INDIA

Loksabha Election ആദ്യം കോൺഗ്രസിനൊപ്പം നിന്നു, മോദി തരംഗത്തിൽ എൻഡിഎയിലേക്ക്; പുതുച്ചേരിയിൽ ബലപരീക്ഷണം


പുതുച്ചേരി മണ്ഡലത്തിലെ രാഷ്ട്രീയം എത്ര പ്രദേശങ്ങളെ ബാധിക്കുമെന്ന് ചോദിച്ചാൽ കുഴങ്ങി. കാരണം മണ്ഡലം തന്നെ നിലകൊള്ളുന്നത് നാലു മേഖലകളിലാണ്; മൂന്നു സംസ്ഥാനങ്ങളിലും. തമിഴ്നാട്, യാനം, കാരയ്ക്കൽ, മാഹി എന്നീ പ്രദേശങ്ങൾ ചേരുന്നതാണ് മണ്ഡലം. പുതുച്ചേരിയിലും കാരയ്ക്കലിലും തമിഴ്നാട് രാഷ്ട്രീയം സ്വാധീനിക്കുമ്പോൾ ആന്ധ്രപ്രദേശിന്റെ സാമീപ്യമുള്ള യാനത്ത് തെലുങ്കു രാഷ്ട്രീയം കണ്ണൂരിന്റെ സാമീപ്യമുള്ള മാഹിയിൽ കേരള രാഷ്ട്രീയവും പ്രതിഫലിക്കും. അതുകൊണ്ടാകണം, പി.സി.ജോർജിന്റെ വിവാദ മാഹി പ്രസ്താവനയിൽ എല്ലാ മുന്നണികളും ശക്തമായി പ്രതികരിച്ചത്.
കണ്ണൂർ, വടകര ലോക്സഭാ മണ്ഡലത്തിനൊപ്പം നിൽക്കുന്ന മാഹി പക്ഷേ,  കേരളം പോളിങ് ബൂത്തിലെത്തും മുൻപേ വിധിയെഴുതും. ഏപ്രിൽ 19നാണ് മാഹി ഉൾപ്പെടുന്ന പുതുച്ചേരിയിൽ തിരഞ്ഞെടുപ്പ്. മണ്ഡലത്തിൽ ഇത്തവണ എൻഡിഎയും ഇന്ത്യാ മുന്നണിയുമാണ് ബലപരീക്ഷണം നടത്തുന്നത്. ഇന്ത്യാ മുന്നണിക്ക് വേണ്ടി സിറ്റിങ് എംപി വി.വൈത്തിലിംഗമാണ് കളത്തിലിറങ്ങുന്നത്. എൻഡിഎക്കായി കേന്ദ്രമന്ത്രി എ.നമശിവായമാണ് രംഗത്തുള്ളത്. 

∙ വിജയം തുടരാൻ വൈത്തിലിംഗം 
കോൺഗ്രസിലെ വി.വൈത്തിലിംഗം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 4,44,981 വോട്ട് നേടിയാണ് വിജയിച്ചത്. എൻഡിഎ മുന്നണി സ്ഥാനാർഥി എൻആർ കോൺഗ്രസിലെ കെ. നാരായണസാമിയെ 1,97,025 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വൈത്തിലിംഗം ആദ്യമായി പാർലമെന്റിൽ എത്തിയത്. 38,068 വോട്ട് നേടിയ മക്കൾ നീതി മെയ്യത്തിലെ എം.എ. സുബ്രഹ്മണ്യവും കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തി. ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് കോൺഗ്രസ് ഉൾപ്പെട്ട ഇന്ത്യാ സഖ്യത്തിന്റെ ശ്രമം.

തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലടക്കം പുതുച്ചേരിക്ക് മുൻഗണന നൽകിയ ഡിഎംകെ ഉൾപ്പെടുന്ന ഇന്ത്യാ സഖ്യം ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. പുതുച്ചേരി പിസിസി പ്രസിഡന്റും സ്ഥാനാർഥിയുമായ വൈത്തിലിംഗത്തിനും വിജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. പുതുച്ചേരിയിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലാത്ത അവസ്ഥയുമെല്ലാം എൻഡിഎ സഖ്യത്തിന് വെല്ലുവിളിയാകുമെന്നാണ് അദ്ദേഹം പറയുന്നത്. 
∙ മന്ത്രിയെ കളത്തിലിറക്കി ബിജെപി

മന്ത്രിയെ തന്നെ കളത്തിലിറക്കി ഒരു അട്ടിമറിയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ദീർഘകാലം ഭരിച്ച കോൺഗ്രസിനെ നിഷ്പ്രഭമാക്കിയ 2014 ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 30 ശതമാനത്തിലധികമുള്ള വോട്ട് വിഹിതം വർധിപ്പിക്കാനായാൽ പുതുച്ചേരിയിൽ നിന്ന് ഒരു ബിജെപി എംപിയെ ലോക്സഭയിലെത്തിക്കാൻ സഖ്യത്തിനാകും. 2009ൽ മണ്ഡലത്തിൽ ബിജെപിക്ക് സ്ഥാനാർഥിയുണ്ടായിരുന്നു. അന്ന് വെറും 13,442 വോട്ട് ലഭിച്ച് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എം.വിശ്വേശ്വരന് കെട്ടിവച്ച കാശു പോലും നഷ്ടമായിരുന്നു. 

