ചെന്പടയുടെ സ്വന്തം സല
ലിവർപൂൾ: ഗോൾ നേടി ലിവർപൂളിനൊപ്പം ചരിത്രം കുറിച്ച് മുഹമ്മദ് സല. യൂറോപ്പ ലീഗ് ഫുട്ബോളിൽ വൻ ജയത്തോടെ ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ. രണ്ടാംപാദ മത്സരത്തിൽ ലിവർപൂൾ 6-1ന് സ്പാർട്ട പ്രാഗിനെ തോൽപ്പിച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി 11-2ന്റെ ജയം നേടി. പത്താം മിനിറ്റിൽ സലയുടെ ഗോളിനു പുറമെ ഡാർവിൻ നുനെസ് (7’), ബോബി ക്ലാർക്ക് (8’), കോഡി ഗാക്പോ (14’, 56’), ഡൊമിനിക് സൊബോസ് ലായി (48’) എന്നിവരും വല കുലുക്കി. സ്പാർട്ട പ്രാഗിനായി വെൽകോ ബ്രിമാൻസിവിച്ച് (42’) ആശ്വാസ ഗോൾ നേടി. ലിവർപൂളിനായി തുടർച്ചയായ ഏഴു സീസണുകളിൽ കുറഞ്ഞത് 20 ഗോളെങ്കിലും നേടുന്ന ആദ്യ കളിക്കാരനെന്ന നേട്ടമാണ് സല കൈവരിച്ചത്. മത്സരത്തിൽ മൂന്ന് അസിസ്റ്റും ഈജിപ്ഷ്യൻ താരം നടത്തി. 21-ാം നൂറ്റാണ്ടിൽ സലയ്ക്കു മുന്പ് ലയണൽ മെസി (13), ലൂയിസ് സുവാരസ് (9), ക്രിസ്റ്റ്യാനോ റൊണാൾഡോ (9) എന്നിവർ മാത്രമാണ് ഈ നേട്ടം കൈവരിച്ചവർ. ഈ സീസണിൽ 20 ഗോളുകളും 10 അസിസ്റ്റുകളും താരം കുറിച്ചു.
പിന്നിൽ നിന്ന ബെയർ ലെവർകൂസൻ രണ്ടാംപാദ പ്രീക്വാർട്ടറിൽ ലെവർകൂസൻ 3-2ന് ക്വാരബാഗിനെ പരാജയപ്പെടുത്തി. ഇതോടെ ഇരുപാദങ്ങളിലുമായി ജർമൻ ക്ലബ്ബിന് 5-4ന്റെ ജയം. രണ്ടു ഗോളിനു മുന്നിൽ നിന്നശേഷമാണ് അസർബൈജൻ ക്ലബ്ബിന്റെ തോൽവി. പാട്രിക് ഷിക്ക് ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളുകൾ ബെയർ ലെവർകൂസന് ജയമൊരുക്കി. ഇതോടെ ലെവർകൂസന്റെ തോൽവി അറിയാതെയുള്ള മത്സരങ്ങളുടെ എണ്ണം 37 ആയി. ആദ്യപാദത്തിലും രണ്ടു ഗോളിനു മുന്നിൽനിന്നശേഷമാണ് ക്വാരബാഗ് സമനില വഴങ്ങിയത്. അത്ലാന്ത, ബെൻഫിക്ക, വെസ്റ്റ് ഹാം യുണൈറ്റഡ്, എഎസ് റോമ, മാഴ്സ, എസി മിലാൻ ക്ലബ്ബുകൾ ക്വാർട്ടറിലെത്തി.
Source link