‘മഞ്ഞുമ്മൽ ബോയ്സ്’ ഓർമിപ്പിക്കുന്ന യുറഗ്വായ് ബോയ്സിന്റെ കഥ
മുന്നൂറടിയോളം താഴ്ചയിൽ, വായുസഞ്ചാരമോ വെളിച്ചമോ ഇല്ലാതെ, തിരിച്ചു കയറാമെന്ന പ്രതീക്ഷകൾക്കു പോലും വകയില്ലാതെ, ദേഹം നുറുങ്ങിപ്പോകുന്ന വേദനയിൽ അകപ്പെട്ടുപോകുന്നത് എത്ര ഭീതിജനകമാണ്!. മഞ്ഞുമ്മൽ ബോയ്സിൽ സുഭാഷ് കടന്നു പോകുന്ന അവസ്ഥ സ്വന്തം അനുഭവമായി പ്രേക്ഷകനു തോന്നുന്നിടത്താണ് ഈ ഭയം അവരെ വേട്ടയാടുന്നത്. ഒരിക്കലും തിരിച്ചുവരവ് സാധ്യമല്ലെന്നിടത്തു നിന്ന് കരകയറുമ്പോഴാണ് ഒരാൾ അമാനുഷികനായും ദൈവമായും ചിത്രീകരിക്കപ്പെടുന്നത്. മറിച്ച് ഒരു വിജനമായ മലയിടുക്കിലാണ് അയാൾ പെട്ടുപോയതെങ്കിലോ? ഇതുവരെയും മനുഷ്യൻ എത്തിപ്പെട്ടിട്ടില്ലാത്ത, അതിജീവനം സാധ്യമല്ലാത്ത, വിശാലമായ മഞ്ഞുകൂമ്പാരത്തിനു നടുവിൽ ? സുഭാഷിനെപ്പോലെ അത്തരമൊരു ദുരിതത്തിൽനിന്ന് അമാനുഷികമായി കരകയറിയ പതിനാറുപേരുടെ കഥയാണ് സൊസൈറ്റി ഓഫ് ദ് സ്നോ. ഓസ്കർ നാമനിർദേശപ്പട്ടികയിൽ ഇടം നേടിയ നെറ്റ്ഫ്ലിക്സ് ചിത്രം പലയിടങ്ങളിലും മഞ്ഞുമ്മൽ ബോയ്സിനോട് പൊതുസ്വഭാവം പങ്കിടുന്നുണ്ട്.
യഥാർഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലും അല്ലാതെയും ലോകത്ത് ഒരുപാട് സർവൈവൽ സിനിമകളുണ്ടായിട്ടുണ്ട്. ടൈറ്റാനിക്ക് മുതൽ ലൈഫ് ഓഫ് പൈ വരെയുള്ള സർവൈവൽ ഡ്രാമകൾ കാലാതീതമായി തീർത്ത ഒരു സ്ഥാനമുണ്ട്. ജയത്തിന്റെയും പരാജയത്തിന്റെയും രണ്ടറ്റങ്ങളാണ് ഈ ഴോണറിൽ ഇറങ്ങിയിട്ടുള്ള സിനിമകളുടെയൊക്കെയും ഫലം. ഒന്നുകിൽ ഒട്ടും സ്വീകാര്യത ലഭിക്കാതെ, ചർച്ചയാവാതെ മങ്ങും. അല്ലെങ്കിൽ വിജയക്കുതിപ്പിൽ നീണ്ടനാളത്തേക്ക് ആഘോഷിക്കപ്പെടും. അത്തരത്തിൽ അടയാളപ്പെടുത്തേണ്ട, വിജയം നേടിയ സിനിമകളാണ് മഞ്ഞുമ്മൽ ബോയ്സും സൊസൈറ്റി ഓഫ് ദ് സ്നോയും.
