റിസ്ക് കുറവ്, ലാഭകരമായി ചെയ്യാൻ കഴിയുന്ന 9 ബിസിനസ് ആശയങ്ങൾ
കേരളത്തിലെ വായ്പാരംഗത്തു പ്രവർത്തിക്കുന്നത് ആയിരത്തി അറുനൂറോളം പ്രാഥമിക സഹകരണ സംഘങ്ങളാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സംഘങ്ങളുടെ നിലനിൽപിനും വളർച്ചയ്ക്കും വൈവിധ്യവൽക്കരണം അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യത്തിനായി സഹകാരികൾക്ക് ഏറ്റെടുത്തു നടത്താവുന്ന ഏതാനും ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കുന്നു. ലാഭകരമായി ചെയ്യാവുന്നതും നിലനിൽക്കുന്നതും അംഗങ്ങൾക്കും പൊതുജനത്തിനും ഗുണകരമാകുന്നതുമായ സംരംഭങ്ങളാണിവ. യുവാക്കൾ, കർഷകർ, വനിതകൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാൻ അനുയോജ്യമായവ. കൂട്ടായ്മയോടെ അധ്വാനിക്കാൻ തയാറായാൽ ലാഭകരമായി നടപ്പാക്കാൻ സാധിക്കും. ഗവൺമെന്റു നൽകുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നല്ല വളർച്ചയും അംഗങ്ങളുടെ സാമ്പത്തിക ഉന്നമനവും ഉറപ്പാക്കാം. സഹകരണസംഘങ്ങൾക്കു മാത്രമല്ല, കൂട്ടായി പ്രവർത്തിക്കാൻ തയാറുള്ള ഒരുകൂട്ടം ആളുകൾക്ക് റിസ്ക് ഇല്ലാതെ, ലാഭകരമായി ചെയ്യാൻ കഴിയുന്ന പദ്ധതികളാണ് ഇവിടെ വിവരിക്കുന്നത്.
1.സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾഅടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കേരള വികസനത്തിനു വലിയ തടസ്സമാണെന്നത് വസ്തുതയാണ്. വ്യവസായത്തിന് അനുയോജ്യമായ വികസിത ഭൂമിയും കെട്ടിടവും നൽകുവാൻ സർക്കാർ സംവിധാനങ്ങൾ മതിയാകുന്നില്ല. ഇവിടെയാണ് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ പ്രാധാന്യം. സ്വകാര്യ എസ്റ്റേറ്റുകള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ഇപ്പോൾ ലളിതമാക്കിയിട്ടുമുണ്ട്. സഹകരണസംഘങ്ങൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
10 ഏക്കറിൽ കുറയാത്ത സ്ഥലത്ത് എസ്റ്റേറ്റുകൾ തുടങ്ങാം. ബഹുനില കെട്ടിടങ്ങൾ (സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി) നിർമിക്കുന്ന എസ്റ്റേറ്റുകൾക്ക് കുറഞ്ഞത് അഞ്ച് ഏക്കർ മതി. മാത്രമല്ല, സ്ഥലം സ്ഥാപനത്തിന്റെ കൈവശത്തിലും കരം തീരുവയിലും
ഉണ്ടായിരിക്കണം എന്നില്ല. 30 വർഷത്തിൽ കുറയാത്ത ലീസ് എഗ്രിമെന്റും പരിഗണിക്കാം.കമ്പനികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ, ഗ്രൂപ്പ് സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം എസ്റ്റേറ്റുകൾ തുടങ്ങാവുന്നതാണ്. മറ്റു സംരംഭകർക്ക് ഭൂമിയോ കെട്ടിടമോ ലഭ്യമാക്കുന്നതിനൊപ്പം സ്വന്തം സംരംഭത്തിനും ഉപയോഗിക്കാം. എസ്റ്റേറ്റിനു ലഭിക്കുന്ന പെർമിറ്റ് 2019ലെ മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങളും 2019 കേരള പഞ്ചായത്ത് കെട്ടിടം നിർമാണ ചട്ടങ്ങളും അനുസരിച്ചുള്ള കെട്ടിട നിർമാണ അനുമതി കൂടിയാണ്. അതിനാൽ കെട്ടിട നിർമാണത്തിന് പ്രത്യേക അനുമതികൾ വേണ്ട എന്നു ചുരുക്കം
സർക്കാർ തരും മൂന്നു കോടി
പെർമിറ്റ് ലഭിച്ചാൽ ഏക്കർ ഒന്നിന് 30 ലക്ഷം രൂപ വീതം പരമാവധി മൂന്നു കോടി രൂപവരെ സർക്കാർ ധനസഹായം ലഭിക്കും. റോഡ്, വൈദ്യുതി, വെള്ളം, മാലിന്യനിർമാർജനം, ലാബോറട്ടറിപോലുള്ള പൊതുസൗകര്യങ്ങൾ, ടെസ്റ്റിങ് സെന്ററുകൾ എന്നിവയെല്ലാം എസ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. ചെലവായ തുക തിരികെനൽകുന്ന രീതിയിലാണ് ഇവ ലഭ്യമാക്കുക.
