INDIALATEST NEWS

ചോദ്യത്തിന് കോഴ: മഹുവയ്ക്കെതിരെ വിശദാന്വേഷണത്തിന് സിബിഐ

ചോദ്യത്തിന് കോഴ: മഹുവയ്ക്കെതിരെ വിശദാന്വേഷണത്തിന് സിബിഐ – Bribery for question: CBI for detailed investigation against Mahua Moitra | India News, Malayalam News | Manorama Online | Manorama News

ചോദ്യത്തിന് കോഴ: മഹുവയ്ക്കെതിരെ വിശദാന്വേഷണത്തിന് സിബിഐ

മനോരമ ലേഖകൻ

Published: March 20 , 2024 03:21 AM IST

1 minute Read

മഹുവ മൊയ്‌ത്ര (File Photo: JOSEKUTTY PANACKAL / MANORAMA)

ന്യൂഡൽഹി ∙ ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് എതിരെ വിശദമായ അന്വേഷണം നടത്താൻ സിബിഐയോടു ലോക്പാൽ നിർദേശിച്ചു. 6 മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് അഭിലാഷ കുമാരി, അർച്ചന രാമസുന്ദരം, മഹേന്ദർ സിങ് എന്നിവരടങ്ങിയ ലോക്‌പാൽ ബെഞ്ച് ഉത്തരവിട്ടു. 
ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായിയായ ദർശൻ ഹീരാനന്ദാനിയിൽനിന്ന് മഹുവ പണം വാങ്ങിയെന്നു ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി തീർപ്പിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മഹുവയെ കഴിഞ്ഞ ഡിസംബറിൽ ലോക്സഭയിൽനിന്ന് പുറത്താക്കി. വരുന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ മഹുവ തൃണമൂൽ സ്ഥാനാർഥിയാണ്.

മഹുവയ്ക്കെതിരെ അഭിഭാഷകൻ ജയ് ആനന്ദ് ദെഹദ്റായ് നൽകിയ പരാതി ബിജെപി ലോക്സഭാംഗം നിഷികാന്ത് ദുബെ ലോക്പാലിനു കൈമാറിയിരുന്നു. ഈ പരാതിയിലാണു കഴിഞ്ഞ നവംബറിൽ ലോക്പാലിന്റെ നിർദേശപ്രകാരം സിബിഐ പ്രാഥമിക അന്വേഷണം നടത്തിയത്. അതെക്കുറിച്ചു സിബിഐ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് നിർദേശം.
പണം വാങ്ങിയെന്ന ആരോപണം ഗുരുതരമാണെങ്കിലും അതു സ്ഥാപിക്കാൻ തക്ക തെളിവുകൾ കണ്ടെത്താൻ പ്രാഥമിക അന്വേഷണത്തിൽ സാധിച്ചില്ലെന്നും വിശദമായ അന്വേഷണം വേണമെന്നുമാണു ലോക്പാലിനോടു സിബിഐ വ്യക്തമാക്കിയത്. സമ്മാനങ്ങളും വിമാന ടിക്കറ്റുകളും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും‍ ഡൽഹിയിലെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാനുള്ള സഹായവും മഹുവ വാങ്ങിയെന്ന് തെളിഞ്ഞെന്നും സിബിഐ വ്യക്തമാക്കി.

എന്നാൽ, ലോക്സഭാംഗത്തിനു ചോദ്യങ്ങൾ ഫയൽ ചെയ്യാനുള്ള പോർട്ടലിന്റെ ലോഗിൻ വിവരങ്ങൾ ദർശനു കൈമാറിയത് ആനുകൂല്യങ്ങൾ കൈപ്പറ്റിയശേഷമാണെന്ന ആരോപണം തെളിയിക്കാനും വിശദമായ അന്വേഷണം വേണമെന്നാണു സിബിഐ പറഞ്ഞിട്ടുള്ളത്. ഉന്നത രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കുമെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങൾ പരിശോധിച്ചു നടപടിയെടുക്കാൻ നിയോഗിക്കപ്പെട്ടതാണ് അഴിമതിവിരുദ്ധ ഓംബുഡ്സ്മാനെന്ന് അറിയപ്പെടുന്ന ലോക്പാൽ.

English Summary:
Bribery for question: CBI for detailed investigation against Mahua Moitra

40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-20 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mahuamoitra 1n4kk4u1gva4nbfpqqdes5oq30 mo-legislature-loksabha mo-news-common-malayalamnews 6anghk02mm1j22f2n7qqlnnbk8-2024-03-20 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 mo-judiciary-lawndorder-cbi 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button