സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് ചാന്പ്യന്മാരാകാൻ കേരളം
ഇറ്റാനഗർ: 77-ാമത് സന്തോഷ് ട്രോഫിക്കു വേണ്ടിയുള്ള ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ച ആവേശത്തിലാണ് കേരളം. ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് എയിൽനിന്ന് ക്വാർട്ടർ ഉറപ്പിച്ച കേരളം, ഗ്രൂപ്പ് ചാന്പ്യന്മാരാകാനുള്ള ശ്രമവുമായി ഇന്ന് കളത്തിൽ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളം ഇന്ന് കരുത്തരായ സർവീസസിനെ നേരിടും. രാവിലെ 10.00നാണ് കിക്കോഫ്. ഗ്രൂപ്പ് എ ചാന്പ്യന്മാരാകുകയാണെങ്കിൽ ഗ്രൂപ്പ് ബിയിലെ നാലാം സ്ഥാനക്കാരെയാണ് ക്വാർട്ടറിൽ നേരിടേണ്ടത്. നിർണായക മത്സരത്തിൽ അരുണാചൽപ്രദേശിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനു കീഴടക്കിയാണ് കേരളം ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. സാധ്യത ഇങ്ങനെ ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മത്സരങ്ങളാണ് ഇന്ന് യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ അരങ്ങേറുക. കേരളം x സർവീസസ് (10.00 am), ഗോവ x ആസാം (2.30 pm), അരുണാചൽപ്രദേശ് x മേഘാലയ (7.00 pm) എന്നിങ്ങനെ മൂന്ന് മത്സരങ്ങൾ ഇന്ന് നടക്കും. ഇതിൽ കേരളം, സർവീസസ്, ഗോവ, ആസാം ടീമുകൾ ക്വാർട്ടർ ഉറപ്പിച്ചതാണ്. അരുണാചലും മേഘാലയയും ഇതിനോടകം പുറത്തുമായി.
ഇന്ന് സർവീസസിനെ കീഴടക്കിയാൽ കേരളത്തിന് 10 പോയിന്റ് ആകും. തുടർന്ന് നടക്കുന്ന ഗോവ x ആസാം മത്സരം സമനിലയിൽ കലാശിക്കുകയോ ആസാം ജയിക്കുകയോ ചെയ്താൽ കേരളത്തിന് ഗ്രൂപ്പ് ചാന്പ്യന്മാരാകാം. നാല് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ സർവീസസ്, ഗോവ എന്നീ ടീമുകൾക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ് കേരളം. ക്വാർട്ടർ ചിത്രം നാളെ ഗ്രൂപ്പ് എയിലെ ആദ്യ നാലു സ്ഥാനക്കാർ ആരെന്ന് ഇന്നു വ്യക്തമാകുമെങ്കിലും ക്വാർട്ടർ പോരാട്ട ചിത്രം നാളെയേ തെളിയൂ. ഗ്രൂപ്പ് ബിയിലെ അഞ്ചാം റൗണ്ട് പോരാട്ടം നാളെയാണ് അരങ്ങേറുക. ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ മണിപ്പുർ 4-1ന് മിസോറമിനെയും റെയിൽവേസ് 1-0ന് കർണാടകയെയും തോൽപ്പിച്ചു. ജയത്തോടെ മണിപ്പുർ നാല് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ക്വാർട്ടർ ഉറപ്പാക്കി. ഏഴ് പോയിന്റുമായി റെയിൽവേസും നോക്കൗട്ടിലേക്കുള്ള പാതിദൂരം പിന്നിട്ടു.
Source link