റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ നിരാശാജനകമായ പ്രകടനത്തിന് കാരണമെന്ത്…?
ആളും ആരവവും ആവോളമുണ്ട്… പക്ഷേ, ഒന്നും അങ്ങ് ശരിയാകുന്നില്ല… അതെ, ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്ന ടീമിനെ കുറിച്ച് ഇതിൽ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ല. കഴിഞ്ഞ 16 സീസണിലും ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ഏക ഐപിഎൽ ടീമാണ് ആർസിബി. മൂന്ന് തവണ ഐപിഎൽ ഫൈനലിൽ (2009, 2011, 2016) കളിച്ചത് മാത്രമാണ് ആർസിബിയുടെ ഇതുവരെയുള്ള നേട്ടം. 2023 സീസണിൽ പ്ലേ ഓഫ് കണ്ടില്ല. 2024 സീസണിലും ചരിത്രം ആവർത്തിക്കുകയാണ് ആർസിബി. കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും തോൽവി, ഒരു ജയത്തിലൂടെ ലഭിച്ച രണ്ട് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ടീം ഇപ്പോൾ. സീസണിലെ ആറാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു മുന്നിൽ ഏഴ് വിക്കറ്റ് തോൽവി വഴങ്ങിയത് ആർസിബിയുടെ മനോബലത്തിനു ക്ഷതമേൽപ്പിച്ചെന്നത് വാസ്തവം. കാരണം, 20 ഓവറിൽ 196/8 എന്ന സ്കോർ പടുത്തുയർത്തിയിട്ടും ജയിക്കാൻ ആർസിബിക്കു സാധിച്ചില്ല. മുംബൈയുടെ തട്ടകമായ വാങ്കഡെയിൽ ആർസിബിയുടെ തുടർച്ചയായ ആറാം തോൽവിയാണ്. 2015നുശേഷം വാങ്കഡെയിൽ ആർസിബിക്കു ജയിക്കാൻ സാധിച്ചിട്ടില്ല എന്നത് ഇത്തവണയും തുടർന്നു. 17-ാം സീസണിൽ തുടർച്ചയായ മൂന്ന് തോൽവിക്കുശേഷം മുംബൈ ഇന്ത്യൻസ് രണ്ട് ജയത്തിലൂടെ ആരാധകരെ സന്തോഷിപ്പിക്കുന്നതിനിടെയാണ് ആർസിബിയുടെ തുടർച്ചയായ നാലാം പരാജയം എന്നതും മറ്റൊരു യാഥാർഥ്യം… മാറേണ്ടത് എവിടെ ? ആർസിബിയുടെ പ്ലേയിംഗ് ഇലവൻ തെരഞ്ഞെടുപ്പിൽ അപാകതയുണ്ടെന്ന് തെളിയിക്കുന്നതാണ് അവരുടെ ഓരോ തോൽവിയും. വിരാട് കോഹ്ലിക്ക് ഉറച്ച പിന്തുണ നൽകാൻ ബാറ്റർമാർക്കു സാധിക്കുന്നില്ല. ഗ്ലെൻ മാക്സ്വെൽ തുടർ പരാജയമാകുന്പോൾ ഫാഫ് ഡുപ്ലെസി മുംബൈക്കെതിരേ 61 റണ്‍സ് എടുത്തെന്ന് ആശ്വസിക്കാം.
കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മികച്ച പ്രകടനം നടത്തിയ വിജയകുമാർ വൈശാഖിനെ (4-0-23-1) പിന്നീട് മുംബൈക്കെതിരേ മാത്രമാണ് (3-0-32-1) കളിപ്പിച്ചത്. ആക്രമിച്ചു കളിക്കുന്ന മഹിപാൽ ലോംറോറിനും കാര്യമായ പരിഗണന നൽകുന്നില്ല. ഇതിനെല്ലാം പുറമേ ലോക്കി ഫെർഗൂസണ് എന്ന പേസ് ബൗളറെ ഇതുവരെ പരീക്ഷിക്കാൻ ആർസിബി തയാറായിട്ടില്ല. റീസ് ടോപ്ലി, മുഹമ്മദ് സിറാജ്, ലോക്കി ഫെർഗൂസണ് പേസ് ത്രയത്തെ പരീക്ഷിക്കാനുള്ള സമയം അതിക്രമിച്ചെന്നു ചുരുക്കം. ആർസിബിയുടെ നിലവിലെ ഏറ്റവും വലിയ ബാധ്യത ഗ്ലെൻ മാക്സ്വെല്ലാണ്. ആറ് മത്സരത്തിലും ഇറങ്ങിയെങ്കിലും നേടിയത് വെറും 32 റണ്‍സ് മാത്രം. മൂന്ന് തവണ പൂജ്യത്തിനു പുറത്താകുകയും ചെയ്തു. ഈ ബൗളിംഗ് പോരാ… “ഞങ്ങൾക്ക് ബൗളിംഗിൽ ആവശ്യത്തിന് ആയുധമില്ല. 220 റണ്‍സ് നേടിയാൽ മാത്രമേ ചെറിയ ജയ സാധ്യതയുള്ളൂ.” മുംബൈ ഇന്ത്യൻസിന് എതിരേ തോറ്റതിനു ശേഷം ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി പറഞ്ഞതാണിത്. 196 റണ്‍സ് എടുത്തിട്ടും 27 പന്ത് ബാക്കിനിൽക്കേയാണ് ആർസിബി തോൽവി സമ്മതിച്ചത്. ഈ സീസണിൽ 180ൽ അധികം റണ്‍സ് നേടിയിട്ടും അത് പ്രതിരോധിക്കാൻ ആർസിബിക്കു സാധിക്കാത്തത് ഇതാദ്യമല്ല. അത്രയ്ക്ക് ദയനീയമാണ് ആർസിബിയുടെ ബൗളിംഗ്. മുഹമ്മദ് സിറാജും റീസ് ടോപ്ലിയും റണ്‍സ് വഴങ്ങുന്നതിൽ പിശുക്ക് കാണിക്കാത്തതും വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയപ്പെടുന്നതുമാണ് ടീമിന്റെ യഥാർഥ തലവേദന. ആറ് ഇന്നിംഗ്സിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പെടെ 319 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ ഫോമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഏക ആശ്വാസം.
Source link