സ്ഥാപനങ്ങൾക്ക് നിയമ/സാങ്കേതിക/പരിസ്ഥിതി പ്രശ്നങ്ങൾ ലഘൂകരിക്കാനും സ്ഥാപക ചെലവുകൾ കുറയ്ക്കാനും വ്യവസായ എസ്റ്റേറ്റുകൾ സഹായിക്കണം. സർക്കാർ എസ്റ്റേറ്റുകളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സ്വകാര്യ വ്യവസായ എസ്റ്റേറ്റിലും ലഭ്യമാക്കണം. ഗ്രൂപ്പുകൾക്കു ലാഭകരമായ ഒരു നിക്ഷേപ അവസരം കൂടിയാണിത്. അടിസ്ഥാന സൗകര്യ വികസനത്തിൽ പങ്കാളിയാകാനുള്ള അസുലഭമായ അവസരം കൂടിയായി സംഘങ്ങൾക്ക് ഇതിനെ കാണാം.
2.കന്നുകാലികൾക്കായി ഡയറി ഫാം
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഡയറി ഫാമുകൾക്ക് ഇപ്പോൾ വലിയ പരിഗണന നൽകുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ ഡയറി ഉൽപന്നങ്ങൾ നിർമിക്കുന്നവയാണ്. ആഗോളതലത്തിൽ വിപണനസാധ്യതയും ലാഭവും ഉണ്ടാക്കാൻ ഡയറി ഫാമുകളിലൂടെ കഴിയും. ഫാം ടൂറിസവും ഏറെ സാധ്യതയുളള ഉപമേഖലയാണ്. അതായത് ഒരു ഫാം തുടങ്ങിയാൽ ഫാം ടൂറിസത്തിന്റെ സാധ്യതകളും ഉപയോഗപ്പെടുത്താം. വളരെ വിശാലമായ കാഴ്ചപ്പാടോടുകൂടി പദ്ധതിയിൽ ഏർപ്പെടാൻ കഴിയണം.
