യുക്രെയ്ൻ നഗരത്തിൽ റഷ്യൻ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു
കീവ്: വടക്കൻ യുക്രെയ്ൻ നഗരമായ ചെർണീവിൽ റഷ്യൻ മിസൈലാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. എട്ടു നിലയുള്ള പാർപ്പിടസമുച്ചയത്തിൽ മൂന്നു മിസൈലുകളാണു പതിച്ചത്. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിൽ രണ്ടു കുട്ടികളടക്കം 61 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ കീവിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് ചെർണീവ്. രണ്ടര ലക്ഷം പേർ വസിക്കുന്ന ഈ നഗരം റഷ്യ, ബെലാറൂസ് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. ഇന്നലെ രാവിലെ ടാടാർസ്ഥാൻ, മോർദോവിയ പ്രവിശ്യകളിൽ യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയെന്ന് റഷ്യ അറിയിച്ചു. യുക്രെയ്നിൽ ഇതുവരെ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം 50,000 പിന്നിട്ടുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
റഷ്യൻ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ട മരണക്കണക്കിന്റെ എട്ടിരട്ടിയാണിത്. ബിബിസി റഷ്യൻ, സ്വതന്ത്ര മീഡിയ ഗ്രൂപ്പ് മീഡിയസോണ എന്നിവയാണ് സൈനികരുടെ മരണം കണക്കാക്കിയത്. യുദ്ധത്തിന്റെ രണ്ടാം വർഷം മാത്രം 27,300 സൈനികർ കൊല്ലപ്പെട്ടു. റഷ്യയുടെ പ്രതികരണം വന്നിട്ടില്ല.
Source link