ഇസ്രേലി ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തു
ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം മുർച്ഛിക്കുന്നതിനിടെ ഇസ്രേലി ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന കണ്ടെയ്നർ കപ്പൽ ഇറാൻ സേന പിടിച്ചെടുത്തു. ഹോർമുസ് കടലിടുക്കിൽവച്ച് ഇറേനിയൻ വിപ്ലവഗാർഡുകൾ ഹെലികോപ്റ്ററിലെത്തി കപ്പലിൽ ഇറങ്ങുകയായിരുന്നു. കപ്പൽ ഇറാനിലേക്ക് കൊണ്ടുപോയി. കപ്പലിലുള്ള 25 ജീവനക്കാരിൽ രണ്ടു മലയാളികൾ അടക്കം 17 പേർ ഇന്ത്യക്കാരാണ്. സിറിയയിലെ എംബസി ആക്രമണത്തിന്റെ പേരിൽ ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരിക്കെയാണു പുതിയ സംഭവവികാസം. അതേസമയം, മേഖലയിൽ സംഘർഷം വർധിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ഇറാൻ നേരിടേണ്ടിവരുമെന്ന് ഇസ്രേലി സേന പത്രക്കുറിപ്പിൽ പ്രതികരിച്ചു. കപ്പൽ ജീവനക്കാരെ സുരക്ഷിതമായി മോചിപ്പിക്കുന്നതിന് ഇറാനുമായി നയതന്ത്രതലത്തിൽ ബന്ധപ്പെടുന്നതായി ഇന്ത്യൻ വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പോർച്ചുഗലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കപ്പലിന് ഇസ്രേലി ശതകോടീശ്വരൻ ഇയാൽ ഓഫെറുമായി ബന്ധമുണ്ട്. എംഎസ്സി കന്പനി പ്രവർത്തിപ്പിക്കുന്ന കപ്പൽ, ഓഫെറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് മരിടൈം എന്ന കന്പനിയുമായി ബന്ധമുള്ള ഗോർട്ടൽ ഷിപ്പിംഗിൽനിന്നു പാട്ടത്തിനെടുത്തതാണ്. മെഡിറ്ററേനിയനിലേക്ക് രണ്ട് യുഎസ് യുദ്ധക്കപ്പലുകൾ വാഷിംഗ്ടൺ ഡിസി: ഇറാന്റെ ആക്രമണം ഉടനുണ്ടായേ ക്കുമെന്ന ആശങ്കയ്ക്കിടെ ഇസ്രയേലിനെ സഹായിക്കാനായി അമേരിക്ക രണ്ട് യുദ്ധക്കപ്പലുകൾകൂടി കിഴക്കൻ മെഡിറ്ററേനിയനിലേക്ക് അയച്ചു. യെമനിലെ ഹൂതികൾ ചരക്കുകപ്പലുകൾ ആക്രമിക്കുന്നതു തടയാൻ ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് കാർനി എന്ന ഡിസ്ട്രോയർ കപ്പലാണ് ഇതിലൊന്ന്.
പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കുന്നതു തടയാൻ നയതന്ത്രതലത്തിലും യുഎസ് നീക്കങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. ഇറാനു സന്ദേശങ്ങൾ നൽകാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം ഇല്ലാത്തതിനാൽ സ്വിറ്റ്സർലൻഡ് മുഖേനയാണു സന്ദേശം നൽകാൻ ശ്രമിക്കുന്നത്. ഇസ്രയേൽ, സൗദി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുമായും അമേരിക്കൻ വൃത്തങ്ങൾ ബന്ധപ്പെടുന്നുണ്ട്. ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറേനിയൻ എംബസി ആക്രമിച്ച് സൈനിക കമാൻഡർമാർ അടക്കം 13 പേരെ വധിച്ച ഇസ്രയേലിനോടു പ്രതികാരം ചെയ്യുമെന്നാണ് ഇറാൻ പറയുന്നത്. 24 മണിക്കൂറിനുള്ളിൽ ഇറേനിയൻ ആക്രമണം ഉണ്ടാകുമെന്നാണ് ഇന്നലെ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രണ്ടായിരം കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂസ്, ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ പക്കലുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും ഇറാനു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രയേലിനെ ആക്രമിക്കുന്ന കാര്യത്തിൽ ഇറാനുള്ള സന്ദേശം എന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “അരുത്” എന്നാണ് ബൈഡൻ മറുപടി നൽകിയത്.
Source link