CINEMA

സൗഹൃദത്തിന്റെ ആഴം അളന്നവർ; ഇതാ ‘റിയൽ ആൻഡ് റീൽ’ മഞ്ഞുമ്മൽ ബോയ്സ്


കൊടൈക്കനാലിലെ ഗുണ കേവിന്റെ ആഴങ്ങളിൽ അതുവരെ വീണുമരിച്ചത് 13 പേർ. രക്ഷപ്പെട്ടതോ സുഭാഷ് എന്ന മഞ്ഞുമ്മൽ സ്വദേശി മാത്രം. ഗുഹയുടെ ഇരുട്ടിൽ, നൂറടി താഴ്ചയിൽ നിന്നു സുഭാഷിനെ സിജു ജീവിതത്തിലേക്കു പിടിച്ചുകയറ്റുകയായിരുന്നു. സൗഹൃദത്തിന്റെ ആഴത്തിൽ മരണം ഓടിയൊളിച്ച നിമിഷം! ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമ മലയാളക്കരയിൽ തരംഗമാകുമ്പോൾ, 17 വർഷങ്ങൾക്കു മുൻപ് മലയാള മനോരമയുടെ  ‘ശ്രീ’ എന്ന ഞായറാഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ഇവരുടെ സൗഹൃദത്തിന്റെ കഥ ലോകമറിയുന്നത്. 
എറണാകുളം ജില്ലയിലെ ഇടപ്പള്ളിക്കടുത്തുള്ള മഞ്ഞുമ്മൽ ഗ്രാമത്തിലെ ഓരോ നിമിഷവും അവർക്ക് ആഘോഷമായിരുന്നു. യുവദർശന ക്ലബിൽ അന്ന് 40 അംഗങ്ങൾ. എല്ലാവരും 18– 22 പ്രായക്കാർ. അതിലെ 11 പേർ ചേർന്ന് ഒരു യാത്ര പ്ലാൻ ചെയ്തു. മഞ്ഞുമ്മലിൽനിന്ന് കൊടൈക്കനാലിലേക്കൊരു യാത്ര. നടുക്കുന്ന ആ ഓർമകളിലേക്ക് വീണ്ടും യാത്ര പോവുകയാണ് ഇന്നത്തെ മഞ്ഞുമ്മൽ ബോയ്സ്. 

സാത്താന്റെ അടുക്കള
2006 സെപ്റ്റംബർ 2. അന്നാണ് സംഘം കൊടൈക്കനാലിലേക്കു യാത്ര തിരിച്ചത്. 10 പേർക്കു കയറാവുന്ന വാഹനത്തിൽ 11 പേർ. സിജു ഡേവിഡിനെയും സുഭാഷിനെയും കൂടാതെ അഭിലാഷ്, സുധീഷ്, സിജു, സുജിത്ത്, ജിൻസൻ, കൃഷ്ണകുമാർ, പ്രസാദ്, സിക്‌സൺ, അനിൽ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.

