നവൽനിയുടെ സംസ്കാരം നാളെ
മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം നാളെ മോസ്കോയിൽ സംസ്കരിക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ അറിയിച്ചു. മരിങ്കോ ഡിസ്ട്രിക്ടിലെ അന്ത്യാഞ്ജലി അർപ്പണത്തിനുശേഷം ബോറിസോവിസ്കി സെമിത്തേരിയിൽ സംസ്കാരം നടക്കും. സംസ്കാരച്ചടങ്ങുകൾ നടത്താൻ വലിയ ബുദ്ധിമുട്ട് നേരിടുന്നതായി അനുയായികൾ പറഞ്ഞു. ഇത്തരം സേവനങ്ങൾ നല്കുന്ന ഫ്യൂണറൽ ഹോമുകൾ നവൽനിയുടെ മൃതദേഹമാണെന്ന് അറിഞ്ഞതോടെ പിന്മാറി. സംസ്കാരം ഇന്നു നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. പ്രസിഡന്റ് പുടിൻ പാർലമെന്റിനെ വാർഷികാഭിസംബോധന ചെയ്യുന്ന ഇന്ന് കുഴിവെട്ടാൻ പോലും ആരും തയാറല്ലായിരുന്നുവെന്നും നവൽനിയുടെ അനുയായികൾ പറഞ്ഞു. പുടിന്റെ നിശിത വിമർശകനായിരുന്ന നവൽനി ഈ മാസം 16ന് സൈബീരിയയിലെ ജയിലിൽ ദുരൂഹ സാഹചര്യത്തിലാണു മരിച്ചത്. നടത്തം കഴിഞ്ഞ് കുഴഞ്ഞുവീണു മരിച്ചുവെന്നാണ് റഷ്യൻ അധികൃതരുടെ വിശദീകരണം. അതേസമയം, നവൽനിയുടെ വിധവ യൂലിയയും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള പാശ്ചാത്യനേതാക്കളും മരണത്തിൽ പുടിനു പങ്കുള്ളതായി ആരോപിക്കുന്നു.
മരണശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കാനും റഷ്യൻ അധികൃതർ തയാറായിരുന്നില്ല. എട്ടു ദിവസത്തിനുശേഷമാണു വിട്ടുകൊടുത്തത്. മോസ്കോയും സെന്റ് പീറ്റേഴ്സ്ബെർഗും ഉൾപ്പെടെയുള്ള നഗരങ്ങളിൽ നവൽനിക്കായി പൂക്കളർപ്പിക്കുകയും തിരി കത്തിക്കുകയും ചെയ്തതിന് നാനൂറോളം പേർ അറസ്റ്റിലായിരുന്നു. നാളത്തെ സംസ്കാരത്തിലും വലിയതോതിൽ ജനസാന്നിധ്യം പ്രതീക്ഷിക്കുന്നു. ഇതിനെ നേരിടാൻ വലിയ തോതിൽ പോലീസിനെയും വിന്യസിച്ചേക്കും.
Source link