സൊസൈറ്റി ഓഫ് ദ് സ്നോ ആരംഭിക്കുന്നത് ഒരുകൂട്ടം ചെറുപ്പക്കാർ ആവേശപൂർവം യാത്രക്കൊരുങ്ങുന്നിടത്തു തന്നെയാണ്. എല്ലാവർക്കും അതിൽ പങ്കെടുക്കാൻ അവസരമില്ല. വളരെ ചുരുക്കം പേരേ പോകുന്നുള്ളൂ. സിനിമയുടെ നറേറ്റർ കൂടിയായ നുമ എന്ന കഥാപാത്രം അതിൽനിന്ന് ഒഴിഞ്ഞു മാറാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അവസാന നിമിഷം കൂട്ടുകാരന്റെ നിർബന്ധത്തിനു വഴങ്ങി അവൻ യാത്രയ്ക്കിറങ്ങുകയാണ്. സുഭാഷിനെപ്പോലെ തന്നെ അവനും ഇത് തന്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോകുന്ന യാത്രയാണെന്ന് കരുതിക്കാണില്ല. യൗവനത്തിന്റെയും സൗഹൃദത്തിന്റെയും എല്ലാ കളിചിരികളോടെയും യാത്ര ആരംഭിക്കുന്നു. സിനിമയിലേക്ക് പ്രേക്ഷകർ ഇറങ്ങിയെത്താനെടുക്കുന്ന ഈ ചുരുങ്ങിയ സമയത്തിനകം ആദ്യ കോൺഫ്ലിക്റ്റും സംഭവിക്കുന്നു. ചിലെയിലേക്കുള്ള നുമന്റെയും സംഘത്തിന്റെയും യാത്ര പതിയെ ഭയപ്പെടുത്തുന്നതാകും. അപകടസൂചന നേരത്തേ ലഭിക്കുന്നുണ്ടെങ്കിലും, വിമാനത്തിന്റെ പകുതിഭാഗത്തോളം അടർന്ന്, യാത്രക്കാരോടൊപ്പം തെറിച്ചു വീഴുന്നിടത്താണ് അതിന്റെ വ്യാപ്തി തിരിച്ചറിയുക. തുടർന്ന് ആൻഡസ് മലനിരകളിൽ പെട്ടുപോകുന്ന, ഒരു സംഘത്തിന്റെ ചെറുത്തുനിൽപ്പാണ് ചിത്രം.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ നിന്ന്.
ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സിന്റെ കഥയുമായി ആഴത്തിലൊരു ബന്ധമുണ്ടെങ്കിലും സൊസൈറ്റി ഓഫ്ദ് സ്നോ, ജെ.എ.ബയോന എന്ന സംവിധായകൻ ഒരുക്കിയ കുറച്ച് യുറഗ്വായ് ബോയ്സിന്റെ കഥയാണ്. ഈ വർഷത്തെ അക്കാദമി അവാർഡ്‌സിൽ മികച്ച രാജ്യാന്തര ചിത്രമായും മേക്ക് അപ്പ് ആൻഡ് ഹെയർ സ്റ്റൈൽ വിഭാഗത്തിലും ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
സൊസൈറ്റി ഓഫ് ദ് സ്നോ എന്ന സിനിമയിൽ നിന്നും
മഞ്ഞുമ്മൽ ബോയ്സിലേതുപോലെ തന്നെ ഒരു രക്ഷപ്പെടലിൽ അവസാനിക്കാതെ, തിരിച്ചു വരവിന്റെയും അതുണ്ടാക്കുന്ന മാനസിക, സാമൂഹിക സമ്മർദങ്ങളുടെയും കഥയാണ് ഇവിടെയും ചർച്ചയാകുന്നത്. കഥാപരിസരത്തിൽ രണ്ടു ചിത്രങ്ങളും തമ്മിൽ സാമ്യമുണ്ട്. യഥാർഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ, സൗഹൃദം കൂട്ടിക്കെട്ടിയ മനുഷ്യർ പരസ്പരം ചേർത്തുനിർത്തി ഒന്നിച്ച് രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളാണ് ഇരു സിനിമകളുടെയും പ്രമേയം.
