BUSINESS

റാക്കൊഡെല്ല, മുംബൈയുടെയും ബെംഗളൂരുവിന്റെയും ഈ പ്രിയ ചോക്ലേറ്റ് പിറന്നത് തൊടുപുഴയിൽ!


നാവിലലിയുന്ന ചോക്ലേറ്റ് രുചിയിൽ മതിമറക്കാത്തവർ ആരുമുണ്ടാവില്ല. വർണ്ണക്കടലാസിൽ പൊതിഞ്ഞ ചോക്ലേറ്റ് രുചിച്ച് നടന്ന് പിന്നീട് അതിൽ തന്നെ സ്വന്തം ബിസിനസ് കെട്ടിപ്പടുക്കിയ രണ്ട് സഹോദരങ്ങളുണ്ട് തൊടുപുഴയിൽ. ബെൽജിയം ചോക്ലേറ്റ് പോലെ പ്രീമിയം ചോക്ലേറ്റ് കേരളത്തിൽ നിർമ്മിക്കുകയും അതിന് ഇന്ത്യയിലൊട്ടാകെ വിപണി കണ്ടെത്തുകയും ചെയ്ത മുപ്പത് വയസ് തികയാത്ത രണ്ട് മിടുക്കന്മാർ, ഔസേപ്പച്ചനും കുര്യച്ചനും. അവരുടെ സ്വന്തം ‘റാക്കൊഡെല്ല’ എന്ന ചോക്ലേറ്റ് ബ്രാൻഡ് ഉണ്ടായ കഥയറിയാം. 
ചോക്ലേറ്റിന്റെ ലോകത്തേക്ക്

തൊടുപുഴ ഏഴുമുട്ടത്താണ് ഔസേപ്പച്ചന്റെയും കുര്യച്ചന്റെയും നാട്. തൊടുപുഴക്കാർക്ക് ഏറെ പരിചിതമായ മിൽക്കി വൈറ്റ് എന്ന ഐസ്ക്രീം ബ്രാൻഡിന്റെ അമരക്കാരായ ജോൺസൺ ജോസഫും അധ്യാപിക കൂടി ആയ ടീഷ ജോൺസണിന്റെയും മക്കൾ. കുട്ടിക്കാലം അച്ഛന്റെ ഐസ്ക്രീം ഫാക്ടറിയിലും കടയിലുമൊക്കെയായിരുന്നു ഇരുവരും. വലുതാകുമ്പോൾ അച്ഛനെ പോലെ എന്തെങ്കിലും സ്വന്തമായി തുടങ്ങണം എന്ന ആശ ആദ്യം വന്നത് ഇളയവനായ കുര്യച്ചനാണ്. അച്ഛന്റെ കടയിൽ ഐസ്ക്രീം കഴിക്കാൻ വന്നിരുന്ന ലൂക്ക എന്ന സായിപ്പുമായി ഔസേപ്പച്ചനും കുര്യച്ചനും കൂട്ടായിരുന്നു. ബെൽജിയത്ത് നിന്നുള്ള ലൂക്കയ്ക്ക് ഇടുക്കിയിലെ കൊക്കോ കർഷകരിൽ നിന്ന് ഗുണമേന്മയേറിയ കൊക്കോ ബീൻസ് ശേഖരിച്ച് ശാസ്ത്രീയമായി ഉണക്കിയെടുക്കാനായി ഒരു പ്ലാന്റ് ഉണ്ടായിരുന്നു തൊടുപുഴയിൽ. ഗുണനിലവാരമേറിയ പ്രീമിയം ചോക്ലേറ്റ് ഉണ്ടാക്കാൻ ഈ കൊക്കോബീൻസ് വിദേശത്തേക്ക് കയറ്റി അയക്കുകയായിരുന്നു ലൂക്ക. 

