ഹൂതികളുടെ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി
ദോഹ: ചരക്കുകപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ വലിയ ആക്രമണം നടത്തിയതായി യുഎസ് നേവി അറിയിച്ചു. ചെങ്കടലിലും ഏദൻ ഉൾക്കടലിലുമാണ് ആക്രമണമുണ്ടായത്. ഹൂതികൾ തൊടുത്ത 15 ഡ്രോണുകൾ യുഎസും സഖ്യകക്ഷികളും ചേർന്നു വെടിവച്ചിട്ടു. പലസ്തീനു പിന്തുണ പ്രഖ്യാപിച്ചു കപ്പലുകൾക്കു നേർക്കു മിസൈലുകളും ഡ്രോണുകളും തൊടുക്കുന്ന ഹൂതികളുടെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ഇന്നലെ നടന്നതെന്ന് യുഎസ് സൈനികവൃത്തങ്ങൾ പറഞ്ഞു. ചരക്കുകപ്പലുകൾക്കു വലിയ ഭീഷണിയെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസിന്റെയും സഖ്യകക്ഷികളുടെയും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഇടപെട്ടത്. രണ്ട് ഓപ്പറേഷനുകളാണു നടത്തിയതെന്ന് ഹൂതി വക്താവ് യഹിയ സരീ അറിയിച്ചു.
പ്രൊപ്പൽ ഫോർച്യൂൺ എന്ന ചരക്കുകപ്പലിനു നേർക്കായിരുന്നു ആദ്യ ആക്രമണം. രണ്ടാമത്തെ ആക്രമണത്തിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾക്കു നേർക്ക് 37 ഡ്രോണുകൾ പ്രയോഗിച്ചുവെന്നും യഹിയ അവകാശപ്പെട്ടു. നവംബർ മുതൽ ഹൂതികൾ കപ്പലുകളാക്രമിക്കുന്നുണ്ട്. ഏതാനും ദിവസം മുന്പ് ട്രൂ കോൺഫിഡൻസ് എന്ന കപ്പലിനു നേർക്കുണ്ടായ ആക്രമണത്തിൽ മൂന്ന് ജീവനക്കാർ കൊല്ലപ്പെടുകയുണ്ടായി. അതിനു മുന്പ് ആക്രമണം നേരിട്ട റൂബിമർ എന്ന കപ്പൽ മുങ്ങി.
Source link