പലതവണ രക്ഷാപ്രവർത്തകർ ശ്രമിച്ചിട്ടും വിമാനാപകടത്തിൽ പെട്ട് ആൻഡസ് മലയിടുക്കുകളിൽ ജീവനോടെ അവശേഷിച്ച മനുഷ്യരെ കണ്ടെത്താനായിരുന്നില്ല. ജീവൻ നിലനിൽക്കുക സാധ്യമല്ലാത്ത കാലാവസ്ഥയിൽ, വിമാനത്തിന്റെ ശേഷിച്ച ഭാഗങ്ങളിലായും കയ്യിലവശേഷിച്ച വസ്തുക്കൾ കൊണ്ട് രക്ഷാകവചം തീർത്തും, ഇടയ്ക്ക് കുറച്ച് നേരം കിട്ടുന്ന സൂര്യവെളിച്ചത്തിൽ ഉരുക്കിയെടുക്കുന്ന മഞ്ഞ് വെള്ളമാക്കിയും മരണപ്പെട്ട മനുഷ്യരെത്തന്നെ ഭക്ഷണമാക്കിയും ജീവൻ പിടിച്ചു നിർത്തുന്ന ഒരു സംഘം. ഇരുകഥകളും യഥാർഥ സംഭവങ്ങളാണെന്നും ഒടുവിൽ അവർ രക്ഷപ്പെടുമെന്നും പ്രേക്ഷകർക്ക് അറിയാമെങ്കിലും, പേടിയുടെ ഒരു വലയം സിനിമ നീളുന്നത്രയും നേരം പ്രേക്ഷകന് ചുറ്റുമുണ്ടായിരിക്കും. ദൃശ്യങ്ങളൊന്നും തന്നെ യഥാർഥമല്ല, സമർഥനായ ഒരു പ്രൊഡക്ഷൻ ഡിസൈനറുടെ കരവിരുതാണെന്ന് അറിയാമെങ്കിലും അങ്ങനെ വിശ്വസിക്കാതിരിക്കാൻ പ്രേക്ഷകർ നിർബന്ധിതരാകുന്നു. ഭൂമിയുടെ രണ്ടറ്റങ്ങളിലിരുന്ന്, രണ്ടു ഭാഷകളിലായി, രണ്ട് വ്യത്യസ്ത സംഭവങ്ങൾ വിവരിക്കുന്ന ചിത്രങ്ങൾ മനോഹരമായാണ്, പലയേടുകളിലായി പരസ്പരം കൂട്ടിമുട്ടുന്നത്. സിനിമ ഒരു ആഗോളമാധ്യമമാകുന്നതിന്റെയും മലയാള സിനിമ അവിടെ കൃത്യമായ ചലനങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ഉദാഹരണമായിതു കാണാം.
ഫസ്റ്റ്ലുക്ക്
ചിത്രത്തെ മഞ്ഞുമ്മൽ ബോയ്‌സുമായി കണക്റ്റ് ചെയ്യുന്ന ആദ്യ ഘടകം സ്ഥലം തന്നെയാണ്. സുഭാഷ് (ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കഥാപാത്രം) പെട്ടുപോകുന്നത് ആഴത്തിലേക്കാണെങ്കിൽ നുമോയും (എൻസോ വോഗറിൻസി അവതരിപ്പിക്കുന്ന കഥാപാത്രം) കൂട്ടുകാരും എത്തിപ്പെടുന്നത് വിജനമായ മഞ്ഞുമലകൾക്കിടയിലാണ്. ചിത്രീകരണത്തിന്റെ അനുപാതത്തിൽത്തന്നെ ലാൻഡ്‌സ്‌കേപ് വ്യക്തമാക്കുന്ന മേക്കിങ്ങാണ് ഇരു സിനിമകളിലും സംവിധായകർ ഉപയോഗിച്ചിയിട്ടുള്ളത്. ആഴം അനുഭവപ്പെടുവാനായി മഞ്ഞുമ്മൽ ബോയ്സിൽ ചിദംബരം വീതി കുറഞ്ഞ ഫ്രയിമുകൾ ഉപയോഗിച്ചപ്പോൾ, ബയോന വിജനത തോന്നിപ്പിക്കാനായി വിസ്താരമുള്ള ഫ്രയിമുകളാണ് ഉപയോഗിക്കുന്നത്.
മഞ്ഞുമ്മൽ ബോയ്സിൽ ശ്രീനാഥ് ഭാസി
രണ്ടും കാഴ്ചക്കാരനിൽ സൃഷ്ടിക്കുന്ന ഒരു ക്ലോസ്ട്രോഫോബിക് എഫക്റ്റുണ്ട്. അതുപോലെ തന്നെ, സിനിമകളിൽ മാറി മാറി വരുന്ന ക്ലോസ് അപ്പുകളും വൈഡ് ഷോട്ടുകളും, അന്ത്യമില്ലാത്ത പ്രതിസന്ധിയെയും അതേസമയം ബാധിക്കപ്പെട്ട മനുഷ്യരുടെ ആത്മസംഘർഷത്തെയും പ്രതിഫലിപ്പിക്കുന്നു. ഒട്ടും സ്റ്റാർഡം അവകാശപ്പെടാനില്ലാത്ത നടന്മാരെ തിരഞ്ഞെടുത്തത് മഞ്ഞുമ്മലിന്റെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. സൊസൈറ്റി ഓഫ് ദ് സ്നോയിലും പുതുമുഖതാരങ്ങളാണ് അണിനിരക്കുന്നത്.