സിജു ‍ഡേവിഡും കുടുംബവും, സിനിമയിൽ സിജുവിനെ അവതരിപ്പിച്ചത് സൗബിൻ ഷാഹിർ

പിറ്റേന്നായിരുന്നു ഗുണ കേവ് സന്ദർശനം. കമൽഹാസന്റെ ‘ഗുണ’ എന്ന സിനിമയിലെ രംഗങ്ങൾ അവിടെ ചിത്രീകരിച്ചതോടെയാണ് ഇതിനു ഗുണ കേവ് എന്ന പേരു വീണത്. അതിനുമുൻപ് ഡെവിൾസ് കിച്ചൻ എന്നായിരുന്നു പറഞ്ഞിരുന്നത്– അപകടങ്ങൾ ഒളിപ്പിച്ചുവച്ച സാത്താന്റെ അടുക്കള. 
Read more at: 32 വർഷമായി, പലരും കളിയാക്കി, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടൻപില്ലർ റോക്സ് എന്നറിയപ്പെടുന്ന ചെങ്കുത്തായ പാറകൾക്കുള്ളിലാണ് ഈ ഗുഹ. കുത്തനെയുള്ള പാറക്കെട്ടുകളിറങ്ങി മഞ്ഞുമ്മൽ സംഘവും ഗുഹയിലേക്കു കടന്നു. കനത്ത ഇരുട്ടാണു ഗുഹയിൽ. നടുക്കായി പാറകൾക്കിടയിൽ ഒരു കുഴിയുണ്ട് കാലൊന്നു നീട്ടിവച്ചാൽ ചാടിക്കടക്കാവുന്നതേയുള്ളു. മൂന്നു പേർ ചാടിക്കടന്നു. നാലാമതായിരുന്നു സുഭാഷ്. സുഭാഷിന്റെ ലക്ഷ്യം അൽ‌പം പിഴച്ചു. കാലിടറി നേരെ കുഴിയിലേക്ക്. എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കും മുൻപേ, സുഭാഷിന്റെ നിലവിളി ശബ്ദം സാത്താന്റെ അടുക്കളയുടെ ഉള്ളറകളിലെവിടെയോ നേർത്ത് ഇല്ലാതായി. 

സുധീഷും കുടുംബവും– സിനിമയിൽ സുധീഷിനെ അവതരിപ്പിച്ചത് ദീപക് പറമ്പോൽ

ദുരന്തത്തിന്റെ ആഴം സുഭാഷിന്റെ വാക്കുകളിൽ: 
‘കുത്തനെയൊരു വീഴ്ചയായിരുന്നില്ല അത്. വളഞ്ഞും പുളഞ്ഞും വഴുവഴുത്ത പാറകൾക്കിടയിലൂടെ തെന്നിയും കൂർത്ത പാറകളിൽ ഇടിച്ചുനിന്നും പാതാളത്തിലേക്കെന്ന പോലൊരു യാത്ര. ചുറ്റും കൂരിരുട്ട്. വവ്വാലുകളുടെ കാതടപ്പിക്കും ശബ്ദം. ഞാൻ ഇടയ്ക്ക് ഏതോ പാറക്കൂട്ടത്തിൽ തങ്ങിനിന്നു. ആദ്യത്തെ മരവിപ്പ് മാറിയപ്പോൾ ശരീരത്തിലേക്ക് അരിച്ചെത്തിയത് മോർച്ചറിയിലെന്ന പോലെയുള്ള തണുപ്പ്. കൂട്ടുകാരുടെ ഉറക്കെയുള്ള വിളി മറ്റേതോ ലോകത്തുനിന്നെന്ന പോലെ കാതുകളിൽ വന്നലയ്ക്കുന്നുണ്ട്. പക്ഷേ ശബ്ദം ഉയരുന്നില്ല. കാരണം, ഞാൻ മരിച്ചല്ലോ. മരിച്ചവന്റെ ശബ്ദം ആരു കേൾക്കാൻ! 

ജിൻസനും കുടുംബവും–സിനിമയിൽ ജിൻസനെ അവതരിപ്പിച്ചത് വിഷ്ണു രഘു

സൗഹൃദത്തിന്റെ ആഴങ്ങളിലേക്കുള്ള ആ യാത്ര  ഗുഹയിലിറങ്ങി രക്ഷിച്ച സിജു ഡേവിഡിന്റെ വാക്കുകളിൽ:  
പൊലീസും ഫയർഫോഴ്സും എത്തിയെങ്കിലും അവർ ‍കുഴിയിൽ ഇറങ്ങാൻ തയാറായില്ല. ഒടുവിൽ ഞാൻ മുന്നോട്ടു വന്നു. സുരക്ഷാസംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അരയിൽ കെട്ടിയ വടത്തിന്റെയും കഴുത്തിൽ തൂക്കിയ തെളിച്ച ടോർച്ചിന്റെയും ബലത്തിൽ തൂങ്ങിയിറങ്ങി. ഒടുവിൽ 100 അടി ആഴത്തിൽ, ശരീരം മുഴുവൻ മുറിവുകളുമായി സുഭാഷിനെ കണ്ടെത്തി, കീറിപ്പറിഞ്ഞ ജീൻസിന്റെ പോക്കറ്റ് കൂർത്ത പാറയിലുടക്കി തൂങ്ങിയ നിലയിൽ! സുഭാഷിനെ ചേർത്തു പിടിച്ചപ്പോൾ അർധബോധാവസ്ഥയിലും  അവൻ ചോദിച്ചു–നമ്മൾ രക്ഷപ്പെടുമോ?

