അമ്മാവിൻ ചെല്ലപ്പിള്ളൈപ്പോര്; തേനിയിൽ സ്ഥാനാർഥികൾക്കിപ്പോഴും ശരണം ജയലളിത
അമ്മാവിൻ ചെല്ലപ്പിള്ളൈപ്പോര്; തേനിയിൽ സ്ഥാനാർഥികൾക്കിപ്പോഴും ശരണം ജയലളിത – loksabha elections 2024: Theni constituency analysis | Malayalam News, India News | Manorama Online | Manorama News
അമ്മാവിൻ ചെല്ലപ്പിള്ളൈപ്പോര്; തേനിയിൽ സ്ഥാനാർഥികൾക്കിപ്പോഴും ശരണം ജയലളിത
ഫിറോസ് അലി
Published: April 10 , 2024 03:17 AM IST
Updated: April 10, 2024 04:13 AM IST
1 minute Read
ജയലളിതയുടെ പഴയ ആശ്രിതർ പോരടിക്കുന്ന തേനിയിൽ സ്ഥാനാർഥികൾക്കിപ്പോഴും ശരണം അമ്മ
തേനിയിലെ അമ്മ മക്കൾ മുന്നേറ്റ കഴകം സ്ഥാനാർഥി ടി.ടി.വി.ദിനകരൻ പ്രചാരണത്തിൽ
കയ്യടി കൂടുതൽ കിട്ടുന്ന നമ്പർ അവസാനത്തേക്കു മാറ്റിവയ്ക്കുന്ന മജിഷ്യനെപ്പോലെയാണു പ്രചാരണ വേദിയിലെ ടി.ടി.വി.ദിനകരൻ.കണ്ണീരും ചിരിയും വാഗ്ദാനങ്ങളും വാരിവിതറിയ പ്രസംഗത്തിനൊടുവിലാണ് ക്ലൈമാക്സ് നമ്പർ. പ്രഷർ കുക്കർ ഉയർത്തിക്കാട്ടി പഞ്ച് ഡയലോഗ്.‘ഇത് അമ്മാവിൻ ആശി പെറ്റ ചിഹ്നം, നമത് വെട്രി ചിഹ്നം’. (ഇത് ജയലളിതയുടെ അനുഗ്രഹമുള്ള ചിഹ്നം. നമ്മുടെ വിജയ ചിഹ്നം). അകമ്പടിയായി വൻ കരഘോഷം. ‘മക്കൾ സെൽവൻ വാഴ്ക’ വിളികൾ.
ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ സഹോദരീ പുത്രനും അമ്മ മക്കൾ മുന്നേറ്റ കഴകം സ്ഥാപകനുമായ ടി.ടി.വി.ദിനകരൻ തേനിയിൽ ബിജെപി സഖ്യത്തിന്റെ സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. ദിനകരന്റെ ‘അരുമ നൻപനായിരുന്ന’ മുൻ എംഎൽഎ തങ്കത്തമിഴ്‌സെൽവനാണു ഡിഎംകെ സ്ഥാനാർഥി. അണ്ണാഡിഎംകെയുടെ വി.ടി.നാരായണസാമിയും നാം തമിഴർ കക്ഷിയുടെ ജെ.മാദനും ചേരുമ്പോൾ ചിത്രം പൂർണം.
തമിഴകം അടക്കി ഭരിച്ചിരുന്ന ജയലളിതയെന്ന പേര് ഏറ്റവും കൂടുതൽ മുഴങ്ങുന്ന മണ്ഡലം തേനിയാണ്. ദിനകരനും തങ്കത്തമിഴ്‌സെൽവനും ജയയുടെ വിശ്വസ്തരായിരുന്നവർ. ‘അമ്മാവിൻ ചെല്ലപ്പിള്ളൈകൾ’ തമ്മിലാണു തേനിപ്പോര്. പെരിയകുളമെന്നായിരുന്നു തേനി മണ്ഡലത്തിന്റെ പഴയ പേര്. അവിടെ എംപിയായിരുന്ന ദിനകരൻ രാഷ്ട്രീയത്തിൽ പെരിയ കളികളുടെ ആശാനാണ്. ജയലളിത എംപിയും പാർട്ടിയുടെ ട്രഷററുമാക്കിയത് ആ വിരുതുകണ്ടാണ്.
