2024 ഫിഡെ കാൻഡിഡേറ്റ് ചെസ് ടൂർണമെന്റ് ഉദ്ഘാടനം ഇന്ന്
സോബിച്ചൻ തറപ്പേൽ നിലവിലെ ലോക ചെസ് ചാന്പ്യന്റെ കിരീടത്തിനു വെല്ലുവിളിയായി പോരാടുക ആരാണെന്ന് നിശ്ചയിക്കുന്ന 2024 ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന് ഇന്ന് ഔദ്യോഗിക തുടക്കം. കാനഡയിലെ ടൊറന്റോയിലുള്ള വെസ്റ്റ് എൻഡിലെ ഗ്രാൻഡ് ഹാളിൽ നാളെ മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. ഏപ്രിൽ 21വരെ നീളുന്ന 14 റൗണ്ട് പോരാട്ടം പുരുഷ-വനിതാ വിഭാഗത്തിൽ അരങ്ങേറും. എന്നിട്ടും ചാന്പ്യനെ നിശ്ചയിക്കാൻ കഴിഞ്ഞില്ലെങ്കിൽ 22ന് ടൈബ്രേക്കർ. ചരിത്രത്തിൽ ആദ്യമായി ഓപ്പണ്‍ വിഭാഗത്തിലെ മത്സരങ്ങളോടൊപ്പം ലോക വനിതാ ചെസ് കിരീടത്തിനു മാറ്റുരയ്ക്കാനുള്ള കാൻഡിഡേറ്റ്സ് മത്സരങ്ങളും ഇതേ വേദിയിൽ അരങ്ങേരും. ഇരുവിഭാഗത്തിലുമായി 16 ഗ്രാൻഡ് മാസ്റ്റേഴ്സ് (8+8) പങ്കെടുക്കുന്ന ടൂർണമെന്റിൽ അഞ്ചുപേർ ഇന്ത്യയിൽ നിന്നാണെന്നത് ശ്രദ്ധേയം. ഓപ്പണ്‍ വിഭാഗത്തിൽ ആർ. പ്രജ്ഞാനന്ദ, ഡി. ഗുകേഷ്, വിദിത് സന്തോഷ് ഗുജറാത്തി, വനിതാ വിഭാഗത്തിൽ കോനേരു ഹംപി, ആർ. വൈശാലി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വനിതാ വിഭാഗത്തിൽ കൊനേരു ഹംപി രണ്ടുതവണ കാൻഡിഡേറ്റ്സ് ടൂർണമെന്റ് വിജയിച്ച് ലോകചാന്പ്യൻ പട്ടത്തിനായി പൊരുതിയെങ്കിലും വിജയിക്കാനായില്ല. അഞ്ചുതവണ ലോകചാന്പ്യനായിട്ടുള്ള വിശ്വനാഥൻ ആനന്ദും കൊനേരു ഹംപിയും മാത്രമാണ് ഇന്ത്യയിൽനിന്നു നേരത്തേ കാൻഡിഡേറ്റ്സ് കളിച്ചിട്ടുള്ളത്. പ്രജ്ഞാനന്ദയും സഹോദരി വൈശാലിയും ഒരേ സമയം കാൻഡിഡേറ്റ്സ് കളിക്കാൻ അർഹത നേടിക്കൊണ്ടും പുതിയ ചരിത്രം എഴുതി. കാൾസണ് വിട്ടുനിൽക്കുന്നു അഞ്ചുതവണ ലോകചാന്പ്യൻ പദവി അലങ്കരിച്ച നോർവേയുടെ മാഗ്നസ് കാൾസണ് കഴിഞ്ഞ വർഷത്തെ ചലഞ്ചറായ ഇയാൻ നിപോംനിഷിയുമയി കളിക്കാൻ വിസമ്മതിച്ചുകൊണ്ട് ചാന്പ്യൻ പട്ടം ഉപേക്ഷിച്ചിരുന്നു. ഇത്തവണയും ഫിഡെ ലോകകപ്പ് നേടി കാൻഡിഡേറ്റ്സ് കളിക്കാൻ അർഹത നേടിയെങ്കിലും ലോകചെസ് ചാന്പ്യൻഷിപ്പിന്റെ രീതിയോടും സമയക്രമങ്ങളോടും വിയോജിപ്പ് പ്രകടമാക്കി കാൾസണ് വിട്ടുനിൽക്കുകയാണ്. 