കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഒഹായോ സംസ്ഥാനത്തെ ക്ലീവ്ലൻഡിൽ കഴിഞ്ഞ മാസം കാണാതായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുൾ അറഫാത്തിന്റെ (25) മൃതദേഹം കണ്ടെത്തിയതായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അറഫാത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു സംശയമുണ്ട്. ക്ലീവ്ലൻഡ് യൂണിവേഴ്സിറ്റിയിൽ വിവരസാങ്കേതികവിദ്യയിൽ ഉപരിപഠനത്തിനായി കഴിഞ്ഞ മേയിൽ എത്തിയതാണ് അറഫാത്ത്. എന്നാൽ, ജനുവരി മുതൽ അദ്ദേഹം യൂണിവേഴ്സിറ്റിയിർ രജിസ്റ്റർ ചെയ്ത വിദ്യാർഥി ആയിരുന്നില്ലെന്നും പഠനകാലത്ത് കാന്പസിലായിരുന്നില്ല താമസിച്ചിരുന്നതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാർച്ച് അഞ്ചിന് അറഫാത്ത് റിസർവ് സ്ക്വയറിലെ തന്റെ വസതിയിൽനിന്നു പോയതാണ്. മകനുമായി അവസാനം സംസാരിച്ചത് മാർച്ച് ഏഴിനാണെന്നു ഹൈദരാബാദിലുള്ള പിതാവ് മുഹമ്മദ് സലീം പറഞ്ഞു. അതിനുശേഷം മൊബൈൽ സ്വിച്ച് ഓഫ് ആയി. മാർച്ച് 19ന് അജ്ഞാതവ്യക്തി കുടുംബവുമായി ബന്ധപ്പെട്ട് അറഫാത്ത് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ടു. തങ്ങൾ മയക്കുമരുന്ന് കച്ചവടക്കാരാണെന്നും 1,200 ഡോളർ മോചനദ്രവ്യം നല്‍കിയില്ലെങ്കിൽ അറഫാത്തിന്റെ വൃക്ക വില്‍ക്കുമെന്നും ഭീഷണി മുഴക്കി. തുടർന്ന് യാതൊരു വിവരവും കുടുംബത്തിനു ലഭിച്ചിട്ടില്ല. യുഎസിൽ ഈ വർഷം കൊല്ലപ്പെടുന്ന ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോ ആയ പതിനൊന്നാമത്തെ വിദ്യാർഥിയാണിത്. ഉമാ സത്യസായി ഗഡ്ഡെ എന്ന വിദ്യാർഥി കഴിഞ്ഞയാഴ്ച ക്ലീവ്ലൻഡിൽത്തന്നെ മരിച്ചിരുന്നു. ഇതിൽ പോലീസ് അന്വേഷണം നടക്കുകയാണ്.
Source link