സ്പിൻ തേരോട്ടം; ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 145നു പുറത്ത്
റാഞ്ചി: മൂന്നാം ദിവസം സ്പിന്നർമാർ കളം വാണപ്പോൾ ഇംഗ്ലണ്ട് തകർന്നു. ഇന്ത്യക്കാണെങ്കിൽ രണ്ടു ദിവസംകൂടി ബാക്കിനിൽക്കേ ജയിക്കാവുന്ന സ്കോർ മാത്രം. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം രവിചന്ദ്രൻ അശ്വിന്റെ അഞ്ചു വിക്കറ്റും കുൽദീപ് യാദവിന്റെ നാലു വിക്കറ്റും രവീന്ദ്ര ജഡേജയുടെ ഒരു വിക്കറ്റും ചേർന്നതോടെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 145 റണ്‍സിൽ പൂർത്തിയായി. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 46 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 307 റണ്‍സിൽ അവസാനിച്ചു. ഇന്ത്യക്കു ജയിക്കാൻ 191 റണ്‍സ് വേണമെന്നായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം പിരിയുന്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 40 റണ്‍സെടുത്തിട്ടുണ്ട്. 24 റണ്‍സുമായി രോഹിത് ശർമയും 16 റണ്‍സോടെ യശസ്വി ജയ്സ്വാളുമാണ് ക്രീസിൽ. പത്തു വിക്കറ്റ് ശേഷിക്കേ, ഇന്ത്യക്ക് ജയിക്കാൻ ഇനി 152 റണ്‍സ് വേണം. 53.5 ഓവറിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് കഴിഞ്ഞു. ഓപ്പണർ സാക് ക്രൗളിയാണ് ഇംഗ്ലണ്ടിനായി പൊരുതിയത്. 91 പന്തുകൾ നേരിട്ട് 60 റണ്‍സാണ് ക്രൗളി നേടിയത്. ജോണി ബെയർസ്റ്റോ (30) ഭേദപ്പെട്ട പ്രകടനം നടത്തി. ബെൻ ഡക്കറ്റ് (15), ഒലീ പോപ്പ് (പൂജ്യം), ജോ റൂട്ട് (11), ബെൻ സ്റ്റോക്സ് (4), ബെൻ ഫോക്സ് (17) എന്നിവർ നിരാശപ്പെടുത്തി. അശ്വിൻ, കുൽദീപ് 15.5 ഓവർ എറിഞ്ഞ് 51 റണ്‍സ് വിട്ടുകൊടുത്ത് അശ്വിൻ അഞ്ചു പേരെ പുറത്താക്കിയപ്പോൾ കുൽദീപ് 15 ഓവർ എറിഞ്ഞ് 22 റണ്‍സ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകൾ നേടി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റ്. ഒരു ഘട്ടത്തിൽ 110-ൽ നാല് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട്, പിന്നീട് 35 റണ്‍സ് ചേർക്കുന്നതിനിടെ ആറ് വിക്കറ്റുകൾ കളയുകയായിരുന്നു. ഡക്കറ്റ്, പോപ്പ്, റൂട്ട് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി അശ്വിൻ തുടക്കത്തിലേ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി. ക്രൗളിയുടെ വിക്കറ്റിനു പുറമേ ക്യാപ്റ്റൻ സ്റ്റോക്സിന്റെ വിക്കറ്റ് നേടിയ കുൽദീപ് മധ്യനിരയിലും വാലറ്റത്തും ഇംഗ്ലണ്ടിനെ തകർത്തു.
90ൽ ജുറെൽ പുറത്ത് ഏഴുവിക്കറ്റിന് 219 എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 307 റണ്‍സിൽ അവസാനിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിന്റെ അർധ സെഞ്ചുറിയാണ് (149 പന്തിൽ 90) മൂന്നാംദിനം ഇന്ത്യയെ 300 കടത്തിയത്. 28 റണ്‍സെടുത്ത കുൽദീപ് യാദവിനെയാണ് ഇന്നലെ ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ജയിംസ് ആൻഡേഴ്സനാണ് കുൽദീപിന്റെ വിക്കറ്റ് നേടിയത്. കുൽദീപ്-ജുറെൽ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിലെ 76 റണ്‍സ് ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായകമായി. പിന്നാലെ ആകാശ് ദീപിനെ (9) വിക്കറ്റിനു മുന്നിൽ കുരുക്കി ഷൊയ്ബ് ബഷീർ അഞ്ചാംവിക്കറ്റ് നേട്ടം സ്വന്തമാക്കി. കന്നി ടെസ്റ്റ് അർധ സെഞ്ചുറിയും കടന്ന് സെഞ്ചുറിയിലേക്കു നീങ്ങുകയായിരുന്ന ജുറെൽ സെഞ്ചുറിക്ക് 10 റണ്‍ അകലെ വച്ച് പത്താമനായി പുറത്തായി. 149 നേരിട്ട വിക്കറ്റ്കീപ്പർ ആറു ഫോറും നാലു സിക്സും നേടി. ഷൊയ്ബ് ബഷീർ അഞ്ചു വിക്കറ്റും ആൻഡേഴ്സണ് രണ്ടും ഹാർട്ട്ലി മൂന്നും വിക്കറ്റ് വീഴ്ത്തി.
Source link