അനിൽ ജോസഫ്, സിനിമയിൽ അനിലിനെ അവതരിപ്പിച്ചത് അഭിരാം രാധാകൃഷ്ണൻ

രക്തം ഇറ്റുവീഴുന്ന ശരീരത്തിൽ കയർ കെട്ടി നെഞ്ചോടു ചേർത്തുപിടിച്ച് ഓരോ ഇഞ്ചായി നിരങ്ങിയായിരുന്നു കയറ്റം. രക്ഷാപ്രവർത്തകർ കയർ വലിക്കുന്നുണ്ടെങ്കിലും ഇടയ്ക്കു പാറക്കെട്ടുകളിൽ കുരുങ്ങും. ഒടുവിൽ ജീവിതത്തിന്റെ തീരത്തു വന്നണഞ്ഞു. ദൗത്യം തുടങ്ങിയിട്ട് അപ്പോൾ 3 മണിക്കൂർ പിന്നിട്ടിരുന്നു!

കൃഷ്ണകുമാറും കുടുംബവും, സിനിമയിൽ കൃഷ്ണകുമാറിനെ അവതരിപ്പിച്ചത് ഗണപതി

11 പേരുമായി മടക്കം
യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം സുഭാഷ് ഉണ്ടായിരുന്നില്ല. അത്യാവശ്യ കാരണങ്ങളാൽ സുമേഷിനു പിന്മാറേണ്ടി വന്നു. ആ ഒഴിവിൽ കൂട്ടുകാർ വീട്ടിൽനിന്നിറക്കിക്കൊണ്ടു പോവുകയായിരുന്നു സുഭാഷിനെ; ഗുണയുടെ ചരിത്രം മാറ്റിയെഴുതാൻ!

സിജു ജോണും കുടുംബവും, സിനിമയിൽ സിജുവിനെ അവതരിപ്പിച്ചത് ജീൻ പോൾ

കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം വന്ന വാഹനത്തിൽ തന്നെയാണ് നാട്ടിലേക്കു തിരിച്ചത്. ആംബുലൻസിൽ കൊണ്ടുപോകണം എന്നുപോലും അന്നു തോന്നിയില്ല. പണവും ഉണ്ടായിരുന്നില്ല. സുമേഷാണ് പണവും ചികിത്സയും ഒരുക്കിയത്.

പ്രസാദും കുടുംബവും, സിനിമയിൽ പ്രസാദിനെ അവതരിപ്പിച്ചത് ഖാലിദ് റഹ്മാൻ

സുഭാഷിന്റെ നട്ടെല്ലിനേറ്റ ക്ഷതം മാറാൻ 6 മാസത്തോളം ചികിത്സ വേണ്ടിവന്നു. ഉറക്കമില്ലാത്ത രാത്രികളിൽ കൂട്ടുകാർ കാവലിരുന്നു. ആളായും അരിയായും സഹായങ്ങളെത്തിച്ചു. അങ്ങനെ പതിയെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്തി.  

