ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടി,84 കിലോമീറ്റർ!
ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടി,84 കിലോമീറ്റർ! -Goods Train | Railway | Malayalam News | India News | Manorama Online | Manorama News
ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടി,84 കിലോമീറ്റർ!
മനോരമ ലേഖകൻ
Published: February 26 , 2024 03:06 AM IST
1 minute Read
ജമ്മുവിൽനിന്ന് പഞ്ചാബിലേക്ക്, വേഗം 100 കിലോമീറ്റർ വരെ
ലോക്കോ പൈലറ്റ് ഇല്ലാതെ തനിയേ ഓടിയ ചരക്ക് ട്രെയിൻ (എഎൻഐ പങ്കുവച്ച ചിത്രം)
ജമ്മു / ചണ്ഡിഗഡ്∙ ഡ്യൂട്ടി മാറാനായി ലോക്കോ പൈലറ്റ് പുറത്തിറങ്ങിയപ്പോൾ, മുന്നോട്ടുനീങ്ങിയ ചരക്കുട്രെയിൻ 84 കിലോമീറ്റർ ദൂരം തനിയെ ഓടി. ജമ്മുവിലെ കഠ്‍വ സ്റ്റേഷനിൽനിന്ന് രാവിലെ 7.25ന് ‘പുറപ്പെട്ട’ ട്രെയിൻ 9 മണിക്ക് പഞ്ചാബിലെ ഹോഷിയാർപുരിൽ ‘എത്തിച്ചേർന്നു’. ഒരു അപകടവുമുണ്ടാക്കാതെ.
കരിങ്കൽ കഷണങ്ങൾ നിറച്ച 53 വാഗൺ ആണ് ട്രെയിനിലുണ്ടായിരുന്നത്. കഠ്‍വ സ്റ്റേഷനിൽ നിർത്തിയ ശേഷം ലോക്കോ പൈലറ്റും അസിസ്റ്റന്റും ഡ്യൂട്ടി മാറാനായി പുറത്തിറങ്ങിയെന്നും ഇറക്കമായിരുന്നതിനാൽ ട്രെയിൻ മുന്നോട്ടു നീങ്ങിയെന്നുമാണ് റെയിൽവേയുടെ വിശദീകരണം. ബ്രേക് ഇടുന്നതിൽ വീഴ്ച വന്നുവെന്നാണ് റിപ്പോർട്ടുകൾ.
നിരങ്ങി നീങ്ങിയ ട്രെയിനിന്റെ വേഗം ക്രമേണ വർധിക്കുകയായിരുന്നു. ഇതോടെ വഴിനീളെയുള്ള സ്റ്റേഷനുകളിൽ മുന്നറിയിപ്പു നൽകി. റെയിൽവേ ക്രോസുകൾ അടച്ചിട്ടു. ചില സ്റ്റേഷനുകളിലൂടെ 100 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
പഞ്ചാബിലെ മുകേരിയനിലെ ഉൻചി ബസി സ്റ്റേഷനിൽ കയറ്റമുള്ള ഭാഗത്തെത്തിയപ്പോഴാണ് ട്രെയിനിന്റെ വേഗം കുറഞ്ഞത്. ഇവിടെ മണൽചാക്കുകൾ അടുക്കി ട്രെയിൻ നിർത്തുകയായിരുന്നു.
2020ൽ കണ്ണൂർ–തലശ്ശേരി റൂട്ടിൽ ട്രെയിൻ എൻജിൻ ലോക്കോ പൈലറ്റില്ലാതെ ഒന്നര കിലോമീറ്ററോളം തനിയെ ഓടിയിരുന്നു. 2017ൽ കർണാടകയിലെ കലബുറഗിയിൽ എൻജിനും 2018ൽ ഒഡീഷയിലെ ടിടലാഗഡിൽ യാത്രാ ട്രെയിനിന്റെ എൻജിനുമായി വേർപെട്ട 22 കോച്ചുകളും 13 കിലോമീറ്റർ വീതം തനിയെ ഓടിയ സംഭവങ്ങളുമുണ്ട്.
അൺസ്റ്റോപ്പബിൾയുഎസിലെ ഒഹായോയിൽ 2001 മേയ് 15നു ചരക്കു ട്രെയിൻ ഡ്രൈവറില്ലാതെ ഓടി. രാസസംയുക്തങ്ങൾ കൊണ്ടുപോയ ട്രെയിൻ സ്വയം നീങ്ങിയപ്പോൾ നിർത്താൻ കഴിയില്ലെന്നു മനസ്സിലാക്കി ഡ്രൈവർ പുറത്തിറങ്ങുകയായിരുന്നു.
രണ്ടു മണിക്കൂറോളം 82 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിച്ച ട്രെയിൻ ഒടുവിൽ സാഹസികമായി നിയന്ത്രണത്തിൽ കൊണ്ടുവന്നു. ഈ സംഭവത്തെ അധികരിച്ചുള്ളതാണ് അൺസ്റ്റോപ്പബിൾ (2010) എന്ന സിനിമ.
English Summary:
Goods Train Runs Without Loco Pilot From Kathua Towards Pathankot, Stopped Near Punjab’s Mukerian
40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-02-25 mo-auto-railway mo-auto-trains mo-auto-indianrailway 6anghk02mm1j22f2n7qqlnnbk8-2024-02-25 1sat0jlbajl4umlpvrbjnqb2r3 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-punjab 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link