തേവര സേക്രട്ട് ഹാർട്ട് കോളേജിൽ ഡിഗ്രിയും ചങ്ങനാശേരി എസ്.ബി കോളേജിൽ പി.ജിയും പൂർത്തിയാക്കിയ ശേഷം എന്ത് ബിസിനസ് എന്നാലോചിച്ചപ്പോൾ ആദ്യം ലൂക്കയുടെ മുഖമാണ് കുര്യച്ചന്റെ മനസിൽ തെളിഞ്ഞത്. എന്നാൽ, ഇന്ത്യയിൽ പ്രീമിയം ചോക്ലേറ്റിന് മാർക്കറ്റില്ല എന്ന് അദ്ദേഹം പറഞ്ഞ് അദ്ദേഹം തടഞ്ഞു. എങ്കിലും പ്രീമിയം ചോക്ലേറ്റിന്റെ നിർമാണം പഠിപ്പിക്കാൻ അദ്ദേഹം തയ്യാറായി. തന്റെ വാചകമടിയിൽ വിപണി ഉണ്ടാക്കാനാകും എന്നായിരുന്നു കുര്യച്ചന്റെ പ്രതീക്ഷ. അങ്ങനെ വാഴക്കുളം വിശ്വജോതി കോളേജ് ഒഫ് എൻജിനീയറിങിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് പൂർത്തിയാക്കിയിരിക്കുന്ന സഹോദരൻ ഔസേപ്പച്ചനെയും കൂട്ടുപിടിച്ച് ചോക്ലേറ്റ് ഫാക്ടറിയ്ക്ക് തുടക്കം കുറിച്ചു. അച്ഛനും അദ്ദേഹത്തിന്റെ സഹോദരൻ റാബിൻ മാത്യുവും മുടക്കുമുതലിന്റെ പാതി നൽകി. ബാക്കി ലോണെടുത്തു. അങ്ങനെ 35 ലക്ഷം രൂപയ്ക്ക് ഫാക്ടറി തുടങ്ങി. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ചെടുത്ത ഫാക്ടറിയിൽ ചേട്ടനും അനിയനും തൊഴിലാളികളുമായി. പാലിന്റെയും പഞ്ചസാരയുടെയും കൊക്കോയുടെയും അളവ് വ്യത്യാസപ്പെടുത്തി 30, 40, 50, 60, 70, 80 ശതമാനം കൊക്കോ ചേർത്ത് പലതരം ചോക്ലേറ്റ് ബാറുകൾ ഉണ്ടാക്കി പഠിച്ചു. ചേരുവയും രുചിയും പാകമായപ്പോൾ ഫിന്നിഷ് ഭാഷയിൽ സ്നേഹപൂർവ്വം ( വിത്ത് ലവ്) എന്ന് അർത്ഥം വരുന്ന റക്കൊഡെല്ല എന്ന പേരിട്ട് ബ്രാൻഡ് ആക്കി. അങ്ങനെ കോവിഡ് കാലത്ത്, 2020ൽ കേരളത്തിൽ നിന്നുള്ള പ്രീമിയം ചോക്ലേറ്റ് റാക്കൊഡെല്ല ചോക്ലേറ്റുകൾ വിപണിയിലിറങ്ങി.

