മ്യൂച്ചൽ ഫണ്ട് ഉടമ മരണപ്പെട്ടാൽ യൂണിറ്റുകൾ എങ്ങനെ ക്ലെയിം ചെയ്യും?
മെച്ചപ്പെട്ട ജീവിതമെന്ന പ്രതീക്ഷയിലാണ് പലരും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. എന്നാൽ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നയാളുടെ മരണശേഷം ഈ നിക്ഷേപത്തിന് എന്ത് സംഭവിക്കും? എങ്ങനെ അത് ക്ലെയിം ചെയ്യാനാകും?
കൈമാറ്റം
മരണപ്പെട്ട യൂണിറ്റ് ഉടമയുടെ പേരിലുള്ള യൂണിറ്റുകൾ നോമിനിക്കോ അല്ലെങ്കിൽ നിയമപരമായ അവകാശികൾക്കോ ലഭിക്കും. മ്യൂച്ചൽ ഫണ്ട് കമ്പനികൾക്ക് യൂണിറ്റുകൾ കൈമാറുന്നതിന് ഒരു പൊതു നടപടിക്രമമുണ്ട്. ജോയിന്റ് ഹോൾഡർമാർ ഉണ്ടെങ്കിൽ അവർക്ക് കൈമാറാം. നിക്ഷേപം സംയുക്തമായാണ് നടത്തുന്നതെങ്കിൽ, ആദ്യ ഉടമയുടെ മരണശേഷം അത് രണ്ടാമത്തെ ഉടമയ്ക്ക് കൈമാറും. ജോയിന്റ് ഹോൾഡർ ഇല്ലെങ്കിൽ അത് നോമിനിക്ക് കൈമാറും. റജിസ്റ്റർ ചെയ്ത നോമിനിക്ക് യൂണിറ്റുകൾ കൈമാറ്റം ചെയ്യുന്നതിന് മ്യൂച്ചൽ ഫണ്ട് യൂണിറ്റുകൾ ഒരൊറ്റ നിക്ഷേപകന്റെ പേരിൽ ആയിരിക്കണം. കൈമാറിയ ശേഷം നോമിനിക്ക് നിക്ഷേപം കൈവശം വയ്ക്കാനോ വിൽക്കാനോ സാധിക്കും.
നോമിനിയോ ജോയിന്റ് ഹോൾഡറോ രേഖകൾ സഹിതം യൂണിറ്റുകൾ ഇഷ്യൂ ചെയ്ത മ്യൂച്ചൽ ഫണ്ടിന് ഇതിനായി അപേക്ഷ നൽകണം.
അപേക്ഷകൾ, സത്യവാങ്മൂലങ്ങൾ, മറ്റ് സമർപ്പിക്കലുകൾ എന്നിവയ്ക്ക് സ്റ്റാൻഡേർഡ് ഫോർമാറ്റുകൾ ഉണ്ട്. അവ മ്യൂച്ചൽ ഫണ്ട് കമ്പനികളുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഈ രേഖകൾ സമർപ്പിച്ചാൽ 30 ദിവസത്തിനകം യൂണിറ്റുകൾ നോമിനിക്ക് കൈമാറാം.
മരണമടഞ്ഞ യൂണിറ്റ് ഉടമയുടെ നിയമപരമായ അവകാശികൾക്കുള്ള കൈമാറ്റം സംബന്ധിച്ച് തർക്കം ഉണ്ടെങ്കിൽ, തർക്കം പരിഹരിക്കപ്പെടുന്നതുവരെ നിക്ഷേപങ്ങൾ നോമിനിയുടെ കൈവശമായിരിക്കും. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (മ്യൂച്വൽ ഫണ്ട്സ്) റെഗുലേഷൻസ്, 1996 അനുസരിച്ച് മ്യൂച്ചൽ ഫണ്ട് ഉടമയുടെ മരണശേഷം നോമിനിക്ക് മ്യൂച്ചൽ ഫണ്ട് നിക്ഷേപം ലഭിക്കും. എന്നാൽ നിയമപരമായ അവകാശികൾ ഉണ്ടെങ്കിൽ ക്ലെയിം ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്.
ഒരു ഫണ്ടിനായി ഒന്നിലധികം നോമിനികൾ ഉണ്ടായാൽ ഓരോ നോമിനിയ്ക്കും ഫണ്ട് യൂണിറ്റുകൾ ഭാഗിച്ചു നൽകും. ജോയിൻ്റ് ഹോൾഡർമാരോ നോമിനികളോ ഇല്ലെങ്കിൽ, നിക്ഷേപങ്ങൾ മരണപ്പെട്ടയാളുടെ നിയമപരമായ അവകാശികൾക്ക് കൈമാറ്റം ചെയ്യപ്പെടും.
വേണ്ട രേഖകകൾ
∙നോട്ടറി അല്ലെങ്കിൽ ഗസറ്റ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ് വേണം
∙അവകാശി പാൻ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം
∙ ബാങ്ക് മാനേജർ സാക്ഷ്യപ്പെടുത്തിയ ബാങ്ക് വിശദാംശങ്ങൾ, കാൻസൽ ചെയ്ത ചെക്ക് സഹിതം നൽകണം
∙അക്കൗണ്ട് നമ്പറും KYC നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന്റെ രേഖകളും വേണം
∙തുക 2 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, നോമിനിയുടെ ഒപ്പ് ഒരു നോട്ടറിയോ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് (ജെഎംഎഫ്സി)യോ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
∙നോമിനി മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തിയാണെങ്കിൽ കോടതി നിയമിച്ച രക്ഷിതാവ്, മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
∙മരണപ്പെട്ടയാളുടെ മരണ സർട്ടിഫിക്കറ്റ്, പ്രായപൂർത്തിയാകാത്തയാളുടെ ജനന സർട്ടിഫിക്കറ്റ്, വിൽ, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ്, അഡ്മിനിസ്ട്രേഷൻ കത്ത് തുടങ്ങി ക്ലെയിം തീർപ്പാക്കുന്നതിനായി സമർപ്പിച്ച എല്ലാ അനുബന്ധ രേഖകളുടെയും പകർപ്പുകൾ ഒരു നോട്ടറിയോ ഗസറ്റ്ഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയിരിക്കണം.
∙ഒരാളുടെ മരണശേഷം എംഎഫ് ഹോൾഡിങുകൾ കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, നോമിനി നികുതിയൊന്നും നൽകേണ്ടതില്ല. യൂണിറ്റുകൾ വിൽക്കുന്ന സമയത്ത് മാത്രമേ നികുതി ബാധ്യത ഉണ്ടാകൂ.
നിക്ഷേപ രേഖകളിൽ നിയമപരമായ അവകാശികളെ നൽകേണ്ടത് വളരെ പ്രധാനമാണ്. നോമിനിയുടെ പേരും, വിൽപത്രവുമായിരിക്കും മ്യൂച്ചൽ ഫണ്ട് യൂണിറ്റുകൾ കൈമാറുന്നതിനുള്ള ഒരു പ്രധാന രേഖ
Source link