മുറത്തിൽ കയറി കൊത്തുന്നുവെന്നു കണ്ടപ്പോൾ പാർട്ടിയിൽ നിന്നു പുറത്താക്കി പടിയടച്ചു. ജയയുടെ മരണശേഷം പാർട്ടി പിടിക്കാനിറങ്ങിയ ‘ചിന്നമ്മ’ ശശികല പടനായകനായി ഒപ്പം നിർത്തിയത് ദിനകരനെ. ഇരുവരും ജയിലിലായതോടെ അണ്ണാഡിഎംകെ രാഷ്ട്രീയത്തിൽ വലിയ ട്വിസ്റ്റുകൾ സംഭവിച്ചു. ജയലളിതയുടെ മരണശേഷം ഒഴിവുവന്ന ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിലും ഇലക്‌ഷൻ മാനേജ്മെന്റിലെ ‘ദിനകരൻ ടച്ചുണ്ടായിരുന്നു’.
ആദർശം ഇരുമ്പുലക്കയല്ല അധികാരത്തിലേക്കുള്ള വഴി മാത്രമാണെന്നാണ് ദിനകര തത്വം. കഴിഞ്ഞ തവണ എസ്ഡിപിഐയുമായിട്ടായിരുന്നു സഖ്യം. ഇപ്പോൾ ബിജെപിക്കൊപ്പം. പെരിയകുളം എംപിയെന്ന നിലയിൽ മണ്ഡലത്തിലുണ്ടാക്കിയ ബന്ധങ്ങളിലാണ് ദിനകരന്റെ കണ്ണ്. തേനി നഗരത്തിലെ പ്രചാരണത്തിനിടെ അടുത്ത ക്ഷേത്രം ചൂണ്ടിക്കാട്ടി ദിനകരൻ ചോദിച്ചു. ‘കോവിൽ നല്ല പടി നടത്താൻ പണം തന്നതാര്?’. സദസ്സിന് സംശയമില്ല:‘ടിടിവി അണ്ണൻ’.
ദിനകരൻ വഴിയാണ് തങ്കത്തമിഴ്‌സെൽവൻ ജയലളിതയുടെ ഗുഡ്ബുക്കിൽ കയറുന്നത്. 2001ൽ ജയലളിതയ്ക്കു മത്സരിക്കാൻ ആണ്ടിപ്പെട്ടി എംഎൽഎ സ്ഥാനം രാജിവച്ചതോടെ ഗ്രാഫ് ഉയർന്നു. എടപ്പാടി കെ.പളനിസാമിക്കെതിരെ കലാപമുയർത്തി ദിനകരനൊപ്പം നിന്ന 18 എംഎൽഎമാരിൽ പ്രധാനി.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ദിനകരന്റെ പാർട്ടിക്കായി തേനിയിൽ മത്സരിച്ചു മൂന്നാമതെത്തി. അതിനു ശേഷമായിരുന്നു ഡിഎംകെ പ്രവേശം. ‘ഇവിടെ പോട്ടി ഡിഎംകെയും അണ്ണാഡിഎംകെയും തമ്മിൽ. ദിനകരന് എങ്കൈ നിന്ന് വോട്ടു കെടയ്ക്കും’– പ്രചാരണത്തിനിടെ തങ്കത്തമിഴ്‌സെൽവൻ ചോദിക്കുന്നു.2019ൽ തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്റെ കൈപ്പിടിയിലൊതുങ്ങാത്ത ഏക മണ്ഡലമാണ് തേനി. ഒ.പനീർസെൽവത്തിന്റെ മകൻ രവീന്ദ്രനാഥ കുമാറാണു ജയിച്ചത്. പനീർസെൽവവും മകനും ദിനകരനുവേണ്ടി രംഗത്തുണ്ട്. എംജിആറും ജയലളിതയും ജയിച്ച ആണ്ടിപ്പെട്ടി മണ്ഡലം ഉൾപ്പെടുന്ന തേനി തേവർ സമുദായത്തിനു നിർണായക സ്വാധീനമുള്ള മണ്ണാണ്.
English Summary:
loksabha elections 2024: Theni constituency analysis
mo-politics-parties-dmk mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list firoz-ali mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-jjayalalithaa gdlnbs7smhkdvsan2kgvm4mt7 mo-politics-parties-aiadmk
Source link