മാർപാപ്പയുടെ അൾത്താരയിലെ 400 വർഷം പഴക്കമുള്ള മേൽക്കട്ടി പുനരുദ്ധരിക്കുന്നു
വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയുടെ അൾത്താരയിൽ സ്ഥിതിചെയ്യുന്ന നാനൂറു വർഷം പഴക്കമുള്ള മേൽക്കട്ടിയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിശ്വപ്രസിദ്ധ ഇറ്റാലിയൻ ശില്പി ബെർണീനി നിർമിച്ച മേലാപ്പ് (ബെർണീനിയുടെ ബാൾഡാക്കിനോ) നാശത്തിന്റെ വക്കിലെന്നു തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് നവീകരണം. 1624ൽ ഊർബൻ എട്ടാമൻ മാർപാപ്പയുടെ നിർദേശപ്രകാരമാണ് ബെർണീനി മേലാപ്പ് നിർമിച്ചത്. വിശുദ്ധ പത്രോസിന്റെ കബറിടത്തിന്റെ നേരേ മുകളിലായി 92 അടി ഉയരത്തിൽ നാലു തൂണുകളിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ബറോക് ശൈലിയിൽ മാലാഖമാരും കെരൂബുകളും ലതാലങ്കാരങ്ങളും ഉൾപ്പെടുന്നു. ലോഹവും വെങ്കലവും തടിയും കല്ലും പ്ലാസ്റ്ററുമെല്ലാം നിർമാണത്തിനുപയോഗിച്ചിട്ടുണ്ട്.
വത്തിക്കാൻ മ്യൂസിയത്തിലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ 2025ലെ വിശുദ്ധവത്സരം ആരംഭിക്കുന്നതിനു മുന്പ് തീർക്കാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സർവേ, ഡോക്യുമെന്റേഷൻ എന്നിവയ്ക്കുശേഷം കേടുപാട് നീക്കലാണ് ഉദ്ദേശിക്കുന്നത്. നവീകരണ നടപടികൾക്കായി മേലാപ്പിനു ചുറ്റും തട്ടടിച്ചുകഴിഞ്ഞു. നൂറ്റാണ്ടുകൾകൊണ്ട് അടിഞ്ഞുകൂടിയിട്ടുള്ള പൊടിയും മാലിന്യങ്ങളും വരും ദിവസങ്ങളിൽ നീക്കം ചെയ്യും. വിശുദ്ധവാര തിരുക്കർമങ്ങളടക്കം മാർപാപ്പയുടെ ശുശ്രൂഷകൾക്കു തടസം വരാത്തവിധമായിരിക്കും നവീകരണ പ്രവർത്തനങ്ങളെന്ന് ബസിലിക്ക ആർച്ച്പ്രീസ്റ്റ് കർദിനാൾ മൗരോ ഗാംബെത്തി അറിയിച്ചു.
Source link