കേന്ദ്രസർക്കാർ ഗ്രാന്റ് 2 കോടി രൂപ
ഫാം തുടങ്ങാൻ കേന്ദ്രസർക്കാർ 2 കോടി രൂപവരെ ഗ്രാൻഡ് നൽകും. സംഘങ്ങൾക്ക് ഇതു നന്നായി ഉപയോഗപ്പെടുത്താം. മിനിമം 200 പശുക്കളെയോ എരുമകളെയോ വളർത്തുന്ന, മൊത്തം പദ്ധതി ചെലവ് 4 കോടി രൂപവരെ വരുന്ന ഫാമുകൾക്കാണ് സഹായം. രാഷ്ട്രീയ ഗോകുൽ മിഷൻ എന്ന പേരിലുള്ള പദ്ധതിയിൽ ഈ ചെലവിന്റെ 50% ഇപ്പോൾ സബ്സിഡിയായി ലഭിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
അഞ്ചു വർഷത്തെ പ്രോജക്ട് ആണെന്നതിനാൽ ഈ വർഷമോ അടുത്ത വർഷമോ തൊട്ടടുത്ത വർഷമോ പ്ലാൻ ചെയ്താലും സബ്സിഡി നേടാം. നേരിട്ടോ സാരഥിയുടെ കീഴിൽ കൺസോർഷ്യം ഉണ്ടാക്കിയോ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് രൂപം കൊടുത്തോ കർഷകകൂട്ടായ്മകൾ രൂപീകരിച്ചോ ചെയ്യാം. അല്ലെങ്കിൽ സംഘത്തിനു നേരിട്ടും നടപ്പാക്കാം.
3.ചെറുധാന്യങ്ങളിൽ വലിയ അവസരങ്ങൾചെറുധാന്യങ്ങളിൽ അധിഷ്ഠിതമായ ഉൽപന്നങ്ങൾക്ക് ആഗോളപ്രാധാന്യം കൂടിവരികയാണ്. എന്നു മാത്രമല്ല, 2023നെ അന്തർദേശീയ മില്ലറ്റ് ഇയറായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ രംഗത്ത് കേരളത്തിന്റെ ഉൽപാദനം വളരെ കുറവാണ്. എടുത്തുപറയാവുന്ന രണ്ടു സൗകര്യങ്ങളേ ഉള്ളൂ. ഒന്ന് അട്ടപ്പാടിയിലുള്ള മില്ലറ്റ് വില്ലേജും ചേർത്തലയിലുള്ള റാഗി ഉൽപാദന കേന്ദ്രവും. എന്നാൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനത്തിന്റെ 1% പോലും സപ്ലൈ ചെയ്യാൻ കേരളത്തിനു കഴിയുന്നില്ല. മികച്ച രീതിയിൽ കൃഷി ചെയ്യാനും വിളവെടുക്കാനും കഴിയുന്നവയായതിനാൽ ചെറുധാന്യങ്ങളിൽ വലിയ അവസരങ്ങളുണ്ട്. റാഗി ബജ്റ, ജോവർ, കുട്കി, കുതിരവാലി തുടങ്ങിയവ നമുക്കു കൃഷി ചെയ്യാനാകും. പ്രത്യേകിച്ച് വെള്ളം ലഭിക്കാത്ത സ്ഥലങ്ങളിൽ. ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ സംഘത്തിനു പ്രത്യേക ക്യാംപയിനുകൾ നടത്താം. ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കാം. കാർഷിക സർവകലാശാലകൾ, കൃഷിവകുപ്പ് എന്നിവരുമായി ബന്ധപ്പെടുത്തണം. സാങ്കേതികമായിട്ടുള്ള വിവരങ്ങൾ കർഷകർക്കു ലഭ്യമാക്കുന്നതോടൊപ്പം സാമ്പത്തിക സഹായങ്ങളും ഏർപ്പാടാക്കണം.
തരിശുനിലങ്ങൾ ഉപയോഗിക്കാം
സംഘത്തിനു നേരിട്ട് സ്ഥലം പാട്ടത്തിനെടുത്തോ തരിശായ നെൽവയലുകൾ ഉപയോഗപ്പെടുത്തിയോ ചെറുധാന്യങ്ങളുടെ കൃഷി ചെയ്യാം. ഭക്ഷ്യ സംരംഭങ്ങളുടെ ഭാവിസാധ്യത ആരോഗ്യ ഭക്ഷണത്തിൽ ആണെന്നും ചെറുധാന്യങ്ങൾ ഉൽപാദിപ്പിച്ചാൽ നന്നായി വിപണനം ചെയ്യാനാകുമെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഇത്തരം കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ലാഭകരമായി ചെയ്യാമെന്ന് ഉറപ്പുവന്നാൽ കർഷകർ ഈ രംഗത്തേക്കു തിരിയും എന്നു പ്രത്യേകം പറയേണ്ടതില്ല. ചെറുധാന്യങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനുള്ള യൂണിറ്റുകളും ആരംഭിക്കാം.