ഒരു സർവൈവൽ ത്രില്ലറിൽ പരിചയിച്ചിട്ടില്ലാത്ത ഹൊറർ എലമെന്റുകൾ ഇവിടെ എടുത്ത് പറയേണ്ടതാണ്. സുഭാഷിന്റെ കഥാപാത്രം കുഴിയിലേക്ക് വീഴയുമ്പോൾത്തന്നെ പുറത്തേക്ക് ഉയരുന്ന വവ്വാലുകളും താഴേക്ക് വീഴുന്ന കല്ലിന്റെ ശബ്ദവും പ്രേക്ഷകരിൽ അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ശേഷമാണ്, എത്ര അപകടം പിടിച്ച സ്ഥലമാണതെന്ന് കുട്ടേട്ടനെയും സംഘത്തെയും എന്നപോലെ പ്രേക്ഷകരെയും അനുഭവപ്പെടുത്തുന്നത്. സമാന്തരമായി, ആൻഡസ് മലനിരകൾ എത്ര അപകടകാരിയാണെന്ന് തൊട്ടടുത്ത് തന്നെയുള്ള ഒരു എക്സ്ട്രീം വൈഡ് ഷോട്ടിലൂടെ സംവിധായകൻ വ്യക്തമാക്കുന്നുണ്ട്.
തുടർന്ന് കാണിക്കുന്ന ഏരിയൽ ഷോട്ടിൽ വിമാനവും അതിനു ചുറ്റും സഹായത്തിനായി അലറുന്ന മനുഷ്യരും ഒരു പൊട്ടുപോലുമല്ലാതെയാവുന്ന ദൃശ്യം പതിയെ പ്രേക്ഷകരെ ആധി പിടിപ്പിക്കും. ജമ്പ് സ്‌കെയറുകൾ ഒന്നുമില്ലാതെ, മാനസികമായി കഥാപാത്രങ്ങളോട് ചേർന്ന് നിന്ന് സ്വയം അവരുടെ വികാരങ്ങളെ തന്നിലേക്ക് സ്വാശീകരിക്കുന്ന പ്രേക്ഷകനായിപ്പോകും അറിയാതെ തന്നെ. അത്തരമൊരു ദൃശ്യവിരുന്നൊരുക്കാൻ സാധിച്ചുവെന്നതാണ് ഇരു സിനിമകളെയും പ്രേക്ഷകപ്രിയമാക്കുന്നത്.
സൊസൈറ്റി ഓഫ് ദ് സ്നോ, 1972 ൽ സംഭവിച്ച യുറഗ്വായ് വിമാനാപകടത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു. 40 യാത്രക്കാരുമായി ചിലെയിലേക്ക് യാത്രതിരിച്ച യുറഗ്വായ് എയർ ഫോഴ്സ് ഫ്ലൈറ്റ് 571 അപകടത്തിൽ പെട്ടത് 1972 ഒക്ടോബർ 13നായിരുന്നു. അതിൽനിന്നു രക്ഷപ്പെട്ടത് പതിനാറ് പേർ മാത്രം. -30 ഡിഗ്രി സെൽഷ്യസ് താപനിലയിൽ എഴുപത്തിരണ്ട് ദിവസം നീണ്ടു നിന്ന അതിജീവനശ്രമമായിരുന്നു അവരുടേത്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ സംവിധായകൻ ജെ.എ.ബയോനെ ഒരുക്കിയ സിനിമ, വലിയൊരു ഇടിവിൽനിന്നു നെറ്റ്ഫ്ലിക്സിനെ ഉയർത്തിയെടുത്ത ചിത്രം കൂടിയാണ്. പതിനൊന്ന് ദിവസം കൊണ്ട് 5.1 കോടി കാഴ്ചക്കാരെയാണ് സിനിമ സമ്പാദിച്ചത്. ഇംഗ്ലിഷ് ഭാഷയിലല്ലാതെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഇത്രയധികം പ്രേക്ഷകരുണ്ടായ നെറ്റ്ഫ്ലിക്സ് ചിത്രം മറ്റൊന്നുണ്ടാകില്ല. തീവ്രവൈകാരികത സൃഷ്ടിക്കുന്ന കഥാപശ്ചാത്തലത്തിനൊപ്പം അതിമാനുഷികത തോന്നിപ്പിക്കുന്ന ചിത്രീകരണവും, യാഥാർഥ്യമെന്ന് തെറ്റിദ്ധരിപ്പിക്കും വിധം സസൂക്ഷ്മമായ മേക്ക് അപ്പും ചേർന്നാണ് സിനിമ പ്രേക്ഷകരെ കയ്യിലെടുക്കുന്നത്.