സിക്സൺ ജോൺ, സിക്സണെ സിനിമയിൽ അവതരിപ്പിച്ചത് ബാലു വർഗീസ്

സുധീഷും (പോളണ്ട്) അനിലും (ഖത്തർ) ഒഴികെയുള്ളവർ മഞ്ഞുമ്മലിൽത്തന്നെയുണ്ട്. പഴയ യുവദർശന ക്ലബ് ഇപ്പോൾ യുവ സ്വയംസഹായ സംഘമാണ്. പുഴ നീന്തിയും തെങ്ങിൽ വലിഞ്ഞുകയറിയുമൊക്കെ നടന്ന അവർക്ക് ആ ഗ്രാമം പകർന്ന ഉൾക്കരുത്താണ് പ്രതിസന്ധിയിൽ തുണയായത്. പിന്നെ സൗഹൃദത്തിന്റെ കാണാച്ചരടുകളും. 

സുഭാഷ്, സുഭാഷിനെ സിനിമയിൽ അവതരിപ്പിച്ചത് ശ്രീനാഥ് ഭാസി

2008ൽ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ ജീവൻ രക്ഷാപഥക് ഏറ്റുവാങ്ങിയപ്പോഴും സിജു പറഞ്ഞു– സുഭാഷിനെ തിരിച്ചുകിട്ടിയതിനെക്കാൾ വലുതല്ല ഒരു അവാർഡും. ഗുണ സിനിമയിലെ പാട്ടിന്റെ ഈരടികൾ തന്നെ അതിനു സാക്ഷ്യം. 

അഭിലാഷും കുടുംബവും, അഭിലാഷിനെ സിനിമയിൽ അവതരിപ്പിച്ചത് ചന്തു സലിംകുമാർ

ഇതു മനിതർ കാതൽ അല്ലൈ 

അതയും താണ്ടി പുനിതമാനത്
അതെ, ഇതു മനുഷ്യർ തമ്മിലുള്ള വെറും സ്നേഹമല്ല, അതിനുമപ്പുറമുള്ള ദിവ്യ സൗഹൃദം!

സുജിത്തും കുടുംബവും, സിനിമയിൽ സുജിത്തിനെ അവതരിപ്പിച്ചത് അരുൺ കുര്യൻ

നേരിട്ടു പഠിച്ച ജീവിതം
മഞ്ഞുമ്മൽ സംഭവം സിനിമയാക്കാൻ പലരും ശ്രമിച്ചെങ്കിലും ഭീമമായ ബജറ്റ് തന്നെയായിരുന്നു പ്രശ്നം. സൗബിനും പിതാവ് ബാബു ഷഹീറും, ഷോൺ ആന്റണിയും പ്രൊഡക്‌ഷൻ ഏറ്റെടുത്തതോടെ സിനിമയ്ക്കു ജീവൻവച്ചു. ഒരുവർഷത്തിലേറെയെടുത്തു സംവിധായകൻ ചിദംബരത്തിന് തിരക്കഥ പൂർത്തിയാക്കാൻ. സിനിമയിലെ ഓരോ കഥാപാത്രവും മഞ്ഞുമ്മൽ സംഘത്തിന്റെ വീടുകളിൽ പോയി താമസിച്ച് അവരെ പഠിച്ചു. സിനിമയിൽ കാണുന്നതെന്തോ അതാണ് യഥാർഥ മഞ്ഞുമ്മൽ ബോയ്സും. ചിദംബരത്തിന്റെ സഹോദരൻകൂടിയാണ് സിനിമയിലെ അഭിനേതാവും കാസ്റ്റിങ് ഡയറക്ടറുമായ ഗണപതി.
 
സിനിമയുടെ ഏറ്റവും വലിയ ടാസ്ക് ഗുഹയ്ക്കുള്ളിലെ രക്ഷാപ്രവർത്തനം തന്നെയായിരുന്നു. ആർട്ട് ഡയറക്ടർ അജയൻ ചാലിശേരിയാണ് പെരുമ്പാവൂരിനടുത്ത് ഒക്കലിൽ സെറ്റിട്ടത്. 30 അടി ആഴമുള്ള 3 ഗുഹകൾ ഒരുക്കിയാണ് ഷൂട്ട് ചെയ്തത്.


Source link

Related Articles

Back to top button