4.മുട്ട വിരിയിക്കാൻ ഹാച്ചറി യൂണിറ്റ് ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമായിരിക്കുന്നു എന്നതിനാൽ ചിക്കനുള്ള ഡിമാൻഡ് ഒരിക്കലും കുറയില്ല. ഇറച്ചി കോഴി ഫാമുകൾ ചുറ്റുപാടും ധാരാളമുണ്ട്. ഇവരുടെയെല്ലാം മുഖ്യ അസംസ്കൃത വസ്തുവായ കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്ന ഹാച്ചറി, സംഘങ്ങൾക്ക് ചെയ്യാവുന്ന മികച്ച ബിസിനസാണ്. 18 രൂപ നിരക്കിൽ വാങ്ങുന്ന കോഴിമുട്ട ഉപയോഗിച്ച് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് 40 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഇതിൽ 2% വേസ്റ്റേജ് വന്നാലും മികച്ച ലാഭംതന്നെയാണ്.
കിട്ടും രണ്ടുതരം സബ്സിഡിദേശീയ കന്നുകാലി മിഷൻ (National Cattle Mission) എന്ന പദ്ധതിയിൽ മുട്ട വിരിയിക്കുന്ന ഹാച്ചറി യൂണിറ്റിന് 13.50 ലക്ഷം രൂപ ഇപ്പോൾ സബ്സിഡിയായി കേന്ദ്ര സർക്കാർ അനുവദിക്കുന്നുണ്ട്. ഇതും അഞ്ചു വർഷത്തെ പദ്ധതിയായതിനാൽ അടുത്ത വർഷങ്ങളിലും നടപ്പാക്കാം. മുട്ടക്കോഴികളുടെ ഫാമിനും വൻതോതിൽ സർക്കാർ സബ്സിഡിയുള്ളതിനാൽ അതും പരിഗണിക്കാം. കോഴി വളർത്തൽ, മുട്ട ഉൽപാദനം, മുട്ട വിരിയിക്കുന്ന ഹാച്ചറി സംവിധാനം, അവയുടെ പരിപാലനം എന്നിവയ്ക്കായി ഈ പദ്ധതിയിൽ മൊത്തം 25 ലക്ഷം രൂപവരെ കേന്ദ്ര സബ്സിഡി ലഭിക്കും. ഇതും അഞ്ചുവർഷത്തെ പ്രോജക്ട് ആണ് (ദേശീയ കന്നുകാലി മിഷൻ പദ്ധതി). കേരളത്തിലെ മൃഗസംരക്ഷണവകുപ്പ്, ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് എന്നീ പ്രോജക്ടുകളെ മോണിറ്റർ ചെയ്യുന്നുണ്ട്. സംഘത്തിന്റെ കീഴിലോ കർഷക കൂട്ടായ്മകൾ രൂപീകരിച്ചോ കോഴി ഫാം, ഹാച്ചറി യൂണിറ്റ്, പൗൾട്രി ഫാം എന്നിവ തുടങ്ങാം. ഈ രംഗത്തു പരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്നതിന് സംഘങ്ങൾ തയാറാകണം.
5.ഷെൽറ്റർ ഹോംസ്ഷെൽട്ടർ ഹോമുകൾ മികച്ച രീതിയിൽ ചെയ്യാവുന്ന കൂട്ടുസംരംഭമാണ്. ചാരിറ്റി എന്ന നിലയിൽക്കൂടി ഏറ്റെടുത്തു ചെയ്യാം. അഞ്ച് ഏക്കർ സ്ഥലമെങ്കിലും കണ്ടെത്തണം. സ്ഥലം കൂടുതൽ റിമോട്ട് ഏരിയയിൽ ആകാതെ ശ്രദ്ധിക്കണം. അങ്ങനെ വന്നാൽ നിക്ഷേപം കൂടുതൽ വേണ്ടിവരും. സാമാന്യം നല്ല ടൗണിൽ 5 ഏക്കറിന് കുറഞ്ഞത് 125 കോടി രൂപയെങ്കിലും വേണ്ടിവരും.