സൊസൈറ്റി ഓഫ് ദ് സ്നോ എന്ന സിനിമയിൽ നിന്നും
അതെല്ലാം തന്നെ മലയാളിക്ക് ഇന്ന് മഞ്ഞുമ്മൽ ബോയ്‌സുമായി താരതമ്യം ചെയ്തു വായിക്കാനാകും. അജയൻ ചാലിശേരിയുടെ അദ്ഭുതപ്പെടുത്തുന്ന സെറ്റും അതൊപ്പിയെടുക്കുന്നതിൽ സൈജു ഖാലിദെന്ന ഛായാഗ്രാഹകൻ നടത്തിയ വിദ്യകളും ഒപ്പം യഥാർഥ കഥാപാത്രങ്ങളോട് സമാനതകൾ കണ്ടെത്തുന്ന അഭിനേതാക്കളും മഞ്ഞുമ്മൽ ബോയ്സിന്റെയും പ്രത്യേകതയാണ്. ഏറ്റവുമധികം പ്രേക്ഷകരെ കണ്ടെത്തിയ, അക്കാഡമി അവാർഡുകളിൽ പ്രധാന വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു സിനിമയുടെ അതേ പ്രൊഡക്‌ഷൻ ക്വാളിറ്റിയോടെ, അത്രതന്നെ ഇംപാക്ട് സൃഷ്ടിക്കുന്ന ഒരു മലയാള സിനിമ ഏറെ നാളുകളായി എല്ലാ സിനിമാമോഹിക്കും ഉള്ളിലുള്ള സ്വപ്നമാണ്. വലിയൊരു വ്യത്യാസമെന്തെന്നാൽ, സൊസൈറ്റി ഓഫ് ദ് സ്നോയുടെ മുടക്കുമുതൽ 6.5 കോടി ഡോളറും (539 കോടി രൂപ) മഞ്ഞുമ്മൽ ബോയ്സിന്റെത് 22 കോടി രൂപയും എന്നതാണ്.
ഈ കടമ്പയും മറികടക്കാൻ തക്കവണ്ണം വലുതാകുന്ന ഒരു വ്യവസായമാകുന്നു മലയാള സിനിമയെന്ന് പ്രത്യാശിക്കാം. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ, താരതമ്യേന വലിയ ബജറ്റുള്ള സിനിമകളെല്ലാം അൻപതുകോടിയോളം രൂപ ഇതിനോടകം നേടിയിട്ടുണ്ട്. വലിയ ബജറ്റിൽ പുറത്തിറങ്ങുന്ന സിനിമകൾ ഭൂരിഭാഗവും തകർന്നടിഞ്ഞ ചരിത്രമുള്ള മലയാള സിനിമ അത് തിരുത്തുകയാണ്. സുഷിന്റെ ഭാഷയിൽ, മലയാള സിനിമയുടെ സീൻ മാറിയിരിക്കുകയാണ്. ഇനി പുറത്തിറങ്ങാനിരിക്കുന്ന ബ്ലെസി ചിത്രം ആടുജീവിതത്തിലും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും ഈ വിജയത്തുടർച്ചയാണ്. രണ്ടുവർഷമെടുത്ത് തിരക്കഥയൊരുക്കി ആടുജീവിതമെന്ന പുസ്തകം സിനിമയാകുമ്പോൾ, മലയാള സിനിമയുടെ ‘സീൻ മാറ്റാൻ’ പോകുന്ന അടുത്ത ഫാക്ടർ എന്നറിയാനുള്ള കൗതുകം ഏറെയാണ്.
Source link