലിൻ വേഷത്തിൽ മാത്രമല്ല ന്യൂജെൻ. ഇൻസ്റ്റഗ്രാം റീൽ പോലെയാണു പ്രസംഗം. ആൾക്കൂട്ടത്തിന്റെ പൾസറിഞ്ഞ്, ആരവത്തിനു സമയം നൽകിയുള്ള വർത്തമാനം. ഒരു പ്രസംഗത്തിൽ ഒരുപാട് റീൽസിനുള്ള വകകൾ ഒളിഞ്ഞിരിക്കുന്നു. ധർമപുരി–ഹരൂർ പാതയിലെ കാടത്തൂരിലാണു പ്രചാരണം.
റോഡിന്റെ ഇരുവശങ്ങളിലും ഡിഎംകെ പതാകകൾ. മാലപോലെ തൂക്കിയിട്ട പോസ്റ്ററുകളിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ വലിയ ചിത്രം; അത്ര വലുപ്പമില്ലെങ്കിലും കാണാവുന്ന രീതിയിൽ ഉദയനിധിയുമുണ്ട്. ഡിഎംകെ പോസ്റ്ററുകളിൽ മാത്രമല്ല, സഖ്യകക്ഷി സ്ഥാനാർഥികളുടെ പ്രചാരണവേദികളിലും സ്റ്റാലിനൊപ്പം ഉദയനിധിയുടെ ചിത്രമുണ്ട്. കരുണാനിധിക്കു ശേഷം സ്റ്റാലിൻ, സ്റ്റാലിനു ശേഷം ഉദയനിധി എന്ന സമവാക്യം തമിഴകം ഉൾക്കൊണ്ടു തുടങ്ങിയിരിക്കുന്നു. എതിർപാർട്ടികളുടെ വിമർശനത്തിന്റെ കുന്തമുനയും അണികളുടെ ‘ഇദയക്കനി’ക്കു നേരെയാണ്. ‘വരുംകാല തലൈവർ താൻ, ഉദയനിധി നമ്മ കലൈജ്ഞറിൻ പേരൻ താൻ’ എന്ന മുദ്രാവാക്യം ഡിഎംകെ വേദികളിൽ മുഴങ്ങുന്നുണ്ട്.
പ്രചാരണവാഹനമെത്തി. ആൾക്കൂട്ടത്തിന്റെ ആരവമൊന്നടങ്ങിയതിനു പിന്നാലെ ഉദയനിധി മൈക്ക് കയ്യിലെടുത്തു. മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥി മണി കൈ കൂപ്പി അരികിൽ നിന്നു. ‘കലൈജ്ഞറിൻ ഉയിരിനും മേലാന അൻപ് ഉടൻ പിറപ്പുകളേ’. ഉദയനിധിയുടെ ആദ്യ വാചകത്തിൽത്തന്നെ ആൾക്കൂട്ടം കടലുപോലെ ഇരമ്പിയാർത്തു. ബിജെപി മുന്നണിയിലെ പിഎംകെയുടെ സ്ഥാനാർഥിയാണ് മണ്ഡലത്തിലെ പ്രധാന എതിരാളിയെങ്കിലും കേന്ദ്ര സർക്കാരാണ് ഉദയനിധിയുടെ വാക്കുകളുടെ ഉന്നം.
‘യുപി ഒരു രൂപ നികുതിയായി കേന്ദ്രത്തിനു നൽകുമ്പോൾ 3 രൂപ തിരിച്ചുകിട്ടുന്നു, ബിഹാറിനും അതുപോലെ ലഭിക്കുന്നു. തമിഴ്നാടിനു ലഭിക്കുന്നത് 29 പൈസ മാത്രം. മിസ്റ്റർ 29, ഇത് നീതിയാണോ?’. പ്രധാനമന്ത്രിക്കുനേരെ ചോദ്യശരമെയ്യുമ്പോൾ സദസ്സ് ഇളകിമറിഞ്ഞു. നടൻ കൂടിയായ ഉദയനിധിയുടെ സിനിമാറ്റിക് നീക്കം പിന്നീടായിരുന്നു. 2019 ൽ പ്രധാനമന്ത്രി നേരിട്ടെത്തി മധുരയിൽ എയിംസിനു തറക്കല്ലിട്ടിരുന്നു. പിന്നീട് പണിയൊന്നും നടന്നില്ല. ‘ഞാൻ അന്തപക്കം പോയിട്ട് അന്ത ചെങ്കല്ല് പാത്ത് തൂക്കിയിട്ടു വന്താര്’. ജനം നിർത്താതെ കയ്യടിച്ചു. ‘കല്ല് പാക്കണമാ?’.
‘ആമാം’ എന്നു ജനം. എയിംസ് എന്നെഴുതിയ ഇഷ്ടികയെടുത്ത് ഉദയനിധി ഉയർത്തിക്കാണിക്കുമ്പോൾ, ത്രില്ലിങ് സീനിന് തിയറ്ററിൽ ലഭിക്കുന്ന അതേ വരവേൽപ്. ‘കലൈജ്ഞറുടെ 101–ാം ജന്മദിനമാണ് ജൂൺ 3. പിറ്റേദിവസം വോട്ടെണ്ണൽ. തമിഴകത്ത് 39 സീറ്റും കലൈജ്ഞറുടെ ഓർമയ്ക്കായി സമർപ്പിക്കണം’. സെയ്‌വീർകളാ എന്ന ചോദ്യത്തിന് ഉത്തരമായി ആയിരം കൈകൾ വാനിലേക്കുയർന്നു. സൂര്യൻ അസ്തമിക്കാറായി. ഡിഎംകെ രാഷ്ട്രീയത്തിൽ പുതിയ സൂര്യൻ ഉദിച്ചുതുടങ്ങിയിരിക്കുന്നു.
English Summary:
Writeup about Udhayanidhi stalin
mo-politics-leaders-udayanidhistalin mo-politics-parties-dmk 40oksopiu7f7i7uq42v99dodk2-list firoz-ali mo-politics-leaders-mkstalin mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list rirntsjckgvkubb5f2db0nlqe mo-news-national-states-tamilnadu
Source link