റാഫാ ആക്രമണത്തിന് തീയതി കുറിച്ചു: നെതന്യാഹു
ടെൽ അവീവ്: പതിനഞ്ച് ലക്ഷം പലസ്തീനികൾ അഭയം തേടിയിരിക്കുന്ന റാഫായിൽ ആക്രമണം നടത്താൻ തീയതി നിശ്ചയിച്ചതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഹമാസിനെതിരേ സന്പൂർണ വിജയം നേടാൻ റാഫായിൽ പ്രവേശിച്ച് തീവ്രവാദ സംഘങ്ങളെ ഇല്ലാതാക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നെതന്യാഹു തീയതി വ്യക്തമാക്കിയിട്ടില്ല. അമേരിക്കയടക്കമുള്ള സഖ്യകക്ഷികളുടെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് ഇസ്രയേൽ റാഫാ ആക്രമണത്തിനൊരുങ്ങുന്നത്. ഗാസയിലെ മറ്റു ഭാഗങ്ങളിൽ ഓടി രക്ഷപ്പെട്ടവരാണ് ഈജിപ്ഷ്യൻ അതിർത്തിയോടു ചേർന്ന റാഫായിൽ തന്പടിച്ചിരിക്കുന്നത്. റാഫാ ആക്രമണം അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പശ്ചിമേഷ്യാ സംഘർഷം വർധിപ്പിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസി, ജോർദാൻ രാജാവ് അബ്ദുള്ള എന്നിവർ ലെ മോന്ത് പത്രത്തിൽ സംയുക്തമായി എഴുതിയ ലേഖനത്തിൽ മുന്നറിയിപ്പു നല്കി.
ഗാസയിലെ വെടിനിർത്തലിനും ഹമാസിന്റെ കസ്റ്റഡിയിലെ ബന്ദികളുടെ മോചനത്തിനും ആഹ്വാനം ചെയ്യുന്ന യുഎൻ രക്ഷാസമിതി പ്രമേയം ഉടൻ നടപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനിടെ, ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സിഐഎ മേധാവി വില്യം ബേൺസും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. യുദ്ധം ആറു മാസം പിന്നിട്ട പശ്ചാത്തലത്തിൽ വെടി നിർത്താനുള്ള ഉചിത സമയമാണിതെന്ന് ഇസ്രേലി പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് അഭിപ്രായപ്പെട്ടു.
Source link