ഐപിഎൽ രണ്ടാംപാദം വിദേശത്ത് നടത്തിയേക്കുമെന്ന് സൂചന
മുംബൈ: രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ 2024 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ രണ്ടാംപാദം വിദേശത്തേക്ക് മാറ്റാൻ ബിസിസിഐ നീക്കം നടത്തുന്നതായി സൂചന. ഇതിന്റെ ഭാഗമായി ബിസിസിഐ പ്രതിനിധികൾ യുഎഇയിൽ സന്ദർശനം നടത്തുകയാണെന്നും റിപ്പോർട്ടുണ്ട്. ഐപിഎൽ 2024 സീസണിലേക്ക് ഇനി അഞ്ച് ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 22ന് ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. ഏപ്രിൽ ഏഴ് വരെയായി 21 മത്സരങ്ങളുടെ ഫിക്സ്ചറാണ് നിലവിൽ ബിസിസിഐ പ്രഖ്യാപിച്ചത്. ഏപ്രിൽ 19 മുതൽ പൊതുതെരഞ്ഞെടുപ്പ് ആരംഭിക്കും. ഏഴ് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാന വോട്ടിംഗ് ജൂണ്‍ ഒന്നിനാണ്. തുടർന്ന് ജൂണ്‍ നാലിന് ഫലപ്രഖ്യാപനം.
മാർച്ച് 22 മുതൽ മേയ് 26വരെയാണ് ഐപിഎൽ 2024 സീസണ് നടക്കേണ്ടത്. പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 2009, 2014 ഐപിഎൽ സീസണുകൾ വിദേശത്ത് നടത്തിയിരുന്നു. 2009 സീസണിലെ മുഴുവൻ മത്സരങ്ങളും ദക്ഷിണാഫ്രിക്കയിലായിരുന്നു നടത്തിയത്. 2024ൽ ആദ്യ 20 മത്സരങ്ങൾക്ക് യുഎഇ വേദിയായി. എന്നാൽ, 2019ൽ പൊതുതെരഞ്ഞെടുപ്പ് ഉണ്ടായിരുന്നെങ്കിലും ഐപിഎൽ പൂർണമായി ഇന്ത്യയിൽവച്ച് നടത്തിയെന്നതും ശ്രദ്ധേയം. 2024 സീസണ് രണ്ടാംപാദം ഇന്ത്യക്കു പുറത്തേക്ക് കൊണ്ടുപോകുകയാണെങ്കിൽ യുഎഇക്ക് പുറമേ യുഎസ്എയും പരിഗണനയിലുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കാരണം, 2024 ഐസിസി ട്വന്റി-20 ലോകകപ്പ് ആതിഥേയരാണ് യുഎസ്എ.
Source link