കാലിക്കട്ട് ഹീറോസ് ഫൈനലിൽ
ചെന്നൈ: പ്രൈം വോളിബോൾ മൂന്നാം സീസണിൽ കാലിക്കട്ട് ഹീറോസ് ഫൈനലിൽ. സൂപ്പർ ഫൈവ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഹീറോസ് നേരിട്ട് ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. സൂപ്പർ ഫൈവിലെ തങ്ങളുടെ അവസാന മത്സരം കളിക്കുന്നതിനു മുന്പുതന്നെ കാലിക്കട്ട് ഫൈനൽ ഉറപ്പാക്കിയെന്നതാണ് ശ്രദ്ധേയം. കാരണം, മൂന്ന് മത്സരങ്ങളിൽ അഞ്ച് പോയിന്റ് ഉണ്ടായിരുന്ന ഡൽഹി തൂഫാൻസ് സൂപ്പർ ഫൈവിൽ തങ്ങളുടെ അവസാന മത്സരത്തിൽ മുംബൈ മിറ്റിയോഴ്സിനോട് 3-1നു പരാജയപ്പെട്ടു. ഇതോടെ അഹമ്മദാബാദ് ഡിഫെൻഡേഴ്സിന് എതിരായ സൂപ്പർ ഫൈവിലെ അവസാന മത്സരം കളിക്കുന്നതിനു മുന്പുതന്നെ കാലിക്കട്ട് ഫൈനലിലേക്ക് മുന്നേറി. ഡൽഹി തൂഫാൻസ് മുംബൈ മിറ്റിയോഴ്സിനെതിരേ ജയിച്ചിരുന്നെങ്കിൽ അഹമ്മദാബാദിനെ കീഴടക്കിയാൽ മാത്രമേ കാലിക്കട്ടിനു സൂപ്പർ ഫൈവ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും നേരിട്ട് ഫൈനലിലേക്ക് മുന്നേറാനും സാധിക്കുമായിരുന്നുള്ളൂ. കാരണം, മൂന്ന് മത്സരങ്ങളിൽ ആറ് പോയിന്റായിരുന്നു കാലിക്കട്ടിന്.
അതേസമയം, സൂപ്പർ ഫൈവിലെ അവസാന പോരാട്ടത്തിൽ കാലിക്കട്ട് അഹമ്മദാബാദ് ഡിഫെൻഡേഴ്സിനോട് തോറ്റു. സ്കോർ: 18-16, 15-13, 11-15, 8-15, 13-15. 15-11, 12-15, 15-12, 17-15നായിരുന്നു ഡൽഹി തൂഫാൻസിനെ മുംബൈ മിറ്റിയോഴ്സ് കീഴടക്കിയത്. നാല് മത്സരങ്ങളിൽ അഞ്ച് പോയിന്റുമായി സൂപ്പർ ഫൈവ് ടേബിളിൽ രണ്ടാം സ്ഥാനത്തോടെ ഡൽഹി പ്ലേ ഓഫ് എലിമിനേറ്ററിനു യോഗ്യത നേടി. ചൊവ്വാഴ്ചയാണ് കാലിക്കട്ടിന്റെ ഫൈനലിലെ എതിരാളിയാരാണെന്ന് നിശ്ചയിക്കുന്ന എലിമിനേറ്റർ പോരാട്ടം. 21ന് ഫൈനൽ അരങ്ങേറും.
Source link