വിജയമധുരത്തിലേക്ക്
സാധാരണ ചോക്ലേറ്റുകളിൽ കൊക്കോ ബീൻസ് പൊടിയോടൊപ്പം പഞ്ചസാര, പാൽ എന്നിവയ്ക്ക് പുറമേ പാം ഓയിലോ മറ്റ് സസ്യ എണ്ണകളോ ചേർത്താണ് ചോക്ലേറ്റ് നിർമ്മിക്കുക. എന്നാൽ, ലൂക്ക വളരെ ശാസ്ത്രീയമായി ഉണക്കിയെടുക്കുന്ന കൊക്കോബീൻസിൽ മറ്റു സസ്യഎണ്ണകളൊന്നും ചേർക്കാതെ, അതിൽ നിന്ന് ഊറിവരുന്ന കൊക്കോബട്ടറിലാണ് ചോക്ലേറ്റ് ഉണ്ടാക്കുന്നത്. വളരെ ഗുണനിലവാരമുള്ള കൊക്കോ ആയതിനാൽ കയ്പ് രുചിയും കുറവാണ്. അതിനാൽ പഞ്ചസാരയും അധികം ചേർക്കേണ്ടതില്ല. ആസിഡ് വാഷ് അല്ലാത്തതിനാൽ കൊക്കോ ഇരുണ്ട് പോകുന്നുമില്ല. ആരോഗ്യത്തിന് ദോഷം ചെയ്യാത്ത, കൊക്കോയുടെ യഥാർത്ഥ മണവും രുചിയും അടങ്ങിയ ചോക്ലേറ്റ് വിപണിയിലെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു സഹോദരങ്ങൾ. എന്നാൽ, പ്രീമിയം ചോക്ലേറ്റുകൾ കേരളത്തിൽ വിറ്റുപോകില്ല എന്ന ലൂക്ക പറഞ്ഞത് സത്യമാണെന്ന് തോന്നിയ ദിനങ്ങളായിരുന്നു റാക്കൊഡെല്ലയുടെ ആദ്യവർഷം. ചോക്ലേറ്റും കൊണ്ട് നൂറുപേരെ കണ്ടാൽ 80 പേരും വേണ്ട എന്ന് പറയുന്ന അവസ്ഥ. തങ്ങളെ സ്വീകരിച്ച ബാക്കി 20 ശതമാനം പേരിൽ വിശ്വാസമർപ്പിച്ച് അവർ ചോക്ലേറ്റ് നിർമ്മാണം നിർത്തിയില്ല.. കേരളത്തിന് പുറത്ത് വിപണിയുണ്ടാകുമോ എന്ന അവരുടെ അന്വേഷണം റാക്കൊഡെല്ലയുടെ തലവര മാറ്റിമറിച്ചു. കാണാൻ പോയ നൂറിൽ നൂറ് പേരും അവരെ സ്വീകരിച്ചു. വിജയിക്കാനാകുമെന്ന് വിശ്വാസം നൽകിയ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്.

ഇന്ത്യയിലെ മറ്റുനഗരങ്ങളിലെ പ്രീമിയം റസ്റ്ററന്റുകളിലും ബേക്കറികളിലും റക്കൊഡെല്ല ചോക്ലേറ്റ് സ്ഥാനം പിടിച്ചു. ആവശ്യക്കാർ ഏറി വന്നു. മുടക്കുമുതൽ കഴിഞ്ഞ് ലഭിച്ച ലാഭം മുഴുവൻ തിരികെ കമ്പനിയിലേക്ക് ഇട്ട് അടുത്ത ഘട്ടത്തിലേക്ക് കടന്നു. ചോക്ലേറ്റ് ബാറുകൾക്ക് പുറമെ കേക്ക് പോലുള്ള പലഹാരങ്ങൾക്ക് വേണ്ടിയുള്ള ചോക്ലേറ്റ് ആയിരുന്നു അടുത്ത ഉത്പന്നം. എന്നാൽ, കേരളത്തിൽ ആ ചോക്ലേറ്റിനും ആവശ്യക്കാർ കുറവായിരുന്നു. ചോക്ലേറ്റ് ബാർ പോലെ മറ്റുനഗരങ്ങളിൽ ഇവ വിജയിക്കുമോ എന്ന പരീക്ഷിക്കാനായി കൊണ്ടു പോയി. മുംബൈയിലെയും ബെംഗളൂരുവിലെയും കഫെകളിൽ ബേക്കിങിനായി നിൽക്കുന്നവരിൽ പലരും വിദേശത്ത് നിന്നുള്ളവരായിരുന്നു. പ്രീമിയം ചോക്ലേറ്റ് കൃത്യമായി ഉരുക്കേണ്ടതിന്റെ പാകമറിയുന്നവർ. അവർ ഈ ചോക്ലേറ്റ് തങ്ങളുടെ കേക്കുകളിലും മറ്റ് പലഹാരങ്ങളിലും ഉപയോഗിക്കുക മാത്രമല്ല, അതിന് വേണ്ടി തങ്ങളുടെ റെസിപ്പികളിൽ മാറ്റം വരുത്താൻ പോലും തയ്യാറായി! ഇപ്പോൾ തിരുവനന്തപുരം താജ് ഹോട്ടൽ ഉൾപ്പെടെ ഇന്ത്യയിലെ മുന്തിയ പല ഹോട്ടലുകളിലും ബേക്കിങ് പലഹാരങ്ങളിൽ ഉപയോഗിക്കുന്നത് റാക്കൊഡെല്ലയുടെ ചോക്ലേറ്റാണ്.