ഭാവിയുണ്ട്, വെല്ലുവിളികളും
കെട്ടിടം നിർമിക്കാനും വലിയ നിക്ഷേപം വേണ്ടി വരും. ഒരു 100 ഹോംസ്റ്റേകൾ പ്ലാൻ ചെയ്താൽ പത്തുലക്ഷം രൂപ നിരക്കിൽ 10 കോടി രൂപയെങ്കിലും വേണം. ഡോക്ടർമാർ, ഫാർമസി, ഹെൽത്ത് ക്ലബ്ബ്, ക്ലിനിക്ക്, കുട്ടികളുടെ ഗ്രൗണ്ട്, റിക്രിയേഷൻ അങ്ങനെയെല്ലാംകൂടി 300 കോടി രൂപയെങ്കിലും നീക്കിവയ്ക്കേണ്ടതായിവരും. ഇതിന്റെ സാധ്യതകൾ മനസ്സിലാക്കിയശേഷം ഇറങ്ങുന്നതായിരിക്കും നല്ലത്. പക്ഷേ, ഏറ്റെടുത്തു ചെയ്യാൻകഴിയുന്ന മികച്ച പ്രവൃത്തിതന്നെയാണിത്. ഭാവിയിൽ സമൂഹത്തിന് ഏറെ ആവശ്യമുള്ളവയായി ഷെൽറ്റർ ഹോമുകൾ മാറും. ഇവിടെ പ്രായമായവർ, അല്ലാത്തവർ എന്ന വ്യത്യാസമില്ലാതെ ഒറ്റപ്പെടാതെ ജീവിക്കാൻ സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. കൃത്യമായ നിരക്കുകൾ നിശ്ചയിച്ച് ഇത്തരം കാര്യങ്ങൾ ലഭ്യമാക്കിയാൽ മതി. ഈ പ്രോജക്റ്റിലേക്ക് ഷെയർ ഇടുന്ന വ്യക്തികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലിമിറ്റഡ് കമ്പനി ഉണ്ടാക്കിക്കൊണ്ടു വിജയകരമായി സംരംഭം നടത്താം. ന്യായമായ പ്രവർത്തനലാഭം നേടിയാലേ സ്ഥാപനത്തിന് ആരോഗ്യകരമായി മുന്നോട്ടുപോകാനാകൂ.
6.ഐസ്ക്രീം യൂണിറ്റ് കളക്ടീവ് ആയി ചെയ്യാൻ കഴിയുന്ന മികച്ച ഉൽപാദന യൂണിറ്റാണ് ഐസ്ക്രീം നിർമാണം. സംഘങ്ങൾക്കു സംരംഭക കൂട്ടായ്മകൾ ഉണ്ടാക്കി ഐസ്ക്രീം പ്ലാന്റു തുടങ്ങാം. ഏകദേശം ഒരു കോടി രൂപ നിക്ഷേപത്തിൽ വർഷത്തിൽ പത്തു കോടിവരെ വിറ്റുവരവു നേടാനുള്ള അവസരമുണ്ട്. ശുദ്ധമായ പാൽ ഉപയോഗിക്കുക എന്നതാണ് ഗുണമേന്മയുടെ അടിസ്ഥാനം. അതുകൊണ്ട് പാൽ ലഭ്യമാക്കാൻ സാധ്യതയുള്ള ഇടത്ത് പ്ലാന്റ് സ്ഥാപിക്കുക. ഐസ്ക്രീമിന് എല്ലാക്കാലത്തും വിപണന സാധ്യതയുണ്ട്. ശീതീകരിച്ച പാക്കറ്റിൽ പാലും പാൽ ഉൽപന്നങ്ങളും ഇതോടൊപ്പം വിൽപനയ്ക്ക് എത്തിക്കാൻ കഴിയും. എന്നാൽ ഇതിനു കൂടുതൽ നിക്ഷേപം വേണ്ടിവരും. ശക്തമായ മത്സരമുള്ള മേഖലയാണ്.
