CINEMA

പ്രതികരിക്കാൻ തമിഴ്നാട്ടിൽ ആളില്ലെന്ന് മലയാളികൾ കരുതരുത്: ജയമോഹനെതിരെ ഭാഗ്യരാജ്

‘മഞ്ഞുമ്മൽ ബോയ്സി’നെ വിമർശിച്ച എഴുത്തുകാരൻ ജയമോഹനെതിരെ തമിഴ് നടനും സംവിധായകനുമായ  ഭാഗ്യരാജ്. ഒരു സിനിമയെ വിമർശിക്കുമ്പോൾ ഒരു ജനതയെ ഒന്നാകെ അടച്ചാക്ഷേപിക്കുന്നത് തമിഴന്റെ രീതിയല്ലെന്നും തമിഴർ മറ്റുള്ളവരെ ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നവരാണെന്നും ഭാഗ്യരാജ് പറഞ്ഞു. മലയാളികളെ ആക്ഷേപിച്ച ജയമോഹനെതിരെ പറയാൻ തമിഴിൽ ആരുമില്ലെന്ന് മലയാളികൾ കരുതരുതെന്നും അതുകൊണ്ടാണ് തന്റെ അഭിപ്രായം ഇപ്പോൾ തുറന്നു പറഞ്ഞതെന്നും ഭാഗ്യരാജ് പറഞ്ഞു. ആൻഡ്രിയ ജെറമിയ നായികയാകുന്ന ‘കാ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു താരം പ്രതികരിച്ചത്.

‘‘ഇത് വിവാദം സൃഷ്ടിക്കുമെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് ഇത് പറഞ്ഞേതീരൂ.  മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം കേരളത്തിലേക്കാൾ തമിഴിൽ വൻ വിജയമായി. അതിൽ സന്തോഷമുണ്ട്. പക്ഷേ ഒരു തമിഴ് എഴുത്തുകാരൻ ചിത്രത്തെ വിമർശിക്കാൻ വളരെ താഴ്ന്ന നിലയിലേക്ക് പോയത് സങ്കടകരമാണ്. അദ്ദേഹം വളരെ പ്രശസ്തനായ ഒരു എഴുത്തുകാരനാണ്. സിനിമയിലെ തെറ്റുകുറ്റങ്ങളാണ് അദ്ദേഹം വിമർശിച്ചിരുന്നെങ്കിൽ കുഴപ്പമില്ല.  

പക്ഷേ അങ്ങനെയല്ല അദ്ദേഹം ചെയ്തത്, അദ്ദേഹം മലയാളികൾക്കെതിരെ ചില പ്രസ്താവനകൾ നടത്തി.  അങ്ങനെ പറയുന്നത് തമിഴന്റെ സംസ്കാരമല്ല.  നമ്മൾ എല്ലാവരെയും പ്രശംസിക്കുന്നവരാണ്. പക്ഷേ ആരെയും ഇത്ര താഴ്ന്ന നിലയിൽ വിമർശിക്കാറില്ല.  അത് നമ്മുടെ പാരമ്പര്യമല്ല. സിനിമയിൽ തമിഴരെ ചിത്രീകരിക്കുന്ന രീതിയോ അത്തരത്തിലുള്ള കാര്യങ്ങളോ തനിക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ അത് വിമർശനമായി കണക്കാക്കാം. എന്നാൽ കേരളീയരെ വ്യക്തിപരമായി ആക്രമിച്ചത് വളരെ മോശമായിപ്പോയി. 
ആ സമയത്ത് ഞാൻ പ്രതികരിച്ചാൽ അത് എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ ആകുമായിരുന്നു. വിവാദം ഒന്നടങ്ങിയിട്ട് പറയാം എന്നു കരുതി ഇരിക്കുകയായിരുന്നു. ഇത്തരം ഒരു കാര്യം സംഭവിച്ചിട്ട് അതിൽ പ്രതികരിക്കാൻ തമിഴ്നാട്ടിൽ ആളില്ലെന്ന് മലയാളികൾ കരുതരുത്, അതാണ് ഞാൻ ഇപ്പോൾ ഇങ്ങനൊരു പ്രസ്താവന നടത്തുന്നത്.

എന്റെ സിനിമകളിലും കേരളവും മലയാളികളുമായി ബന്ധപ്പെട്ട തമാശകൾ ഉപയോഗിച്ചിട്ടുണ്ട്. ചിലതൊക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത് വ്യക്തിപരമായ ഒരാക്രമണായിപ്പോയി. നിശ്ചമായും അവർ വേദനിച്ചിട്ടുണ്ടാകും. നമുക്ക് അവർ തരുന്നൊരു മര്യാദ ഉണ്ട്. നമ്മുടെ ടെക്നീഷ്യൻസിനെയൊക്കെ അവർ അങ്ങനെയാണ് നോക്കുന്നത്. അങ്ങനെയുള്ള അവർക്കെതിരെ നടത്തിയ ആ പ്രസ്താവന എന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു’’. –ഭാഗ്യരാജ് പറഞ്ഞു.
സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തില്‍ ‘പെറുക്കികളെ’ സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്’ എന്നായിരുന്നു ജയമോഹന്റെ വിവാദ പരാമർശം. ജയമോഹനന്റെ പരാമർശത്തിൽ രൂഷമായ എതിർപ്പാണ് തമിഴ്, മലയാളം ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഉണ്ടായത്. 

English Summary:
K Bhagyaraj: ‘Jeyamohan shouldn’t have used such words while criticising Manjummel Boys’


Source link

Related Articles

Back to top button