ചോക്ലേറ്റ് കഫെ

പലഹാരങ്ങൾക്ക് തങ്ങളുടെ ചോക്ലേറ്റ് ചേരും എന്ന് കേരളത്തിൽ തെളിയിക്കണമെന്ന് ഔസേപ്പച്ചനും കുര്യച്ചനും വാശിയുണ്ടായിരുന്നു. അങ്ങനെ കൊച്ചി പനമ്പിള്ളി നഗറിൽ റാക്കൊഡെല്ല ചോക്ലേറ്റ്സ് എന്ന കഫെയ്ക്ക് തുടക്കമിട്ടു. ചോക്ലേറ്റ് ബാറുകൾക്ക് പുറമെ ആളുകളുടെ ഇഷ്ടത്തിന് അനുസരിച്ച് ചോക്ലേറ്റിന്റെ അളവ് തിരഞ്ഞെടുത്ത് കഴിക്കാവുന്ന ബേക്കിങ് പലഹാരങ്ങളുമുണ്ട് ഇവിടെ. മൈദയോ മറ്റു പൊടികളോ ചേർക്കാത്ത പൂർണ്ണമായും ചോക്ലേറ്റ് കൊണ്ടുമാത്രം നിർമ്മിച്ച കേക്ക് സിഗ്നേച്ചർ ഐറ്റം ആണ്. 70 ശതമാനം കൊക്കോ ചേർന്ന ബ്രൗണി, 100 ശതമാനം ചോക്ലേറ്റ് മാത്രം ചേർന്ന ഐസ്ക്രീം, കോൾഡ് ചോക്ലേറ്റ് കോഫി, എന്നിങ്ങനെ ചോക്ലേറ്റിന്റെ പലവിധ രുചികൾ ഇവിടെയുണ്ട്. 
മൂന്നുഘട്ടങ്ങളിലായി റാക്കൊഡെല്ലയ്ക്കായി 80 ലക്ഷത്തോളം രൂപ ഇതുവരെ നിക്ഷേപം നടത്തിയിട്ടുണ്ട്. സ്റ്റാർട്ടപ്പിന്റെ ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് സഹായം ലഭിച്ചിരുന്നു. ലഭിക്കുന്ന ലാഭം തിരികെ നിക്ഷേപിച്ച് ബിസിനസ് വളർത്തുകയാണ് ഇരുവരും.  ലൂക്കയ്ക്കൊപ്പം ചേർന്ന് കുറച്ച് സ്ഥലത്ത് പ്രീമിയം ക്വാളിറ്റി കൊക്കോ ചെടികൾ വളർത്തിയെടുക്കാനുള്ള ശ്രമം തുടങ്ങി. ഫാക്ടറിയിലും കഫെയിലും രണ്ട് വീതം 4 ജീവനക്കാരാണ് ഇപ്പോൾ. 


Source link

Related Articles

Back to top button