ബാറ്റർമാർ സൂപ്പർ ഹിറ്റ്; ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്ത്യ
ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റർമാർ സൂപ്പർ ഹിറ്റായി. ഇന്ത്യയുടെ മുൻനിര അഞ്ച് ബാറ്റർമാർ ചേർന്ന് രണ്ട് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും കുറിച്ചതോടെ ഇംഗ്ലണ്ട് ചിത്രത്തിൽനിന്ന് ഒൗട്ട്. ക്യാപ്റ്റൻ രോഹിത് ശർമ (103), ശുഭ്മാൻ ഗിൽ (110) എന്നിവരാണ് സെഞ്ചുറി നേടിയത്. അരങ്ങേറ്റക്കാരൻ ദേവ്ദത്ത് പടിക്കൽ (65), സർഫറാസ് ഖാൻ (56) എന്നിവർ ഇന്നലെയും യശസ്വി ജയ്സ്വാൾ (57) ആദ്യദിനവും അർധസെഞ്ചുറി നേടി. ഒന്‍പതാം വിക്കറ്റിൽ കുൽദീപ് യാദവും (27 നോട്ടൗട്ട്) ജസ്പ്രീത് ബുംറയും (19 നോട്ടൗട്ട്) നടത്തിയ വൻ ചെറുത്തുനിൽപ്പോടെയാണ് രണ്ടാംദിനം അവസാനിച്ചത്. കുൽദീപ്-ബുംറ കൂട്ടുകെട്ട് 108 പന്തിൽ 45 റണ്‍സ് എടുത്തു. സ്കോർ: ഇംഗ്ലണ്ട് 218. ഇന്ത്യ 473/8. 255 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായാണ് ഇന്ത്യ രണ്ടാംദിനം ക്രീസ് വിട്ടത്. രോഹിത് റിക്കാർഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 135 എന്ന നിലയിലാണ് ഇന്നലെ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. നേരിട്ട 154-ാം പന്തിൽ രോഹിത് സെഞ്ചുറിയിലെത്തി. രാജ്യാന്തര കരിയറിൽ ഓപ്പണറായി രോഹിത്തിന്റെ 43-ാം സെഞ്ചുറിയാണ്. ഓപ്പണറായി ഏറ്റവും കൂടുതൽ സെഞ്ചുറിയിൽ ക്രിസ് ഗെയ്ലിനെ (42) രോഹിത് മറികടന്നു. ഡേവിഡ് വാർണർ (49), സച്ചിൻ തെണ്ടുൽക്കർ (45) എന്നിവരാണ് ഇനി രോഹിത്തിനു മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരേ ഓപ്പണറായി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി എന്ന റിക്കാർഡിൽ സുനിൽ ഗാവസ്കറിന് ഒപ്പവും രോഹിത് എത്തി. ഇരുവർക്കും നാല് സെഞ്ചുറി വീതമാണുള്ളത്. ടെസ്റ്റ് കരിയറിൽ രോഹിത്തിന്റെ 12-ാം സെഞ്ചുറിയാണ്.
രാജ്യാന്തര കരിയറിൽ 48-ാമത്തേതും. ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ പന്തിൽ ബൗൾഡായാണ് രോഹിത് പുറത്തായത്. ഈ പരന്പരയിൽ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണ്. 162 പന്ത് നേരിട്ട് മൂന്ന് സിക്സും 13 ഫോറും ഉൾപ്പെടെയാണ് രോഹിത് 103 റണ്‍സ് നേടിയത്. ഗിൽ, ദേവ്ദത്ത്, സർഫറാസ് നേരിട്ട 137-ാം പന്തിലാണ് ഗിൽ സെഞ്ചുറിയിലെത്തിയത്. ഈ പരന്പരയിൽ ഗില്ലിന്റെ രണ്ടാം സെഞ്ചുറി, ടെസ്റ്റ് കരിയറിൽ നാലാമത്തെയും. 150 പന്തിൽനിന്ന് അഞ്ച് സിക്സും 12 ഫോറും ഉൾപ്പെടെ 110 റണ്‍സ് നേടിയ ഗില്ലിനെ ജയിംസ് ആൻഡേഴ്സണ് ബൗൾഡാക്കി. ഗിൽ-രോഹിത് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 171 റണ്‍സ് പിറന്നു. ഗില്ലും രോഹിത്തും പുറത്തായെങ്കിലും നാലാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കലും സർഫറാസ് ഖാനും ചേർന്ന് 97 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. അരങ്ങേറ്റ ഇന്നിംഗ്സിൽ 103 പന്തിൽ 65 റണ്‍സുമായി ദേവ്ദത്ത് മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ഷൊയ്ബ് ബഷീറിനെ സിക്സർ പറത്തിയായിരുന്നു ദേവ്ദത്ത് അർധസെഞ്ചുറി തികച്ചത്. 60 പന്ത് നേരിട്ട സർഫറാസ് 56 റണ്‍സ് നേടി. ഈ പരന്പരയിൽ സർഫറാസിന്റെ മൂന്നാം അർധസെഞ്ചുറിയാണ്. പിന്നീടെത്തിയ രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറെൽ (15), ആർ. അശ്വിൻ (0) എന്നിവർക്ക് അധികനേരം ക്രീസിൽ തുടരാൻ സാധിച്ചില്ല. എന്നാൽ, രണ്ടാംദിവസത്തെ അവസാന മണിക്കൂറിൽ കുൽദീപും ബുംറയും വൻമതിൽ പ്രതിരോധവുമായി ഇംഗ്ലീഷ് ബൗളർമാരെ ജയിച്ചു. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീർ നാലും ടോം ഹാർട്ട്ലി രണ്ടും വിക്കറ്റ് വീഴ്ത്തി.
Source link