ഇറാൻ: മുൻകരുതലുമായി അമേരിക്കയും ബ്രിട്ടനും
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിനു നേർക്ക് ഇറാന്റെ ആക്രമണം ആസന്നമെന്ന റിപ്പോർട്ടുകൾക്കിടെ മുൻകരുതലുമായി പാശ്ചാത്യ ശക്തികൾ. അമേരിക്ക ഇസ്രയേലിലുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥർക്കു യാത്രാ മുന്നറിയിപ്പു നല്കി. ജറൂസലെം, ടെൽ അവീവ്, ബേർഷെബ എന്നീ നഗരങ്ങൾക്കു പുറത്തു പോകരുതെന്നും പോകണമെന്നുണ്ടെങ്കിൽ വലിയ ജാഗ്രത പുലർത്തണമെന്നുമാണ് എംബസി ജീവനക്കാരോടു നിർദേശിച്ചിരിക്കുന്നത്. ഇറാനിൽനിന്ന് ആക്രമണം ഉണ്ടാകാമെന്നും ഇതു പശ്ചിമേഷ്യാ സംഘർഷം വർധിപ്പിക്കാൻ ഇടയാക്കുമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഫ്രാൻസ് ഇറാനിലുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചുമാറ്റാൻ തുടങ്ങി. ഫ്രഞ്ച് പൗരന്മാർ വരുംദിവസങ്ങളിൽ ഇറാൻ, ലബനൻ, ഇസ്രയേൽ, പലസ്തീൻ പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. റഷ്യയും സമാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജർമനിയിലെ ലുഫ്താൻസ എയർലൈൻസ് ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള സർവീസുകൾ ശനിയാഴ്ച വരെ നിർത്തിവച്ചിരിക്കുകയാണ്. ഏപ്രിൽ ഒന്നിന് സിറിയയിലെ എംബസി ആക്രമിച്ച് ഉന്നത കമാൻഡർമാർ അടക്കം 13 വരെ വധിച്ച ഇസ്രയേലിനു തിരിച്ചടി നല്കാൻ ഇറാൻ തയാറെടുത്തുവെന്നാണു റിപ്പോർട്ടുകൾ. ഇറാൻ നേരിട്ടോ ഹിസ്ബുള്ള പോലുള്ള ഭീകരസംഘടനകളെ ഉപയോഗിച്ചോ ഇസ്രയേലിനു നേർക്ക് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുമെന്നാണു സൂചന. ഇസ്രേലി എംബസി ആക്രമിക്കാനും സാധ്യതയുണ്ട്. ലോകമെന്പാടുമായി 28 നയതന്ത്ര കാര്യാലയങ്ങളുടെ പ്രവർത്തനം ഇസ്രയേൽ നിർത്തിവച്ചു. പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കാത്ത വിധത്തിൽ പരിമിതമായ ആക്രമണമായിരിക്കും ഇറാൻ നടത്തുകയെന്നും റിപ്പോർട്ടുണ്ട്. ജർമൻ വിദേശകാര്യമന്ത്രി അന്നലേന ബെർബോക്കുമായി ഫോണിൽ സംസാരിച്ച ഇറേനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ ഇക്കാര്യം സൂചിപ്പിച്ചുവത്രേ.
ഇസ്രയേലിനെ ആക്രമിക്കാൻ മുതിരുന്ന ഏതു രാജ്യത്തിനും ശക്തമായ തിരിച്ചടി നല്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നല്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിന് അമേരിക്കയുടെ ഉറച്ച പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസിന്റെ പശ്ചിമേഷ്യാ സൈനിക കമാൻഡർ എറിക് കുറിള്ള ഇസ്രയേലിലേക്കു തിരിച്ചു. മുൻകൂട്ടി നിശ്ചയിച്ച യാത്ര ഇറേനിയൻ ഭീഷണിയുടെ പശ്ചാത്തലത്തിൽ നേരത്തേയാക്കുകയായിരുന്നു. പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കാതിരിക്കാനുള്ള നീക്കങ്ങൾ നയതന്ത്ര തലത്തിലും ഊർജിതമായി നടക്കുന്നുണ്ട്. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറോൺ ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ദുള്ളാഹിയാനുമായി ഫോണിൽ സംസാരിച്ചു. അബദ്ധത്തിലുള്ള നടപടികൾ സംഘർഷം വർധിപ്പിക്കുമെന്ന് ഇറേനിയൻ മന്ത്രിയോട് കാമറോൺ വിശദീകരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈന, സൗദി, തുർക്കി വിദേശകാര്യമന്ത്രിമാരുമായി സംസാരിക്കുകയും സംഘർഷം വ്യാപിക്കുന്നത് ആർക്കും നല്ലതിനല്ലെന്നു മുന്നറിയിപ്പു നല്കുകയും ചെയ്തു. പശ്ചിമേഷ്യാ വിഷയത്തിൽ അമേരിക്ക ക്രിയാത്മക നടപടികൾക്കു തയാറാകണമെന്നാണ് ചൈന പ്രതികരിച്ചത്. ഇറേനിയൻ എംബസിക്കു നേരേ നടന്ന ആക്രമണത്തെ ചൈന അപലപിക്കുകയും ചെയ്തു.
Source link