ബാൾട്ടിമോർ അപകടം: രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി, കപ്പലിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു
വാഷിങ്ടണ്‍: യു.എസിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്ന അപകടത്തിൽ പുഴയിലേക്ക് വീണ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്സ്കോ പുഴയിൽ ചുവപ്പ് പിക്കപ്പിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. കാണാതായ എട്ടുപേരിൽ രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പാലത്തിലെ കുഴികൾ നികത്തുന്ന പണിയിലേർപ്പെട്ടിരുന്നവരാണ് എട്ടുപേരും. മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവദോർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണിവർ. ഇരുട്ടും അടിയൊഴുക്കും വെള്ളത്തിന്റെ കൊടുംതണുപ്പും കാരണം ചൊവ്വാഴ്ച രാത്രി നിർത്തിവെച്ച തിരച്ചിൽ ബുധനാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ബാക്കിയുള്ള നാലുപേർക്കായുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡ് അവസാനിപ്പിച്ചു. തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്തതിനുശേഷം ഇവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും. അതേസമയം, അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താനായി കപ്പലിലെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തിട്ടുണ്ട്.
Source link