ലീഡര്‍ സ്മൃതി
ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ രണ്ടാം സീസണ് റണ്‍ വേട്ടയില്‍ തിളങ്ങി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്മൃതി മന്ദാന. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ 3.40 കോടി രൂപയ്ക്കായിരുന്നു സ്മൃതിയെ ആര്‍സിബി ലേലത്തിലെടുത്തത്. റോയല്‍ ചലഞ്ചേഴ്സ് ഫ്രാഞ്ചൈസി ടീമിന്റെ ക്യാപ്റ്റനാക്കിയതും സ്മൃതി മന്ദാനയെ. ഇന്ത്യന്‍ ദേശീയ വനിതാ ടീമിന്റെ നിര്‍ണായക സാന്നിധ്യമായ സ്മൃതിക്ക് പക്ഷേ, ആദ്യ ഡബ്ല്യുപിഎല്‍ സീസണില്‍ തിളങ്ങാന്‍ സാധിച്ചില്ല. 2023 സീസണില്‍ എട്ട് മത്സരങ്ങളില്‍ 18.62 ശരാശരിയില്‍ 149 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. എന്നാല്‍, 2024 സീസണില്‍ മികച്ച പ്രകടനമാണ് നിലവില്‍ സ്മൃതി കാഴ്ചവയ്ക്കുന്നത്. അഞ്ച് മത്സരം കളിച്ച് 219 റണ്‍സുമായി ലീഗ് റണ്‍ വേട്ടയിൽ ഒന്നാം സ്ഥാനത്താണ് ആര്‍സിബി ക്യാപ്റ്റന്‍. 43.80 ശരാശരിയും 154.80 സ്ട്രൈക്ക് റേറ്റും ഈ സീസണില്‍ സ്മൃതിക്കുണ്ട്.
ഇതിനോടകം രണ്ട് അര്‍ധസെഞ്ചുറിയും നേടി. യുപി വാരിയേഴ്സിനെതിരേ 50 പന്തില്‍ നേടിയ 80 ആണ് ടോപ് സ്കോര്‍. 2024 ഡബ്ല്യുപിഎല്‍ സീസണില്‍ ഇതുവരെ പിറന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും സ്മൃതിയുടെ 80 ആണ്. നാലാം ജയത്തിന് ആര്‍സിബി 2024 സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ജയം നേടിയ ആര്‍സിബി തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ തോല്‍വി നേരിട്ടു. എന്നാല്‍, യുപി വാരിയേഴ്സിന് എതിരായ അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ 23 റണ്‍സ് ജയത്തോടെ വിജയ വഴിയില്‍ തിരിച്ചെത്തി. ആറാം റൗണ്ട് പോരാട്ടത്തിനായി ആര്‍സിബി ഇന്ന് ഇറങ്ങും. ഗുജറാത്ത് ജയ്ന്റ്സ് ആണ് എതിരാളികള്‍. അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയത്തിലൂടെ ആറ് പോയിന്റുള്ള ബംഗളൂരുവിന് ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി നിലനിര്‍ത്താം.
Source link