കുടുംബത്തിനായി ക്രിക്കറ്റ് ഉപേക്ഷിച്ച ആകാശ്
ചില കാര്യങ്ങൾ അങ്ങനെയാണ്, സാഹചര്യ സമ്മർദത്താൽ ഉപേക്ഷിച്ചാലും ഉള്ളിലെ ആഗ്രഹം പോലെ കാര്യങ്ങൾ എല്ലാം ഭംഗിയാകും. ഇംഗ്ലണ്ടിനെതിരായ റാഞ്ചിൽ ടെസ്റ്റിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറിയ ഇരുപത്തേഴുകാരനായ ആകാശ് ദീപ് അതിനുദാഹരണമാണ്. ജീവിക്കാനായി ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടിവന്നവനാണ് ആകാശ്. എന്നാൽ, മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിൽനിന്ന് ടെസ്റ്റ് ക്യാപ്പ് സ്വീകരിച്ച് ഇംഗ്ലണ്ടിനെതിരേ അരങ്ങേറിയപ്പോൾ മൂന്ന് വിക്കറ്റ് പിഴുത് തന്റെ വരവ് അറിയിച്ചു. ബിഹാറിലെ സസാരം സ്വദേശിയാണ് ആകാശ്. ക്രിക്കറ്റ് നെഞ്ചിലേറ്റിയ കൗമാരം. എന്നാൽ, അച്ഛന്റെ ശക്തമായ എതിർപ്പ് ആകാശിന്റെ ക്രിക്കറ്റ് യാത്രയ്ക്ക് എപ്പോഴും തടസമായിരുന്നു. അതുകൊണ്ടുതന്നെ ജോലിക്കായി ദുർഗാപൂരിലേക്ക് വണ്ടികയറി. അവിടെവച്ച് അങ്കിളിന്റെ സഹായത്തോടെ ഒരു പ്രാദേശിക ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. ആകാശിന്റെ വേഗതയേറിയ പന്തുകൾ ഏവരും ശ്രദ്ധിച്ചു തുടങ്ങി. അതിനിടെ അച്ഛൻ സ്ട്രോക്ക് വന്ന് മരിച്ചു, പിന്നാലെ ചേട്ടനും അന്തരിച്ചു. അതോടെ കുടുംബം പുലർത്തേണ്ട ഉത്തരവാദിത്വം അകാശിന്റെ തോളിലായി. മൂന്ന് വർഷത്തോളം ക്രിക്കറ്റിൽനിന്ന് വിട്ടുനിന്ന് അമ്മയെയും കുടുംബത്തെയും പുലർത്തി.
ക്രിക്കറ്റിനോടുള്ള അഭികാമ്യംകൊണ്ട് ദുർഗാപൂരിലേക്ക് തിരിച്ചെത്തി. അവിടെനിന്ന് കോൽക്കത്തയിലേക്കും. കോൽക്കത്തയിൽ ബന്ധുവിനൊപ്പം ഒറ്റമുറിയിൽ കഴിഞ്ഞ ആകാശ് 2019ൽ ബംഗാൾ അണ്ടർ 23 ടീമിനായി അരങ്ങേറി. 2022 ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽ. കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യയുടെ 313-ാം ടെസ്റ്റ് കളിക്കാരനായി റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റം. ബുംറയ്ക്കു പകരം ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നൽകിയാണ് ആകാശ് ദീപിനെ ഇന്ത്യ നാലാം ടെസ്റ്റിൽ ഉൾപ്പെടുത്തിയത്. മകന്റെ അരങ്ങേറ്റത്തിന് അമ്മയും കുടുംബാംഗങ്ങളും സാക്ഷികളായി. അരങ്ങേറ്റദിനം മൂന്ന് ഇംഗ്ലീഷ് വിക്കറ്റുകൾ ആകാശ് വീഴ്ത്തി. 10 പന്തിന്റെ ഇടവേളയിലായിരുന്നു മൂന്ന് വിക്കറ്റ് എന്നതാണ് ശ്രദ്ധേയം. 10-ാം ഓവറിന്റെ രണ്ടാം പന്തിൽ ബെൻ ഡക്കറ്റിനെയും (11) നാലാം പന്തിൽ ഒല്ലി പോപ്പിനെയും (0) പുറത്താക്കിയ ആകാശ്, 12-ാം ഓവറിന്റെ അഞ്ചാം പന്തിൽ സാക് ക്രൗളിയെയും (42) പുറത്താക്കി. ഇംഗ്ലണ്ടിന്റെ ആദ്യ മൂന്ന് വിക്കറ്റും ആകാശിനായിരുന്നു.
Source link