എന്നാൽ 15 വർഷത്തിനിപ്പുറം വീണ്ടും ഒരു ബിജെപി സ്ഥാനാർഥി പുതുച്ചേരിയിൽ മത്സരത്തിനിറങ്ങുമ്പോൾ അവർക്ക് ആത്മവിശ്വാസം കൂടുതലാണ്. പുതുച്ചേരിയിലെ കരുത്തുറ്റ എൻആർ കോൺഗ്രസിന്റെ പിന്തുണയാണ് ആ ആത്മവിശ്വാസത്തിനു പിന്നില്‍. 2021ൽ എൻഡിഎയുടെ സഖ്യകക്ഷിയായ എൻആർ കോൺഗ്രസ് പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയിരുന്നു. അതുവരെ ഒട്ടും സ്വാധീനമില്ലാതിരുന്ന മണ്ഡലത്തിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 6 സീറ്റ് നേടാനായത് ബിജെപിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലും അത് സാധ്യമാകുമെന്ന പ്രതീക്ഷയാണ് എൻഡിഎ സഖ്യത്തിന്.
∙ കോൺഗ്രസിനൊപ്പം, മോദി തരംഗത്തിൽ എൻഡിഎയിലേക്ക്
വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികൾക്ക് ഒരുപോലെ ഇഷ്ടപ്പെട്ട നാടാണ് പുതുച്ചേരി. 2006ലാണ് പോണ്ടിച്ചേരി പുതുച്ചേരിയായി മാറുന്നത്. ഒരൊറ്റ ലോക്സഭാ മണ്ഡലം മാത്രമുള്ള പുതുച്ചേരിയിൽ നിലവിൽ 30 നിയമസഭാ സീറ്റുകളാണുള്ളത്. 2,50,000 പേര്‍ മത്രം താമസിക്കുന്ന കൊച്ചു സ്ഥലം. 1967ലാണ് പുതുച്ചേരിയിൽ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു ജയം. തൊട്ടടുത്ത തിരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയം ആവർത്തിച്ചു. 

1977ലാണ് ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ആദ്യമായി  അധികാരത്തിലെത്തുന്നത്. എന്നാൽ പിന്നീടുവന്ന തുടർച്ചയായ 5 തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ജയം തുടർന്നു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആധിപത്യം തകർത്ത് ഡിഎംകെ അധികാരത്തിലെത്തി. ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ലാത്തതിനാൽ വീണ്ടും 1999ൽ തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ മണ്ഡലം കോൺഗ്രസിന് വീണ്ടും കൈ കൊടുത്തു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ യുപിഎ സഖ്യത്തിന്റെ കീഴിൽ പട്ടാളി മക്കൾ കട്ച്ചി അധികാരത്തിലെത്തി. 
2009ൽ വി.നാരായണസ്വാമി അധികാരം നിലനിർത്തിയെങ്കിലും 2014ൽ മോദി തരംഗത്തിൽ കോൺഗ്രസിന് പുതുച്ചേരിയിലും അടിതെറ്റി. ബിജെപിക്ക് സ്വാധീനമില്ലാത്ത മണ്ഡലത്തിൽ കോൺഗ്രസിൽ നിന്ന് എത്തിയ എൻ.രംഗസാമി രൂപീകരിച്ച എൻആർ കോൺഗ്രസിനായിരുന്നു ജയം. ആർ.രാധാകൃഷ്ണനിലൂടെ എൻഡിഎ അന്ന് ഭരണത്തിലെത്തി. 2019ൽ യുപിഎ സഖ്യം ഭരണം തിരിച്ചുപിടിച്ചു. ഇത്തവണ കോൺഗ്രസ്, ഡിഎംകെ, മുസ്‌ലിം ലീഗ്, സിപിഐ, സിപിഎം എന്നിവർ ഉൾപ്പെടുന്ന ഇന്ത്യാ മുന്നണിയാണ് എൻആർ കോൺഗ്രസ് ഉൾപ്പെടുന്ന എൻഡിഎ സഖ്യത്തിന് എതിരെ മത്സരിക്കുന്നത്. 
∙ മാഹിയിൽ പതാക ഒളിപ്പിച്ചല്ല, ഒരുമിച്ച് 
പതാകയുടെ പേരിൽ കോൺഗ്രസിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിമര്‍ശിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാൽ മാഹിയിൽ കോൺഗ്രസും സിപിഎമ്മും ഒരുമിച്ചുള്ള പതാക കാണുമ്പോൾ ഞെട്ടരുത്. മാഹിയിൽ കാര്യങ്ങൾ അങ്ങനെയാണ്. കേരളത്തിൽ കണ്ണൂരിലും വടകരയിലും കോൺഗ്രസിനെ മുഖ്യ ശത്രുവായി കണ്ട് വോട്ട് ചോദിക്കുന്ന ഇടതുപാർട്ടികൾക്ക് പക്ഷേ, തൊട്ടടുത്തുള്ള മാഹിയിൽ പണി പാളും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് കോൺഗ്രസ് സ്ഥാനാർഥിക്കു വേണ്ടി പ്രചാരണത്തിനിറങ്ങേണ്ടെന്നായിരുന്നു മാഹിയിലെ സിപിഎം, സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ അനൗദ്യോഗിക തീരുമാനം. 

എന്നാൽ ഇന്ത്യാ മുന്നണിയെ മറന്ന് സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള നീക്കം മരവിപ്പിക്കണമെന്ന് പുതുച്ചേരി സംസ്ഥാന നേതൃത്വം ജില്ലാ ഭാരവാഹികൾക്കു നിർദേശം നൽകിയിരുന്നു. എന്നാൽ മാഹിയിൽ യുണൈറ്റഡ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർഥി കെ.പ്രഭുദേവനെ പിന്തുണയ്ക്കാനാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. മാഹിയിൽ ഇന്ത്യാ മുന്നണി സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുന്നത് വടകരയിലും കണ്ണൂരിലും തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് പുതിയ തീരുമാനം. 


Source link

Related Articles

Back to top button