2024 കാൻഡിഡേറ്റ്സ് ഓപ്പണ്‍ വിഭാഗത്തിലെ മത്സരാർഥികൾ: ഇയാൻ നിപോംനിഷി: റഷ്യൻ ഗ്രാൻഡ് മാസ്റ്റർ. വയസ്: 33. റേറ്റിംഗ്: 2758. രണ്ടുതവണ യോഗ്യത നേടി. 2021 ഫൈനലിൽ മാഗ്നസ് കാൾസണിനോടും 2023ൽ ഡിങ് ലിറനോടും പരാജയപ്പെട്ടു. ഫബിയാനോ കരുവാന: അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ. വയസ്: 31. റേറ്റിംഗ്: 2803. ഫിഡെ ലോകകപ്പ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിക്കൊണ്ട് യോഗ്യത നേടി. ഫിഡെ സർക്യൂട്ട് മത്സരങ്ങളിലെ വിജയിയുമാണ്. നിജത് അബസോവ്: അസർബൈജൻ ഗ്രാൻഡ് മാസ്റ്റർ. വയസ്: 28. റേറ്റിംഗ്: 2632. ഫിഡെ ലോകകപ്പ് മത്സരത്തിൽ നാലാം സ്ഥാനം. കാൾസണ് പിൻവങ്ങിയതിനാൽ അവസരം ലഭിച്ചു. ഹിക്കാരു നകാമുറ: അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ. വയസ്: 36. റേറ്റിംഗ്: 2789. ഗ്രാൻഡ് സ്വിസ് ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് യോഗ്യത നേടി. അലിരേസ ഫിറോസ: ഫ്രഞ്ച് ഗ്രാൻഡ്മാസ്റ്റർ. വയസ്: 20. റേറ്റിംഗ്: 2682. 2024 ജനുവരിയിലെ റേറ്റിംഗ് ബെസ്റ്റ്് ആയതിനാൽ യോഗ്യത ലഭിച്ചു.
അർ. പ്രജ്ഞാനന്ദ: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ. വയസ്: 18. റേറ്റിംഗ്: 2747. ഫിഡെ വേൾഡ് കപ്പിൽ കാൾസണിനു പിന്നിലായി രണ്ടാം സ്ഥാനം നേടി കാൻഡിഡേറ്റ് കളിക്കാൻ യോഗ്യത നേടി. ഡി. ഗുകേഷ്: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ. വയസ്: 17. റേറ്റിംഗ്: 2743. 2023ലെ ഫിഡെ സർക്യൂട്ട് ടൂർണമെന്റിൽ രണ്ടാമതായി യോഗ്യതനേടി. വിദിത് സന്തോഷ് ഗുജറാത്തി: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ. വയസ്: 29. റേറ്റിംഗ്: 2727. ഫിഡെ ഗ്രാൻഡ് സ്വിസ് ടൂർണമെന്റിൽ ജേതാവായി യോഗ്യത സ്വന്തമാക്കി. വനിതാ വിഭാഗത്തിൽ മത്സരരംഗത്തുള്ളവർ: ലീ ടിങ്ജീ: ചൈനീസ് ഗ്രാൻഡ് മാസ്റ്റർ. വയസ്: 27. റേറ്റിംഗ്: 2550. മുൻവർഷത്തെ കാൻഡിഡേറ്റ്സ് വിജയി. താൻ സോങ്യ: ചൈനീസ് ഗ്രാൻഡ്മാസ്റ്റർ. വയസ്: 32. റേറ്റിംഗ്: 2521. മുൻ വനിതാ ലോക ചാന്പ്യൻ. വനിതാ ഗ്രാൻഡ് സ്വിസ് ടൂർണമെന്റിൽ രണ്ടാമതെത്തി യോഗ്യത നേടി. അലക്സാന്ദ്ര യുറി ഗോറിയച്കിന: റഷ്യൻ ഗ്രാൻഡ്മാസ്റ്റർ. വയസ്: 25. റേറ്റിംഗ്: 2553. 