7.ഗാർമെന്റ് മേഖലയിലുണ്ട് വ്യത്യസ്ത സാധ്യതകൾ ഗാർമെന്റ് ബിസിനസിൽ പ്രാദേശിക ബ്രാൻഡുകൾ ഉണ്ടാക്കുക, വളർത്തുക എന്നതാണ് ഗ്രൂപ്പുകൾക്കും സംഘങ്ങൾക്കും ചെയ്യാൻ കഴിയുന്ന പ്രധാന കാര്യം. അങ്കമാലി നൈറ്റികൾ, ചേന്ദമംഗലം കുർത്തികൾ, പറവൂർ ചുരിദാറുകൾ, കോതമംഗലം ഷർട്ടുകൾ ഇങ്ങനെ പ്രാദേശികമായി വ്യത്യസ്തയിനം ഗാർമെന്റ് ഉൽപന്നങ്ങൾ നിർമിച്ചു വിൽക്കാൻ കഴിയും. ഇത് ഗ്രൂപ്പായോ, നേരിട്ടോ, സംരംഭകരെ കൂട്ടിയോജിപ്പിച്ചോ ചെയ്യാം. സംഘങ്ങൾ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാത്ത മേഖലയാണ് ഗാർമെന്റ്. കുട്ടിക്കുപ്പായങ്ങൾ, ഗർഭിണികളുടെ വസ്ത്രങ്ങൾ, വിവാഹവസ്ത്രങ്ങൾ, മതപരമായ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ തുടങ്ങിയവയ്ക്ക് വലിയ ഡിമാൻഡ് ഉണ്ട്. സംഘങ്ങൾ കേന്ദ്രീകരിച്ച് വലിയതോതിൽ ഇവ ഉൽപാദിപ്പിച്ചു വിൽക്കാനാകും. സംഘം നേരിട്ടു നടത്തിയില്ലെങ്കിലും സംരംഭകരെക്കൊണ്ട് കൂട്ടായ്മകൾ ഉണ്ടാക്കി, സ്ഥാപനത്തിന്റെ കീഴിൽ പ്രാദേശിക ബ്രാൻഡഡ് തുണിത്തരങ്ങൾ ഉൽപാദിപ്പിച്ചു വിൽക്കാം. പ്രാദേശികമായിത്തന്നെ വിപണിയും കണ്ടെത്താം. വളരെ കുറഞ്ഞ നിക്ഷേപത്തിലും സംരംഭം തുടങ്ങാം എന്നത് അനുകൂല ഘടകമാണ്. ലാഭവിഹിതം കുറവാണെങ്കിലും 20% ത്തിനും മുകളിൽ തീർച്ചയായും പ്രതീക്ഷിക്കാം. ഏതു സംരംഭം തുടങ്ങുമ്പോഴും മാർക്കറ്റിനെക്കുറിച്ചു കൃത്യമായ പഠനം നടത്തിവേണം ഇറങ്ങാൻ.
8.സ്കിൽ പരിശീലന കേന്ദ്രങ്ങൾ സംഘങ്ങൾക്കുകീഴിൽ ഒട്ടനവധി നൈപുണ്യ പരിശീലന പരിപാടികൾക്ക് രൂപം നൽകാനാവും. നിത്യജീവിതത്തിൽ ആവശ്യമുള്ള ഉൽപന്നങ്ങള്‍ നിർമിക്കുന്നതിന് സാങ്കേതിക വൈദഗ്ധ്യം നൽകുന്ന പരിശീലന പരിപാടികളാണു വേണ്ടത്.
