ഇഷാൻ, ശ്രേയസ് പടിക്കു പുറത്ത്
മുംബൈ: ‘പുകഞ്ഞ കൊള്ളികളെ പുറത്താക്കി’ ബിസിസിഐ 2023-24 സീസണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാർഷിക കരാർ പട്ടിക പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ, മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ എന്നിവരെ ഒഴിവാക്കിയാണ് ബിസിസിഐ വാർഷിക കരാർ പുറത്തിറക്കിയത്. ഡിസംബർ – ജനുവരിയിൽ നടന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ വ്യക്തിപരമായ കാരണങ്ങളാൽ ഇഷാൻ കിഷൻ ടീം വിട്ടിരുന്നു. തുടർന്ന് രഞ്ജി ട്രോഫിയിലൂടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താം എന്ന മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും ബിസിസിഐ സെലക്ടർ അജിത് അഗാർക്കറിന്റെയും നിർദേശം ഇഷാൻ കിഷൻ വകവച്ചില്ല. രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനായി കളിക്കാതിരുന്ന താരം ബറോഡയിൽ ഹാർദിക് പാണ്ഡ്യക്ക് ഒപ്പം ഐപിഎൽ ട്വന്റി-20 പരിശീലനം ആരംഭിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന് എതിരായ ആദ്യ രണ്ട് ടെസ്റ്റിലും ശ്രേയസ് അയ്യർ കളിച്ചിരുന്നു. തുടർന്ന് പുറം വേദനയാൽ ടീമിനു പുറത്തായി. പരിക്ക് മാറിയെങ്കിലും രഞ്ജി ട്രോഫിയിൽ മുംബൈയുടെ അവസാന ലീഗ് മത്സരത്തിലും ക്വാർട്ടർ ഫൈനലിലും കളിച്ചില്ല. 2022-23 സീസണിൽ ശ്രേയസ് ബി ഗ്രേഡ് കരാറിലും ഇഷാൻ സി ഗ്രേഡിലുമായിരുന്നു. ഇതിനിടെ, ശ്രേയസ് രഞ്ജി സെമിയിലും ഇഷാൻ ഡിവൈ പാട്ടീൽ ട്വന്റി-20യിലും കളിക്കുമെന്ന് സൂചനയുണ്ട്. സഞ്ജു സി ഗ്രേഡിൽ 2022-23 സീസണ് കരാറിൽ ബിസിസിഐ സി ഗ്രേഡിൽ ഉണ്ടായിരുന്ന മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് 2023-24 സീസണിലും അത് നിലനിർത്തി. റിങ്കു സിംഗ്, തിലക് വർമ, ജിതേഷ് ശർമ, ശിവം ദുബെ, മുകേഷ് കുമാർ, രജത് പാട്ടീദാർ തുടങ്ങിയവരാണ് കരാർ ലഭിച്ച പുതുമുഖങ്ങൾ. പന്ത്, പാണ്ഡ്യ കാർ അപകടത്തെ തുടർന്ന് ദീർഘനാളായി ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തിനെ ബിസിസിഐ കരാറിൽ നിലനിർത്തിയിട്ടുണ്ട്. 2022-23 സീസണിൽ എ ഗ്രേഡിൽ ആയിരുന്ന പന്ത് ഇത്തവണ ബി ഗ്രേഡിലാണെന്നു മാത്രം. പരിക്കിനെ തുടർന്ന് വിശ്രമത്തിലുള്ള ഹാർദിക് പാണ്ഡ്യ എ ഗ്രേഡിൽ തുടർന്നതും ശ്രദ്ധേയം. കരാർ ഇങ്ങനെ എ+, എ, ബി, സി എന്നിങ്ങനെ നാല് ഗ്രേഡിലായാണ് ബിസിസിഐ കളിക്കാർക്ക് കരാർ നൽകുന്നത്. മൂന്ന് ടെസ്റ്റ്/എട്ട് ഏകദിനം/10 ട്വന്റി-20 എന്നിങ്ങനെ ഏതെങ്കിലും രീതിയിൽ ഒരു സീസണിൽ ഇന്ത്യക്കു വേണ്ടി കളിച്ചവരെയാണ് ബിസിസിഐ കരാറിൽ ഉൾപ്പെടുത്തുക. 2023-24 സീസണ് കരാർ പ്രഖ്യാപിച്ചപ്പോൾ കളിക്കാരുടെ വാർഷിക പ്രതിഫലം ബിസിസിഐ പുറത്തുവിട്ടില്ല. ഐപിഎൽ 2024 സീസണിനുശേഷം പുതുക്കിയ പ്രതിഫലം പ്രഖ്യാപിച്ചേക്കു മെന്നാണ് സൂചന.
ജുറെൽ, സർഫറാസ്, പാട്ടിദാർ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരന്പരയിൽ ഇന്ത്യക്കു വേണ്ടി അരങ്ങേറിയവരാണ് വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ജുറെൽ, സർഫറാസ് ഖാൻ, രജത് പാട്ടിദാർ എന്നിവർ. മൂന്ന് ടെസ്റ്റ് കളിച്ചാൽ ബിസിസിഐ കരാറിൽ ഉൾപ്പെടാം എന്നതാണ് നിയമം. ജുറെലും സർഫറാസും രണ്ട് ടെസ്റ്റ് പൂർത്തിയാക്കി. ഇന്ത്യ x ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിൽ ഇവർ ടീമിൽ ഉൾപ്പെട്ടാൽ സി ഗ്രേഡ് കരാർ ലഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഇരുവരും പരന്പരയിൽ ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് കളിച്ച പാട്ടിദാർ സി ഗ്രേഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അഞ്ചാം മത്സരത്തിൽ ഉണ്ടായേക്കില്ലെന്ന് സൂചനയുണ്ട്. രഞ്ജി ട്രോഫിക്കായി പാട്ടിദാറിനെ ഇന്ത്യൻ ടീമിൽനിന്ന് റിലീസ് ചെയ്തേക്കും എന്നാണ് റിപ്പോർട്ട്. മൂന്ന് ടെസ്റ്റിൽനിന്ന് 63 റണ്സ് മാത്രമാണ് പാട്ടിദാറിന്റെ സന്പാദ്യം. ഉയർന്ന സ്കോർ 32ഉം. എ+ ഗ്രേഡ് രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എ ഗ്രേഡ് ആർ. അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ ബി ഗ്രേഡ് സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്സ്വാൾ സി ഗ്രേഡ് റിങ്കു സിംഗ്, തിലക് വർമ, ഋതുരാജ് ഗെയ്ക്വാദ്, ഷാർദുൾ ഠാക്കൂർ, ശിവം ദുബെ, രവി ബിഷ്ണോയ്, ജിഷേത് ശർമ, വാഷിംഗ്ടണ് സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസണ്, അർഷദീപ് സിംഗ്, കെ.എസ്. ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, രജത് പാട്ടിദാർ.
Source link