2020 ലോകചാന്പ്യൻഷിപ്പിലെ ചലഞ്ചർ ആയിരുന്നു. വനിത ഗ്രാൻഡ് പ്രിക്സിൽ രണ്ടാം സ്ഥാനം നേടി യോഗ്യത കരസ്ഥമാക്കി. കാത്തെറിന ലാഗ്നോ: റഷ്യൻ ഗ്രാൻഡ് മാസ്റ്റർ. വയസ്: 34. റേറ്റിംഗ്: 2542. വനിതാ ഗ്രാൻഡ് പ്രിക്സ് ജേതാവാണ്. നർഗുൽ സാലിമോവ: ബെൾഗേറിയൻ ഗ്രാൻഡ് മാസ്റ്റർ. വയസ്: 20. റേറ്റിംഗ്: 2432. വനിതാ ലോകകപ്പിൽ രണ്ടാം സ്ഥാനത്തെത്തി യോഗ്യത നേടി. അന്ന മുസിചുക്: യുക്രെയ്ൻ ഗ്രാൻഡ് മാസ്റ്റർ. വയസ്: 34. റേറ്റിംഗ്: 2520. വനിത ലോകകപ്പിൽ മൂന്നാം സ്ഥാനത്തോടെ യോഗ്യത. കൊനേരു ഹംപി: ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ. വയസ്: 37. റേറ്റിംഗ്: 2546. രണ്ടുതവണ ലോകചാന്പ്യൻഷിപ്പിന്റെ ഫൈനൽ കളിച്ചു. റേറ്റിംഗ് മികവുകൊണ്ട് ഇത്തവണ യോഗ്യത. ആർ. വൈശാലി: ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ: വയസ്: 22.റേറ്റിംഗ്: 2480. 2023 വനിത ഗ്രാൻഡ് സ്വിസ് ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടി യോഗ്യത സ്വന്തമാക്കി. 6.72 കോടി സമ്മാനം ഇരുവിഭാഗത്തിലെയും ഒാരോ കളിക്കാരും മറ്റേഴു പേരുമായി രണ്ടു തവണ ഏറ്റുമുട്ടി കൂടുതൽ പോയിന്റ് കിട്ടുന്നയാളായിരിക്കും ലോക ചെസ് ചാന്പ്യനെ നേരിടാൻ യോഗ്യത നേടുക. നാളെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.30ന് (ഇന്ത്യൻ സമയം നാളകഴിഞ്ഞ് പുലർച്ചെ 12.00) ആദ്യ റൗണ്ട് മത്സരം നടക്കും. ഇരുവിഭാഗത്തിലും ആദ്യദിനം ഇന്ത്യൻ പോരാട്ടം അരങ്ങേറും. ഓപ്പണ്‍ വിഭാഗത്തിൽ ഡി. ഗുകേഷും വിദിത് ഗുജറാത്തിയും ആദ്യദിനം കൊന്പുകോർക്കും. വനിതാ വിഭാഗത്തിൽ ആർ. വൈശാലിയും കൊനേരു ഹംപിയും ഏറ്റുമുട്ടും. പ്രജ്ഞാനന്ദയുടെ ആദ്യറൗണ്ട് എതിരാളി ഫ്രഞ്ച് താരം അലിരേസ ഫിറോസയാണ്. കാൻഡിഡേറ്റ്സ് മത്സരത്തിൽ ആകെ 6.72 കോടി (7.50 ലക്ഷം യൂറോ) രൂപയാണ് സമ്മാനത്തുക. ഓപ്പണ്‍ വിഭാഗത്തിൽ അഞ്ചു ലക്ഷം യൂറോ, വനിതാ വിഭാഗത്തിൽ 2.5 ലക്ഷം യൂറോ എന്നിങ്ങനെയാണത്.
Source link