തയ്യൽ പരിശീലനം ഒരു ഉദാഹരണം. ഇത്തരത്തിലുള്ള പരിശീലനങ്ങളിലൂടെ ഒട്ടനവധി തൊഴിൽ സാധ്യതകളാണു തുറക്കുന്നത്. സ്ഥിരം പരിശീലന കേന്ദ്രങ്ങൾ ഒരുക്കി സേവനങ്ങൾ നൽകാം. ബ്യൂട്ടി ക്ലിനിക്ക്, വെൽഡിങ്, ബേക്കറി, ഇലക്ട്രിഫിക്കേഷൻ, പ്ലമിങ്, ഡയറി പ്രോസസിങ്, മീറ്റ് പ്രോസസിങ്, ആഭരണ നിർമാണം തുടങ്ങിയവയിലെല്ലാം ചെറിയ ഫീസ് വാങ്ങിക്കൊണ്ടു പരിശീലനം നൽകാം. ഗ്രൂപ്പുകൾക്ക് സ്ഥിരമായി വരുമാനവും ആകും. തൊഴിലില്ലാത്തവർക്ക് പ്രാദേശികമായിത്തന്നെ തൊഴിൽ കണ്ടെത്താൻ അവസരവും ലഭിക്കും. പുതുതലമുറ തൊഴിലുകളിലും പരിശീലനം നൽകണം. പ്രായമായവരുടെ പരിചരണം, കുട്ടികളുടെ പരിചരണം, ഗർഭിണികളുടെ പരിചരണം അടക്കമുള്ള ഹോം നേഴ്സിങ് മേഖലയിലെ പരിശീലനവും ഉദാഹരണമാണ്. ഹോം നഴ്സിങ്പോലുള്ള തൊഴിലുകൾക്ക് ഭാവിയിൽ വലിയ സാധ്യതകളാണ്. പരിശീലനം ലഭിച്ചവരില്ല എന്നതാണ് ഇത്തരം മേഖലകളിലെ വെല്ലുവിളി. മികച്ച പരിശീലനവും സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റും നൽകി തൊഴിലെടുക്കാൻ പ്രാപ്തരാക്കി യുവാക്കളെ മാറ്റാം.
9.സോളാർ പാനലുകൾ സെറ്റ് ചെയ്യുന്ന സ്ഥാപനംസംഘത്തിന്റെ കീഴിൽ സോളാർ പാനലുകൾ വച്ചുകൊടുക്കുന്ന ബിസിനസ് ചെയ്യാം. ചില സംഘങ്ങൾ ഇതു ചെയ്യുന്നുമുണ്ട്. സർക്കാർ സംവിധാനത്തിൽ ടെൻഡറുകളിൽ പങ്കെടുക്കാതെതന്നെ സഹകരണ സംഘങ്ങൾക്ക് പ്രോജക്ടുകള്‍ ഏറ്റെടുത്തു ചെയ്യാൻ സാധിക്കും. സൗരോർജ വൈദ്യുതി പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായി മാറിയതോടെ മേഖലയുടെ സാധ്യത ഇനിയും വളരും. പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ കേന്ദ്രീകരിച്ചും ഇത്തരം സംരംഭങ്ങൾ വിജയകരമായി നടത്താം. സംഘമായതിനാൽ പല ഇളവുകളും ലഭിക്കും. ഇത്തരത്തിൽ ഗ്രൂപ്പുകൾക്ക് ഏറ്റെടുത്തു നടപ്പാക്കാൻ കഴിയുന്ന സംരംഭപദ്ധതികൾ നിരവധിയാണ്. ഏതാനും ഉദാഹരണങ്ങൾ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. വേണ്ടത്ര പഠനം നടത്തി സാങ്കേതികവും സാമ്പത്തികവുമായ അവലോകനങ്ങൾക്കു ശേഷമേ പദ്ധതികളുമായി മുന്നോട്ടുപോകാവൂ (സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ. മനോരമ സമ്പാദ്യം മാർച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Source link