INDIALATEST NEWS

‘ഇന്ത്യ’ സീറ്റ് ചർച്ച വിജയത്തിലേക്ക്; ബിജെപിക്കെതിരെ പൊതു സ്ഥാനാർഥി


ന്യൂഡൽഹി ∙ സീറ്റു ചർച്ചയുടെ പിന്നാലെ ആടിയുലഞ്ഞ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി പതിയെ ഐക്യത്തിന്റെ തീരത്തേക്ക്. ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പു നൽകിയ ഊർജം ഇന്ധനമാക്കി ലോക്സഭാ തിരഞ്ഞെടുപ്പ് സീറ്റുവിഭജനം എത്രയും വേഗം പൂർത്തിയാക്കാനാണ് മുന്നണിയുടെ ശ്രമം. ചർച്ചകൾ ഫലംകണ്ടാൽ ഭൂരിഭാഗം സീറ്റുകളിലും ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥി വരും. മുൻ‍നിശ്ചയപ്രകാരം കേരളം, പഞ്ചാബ് എന്നിവിടങ്ങളിൽ പൊതുസ്ഥാനാർഥി ഉണ്ടാവില്ല. 
നിലവിൽ ബംഗാളിലാണ് തർക്കം ഏറ്റവും രൂക്ഷം. തൃണമൂൽ കോൺഗ്രസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലേക്ക് ഉടൻ കടക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല നിലപാട് കടുപ്പിച്ചതോടെ, ജമ്മു കശ്മീരിലും മുന്നണിക്കുള്ളിൽ അസ്വാരസ്യമുണ്ട്.

∙  ഉത്തർപ്രദേശ്: അനിശ്ചിതത്വം മാറുകയും സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടി (എസ്പി) – കോൺഗ്രസ് സഖ്യം യാഥാർഥ്യമാകുകയും ചെയ്തു. ഇന്ത്യ മുന്നണിയിലെ ഏറ്റവും നിർണായകമായ സഖ്യമാണിത്. ആകെയുള്ള 80 സീറ്റിൽ 17 എണ്ണം നൽകാമെന്ന എസ്പി നേതാവ് അഖിലേഷ് യാദവിന്റെ വാഗ്ദാനം കോൺഗ്രസ് അംഗീകരിച്ചു. എസ്പി 63 സീറ്റിൽ മത്സരിക്കും. വാരാണസി, അമേഠി, റായ്ബറേലി, മഥുര, കാൻപുർ, ഫത്തേപുർ സിക്രി, ഝാൻസി ഉൾപ്പെടെയുള്ള സീറ്റുകളാണു കോൺഗ്രസിനു ലഭിച്ചത്. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയെ കളത്തിലിറക്കിയേക്കും. യുപിയിലെ സഖ്യം മധ്യപ്രദേശിലേക്കും നീളും. അവിടെ ഖജുരാഹോ സീറ്റ് എസ്പിക്കു കോൺഗ്രസ് നൽകി. 
∙  ഡൽഹി: കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള സീറ്റുവിഭജന ചർച്ച അന്തിമഘട്ടത്തിൽ. ആകെയുള്ള 7 സീറ്റിൽ 5 എണ്ണത്തിനായി ആം ആദ്മി അവകാശവാദമുന്നയിക്കുന്നു. പ്രഖ്യാപനം ഉടനുണ്ടാകും.

∙  ഹരിയാന, അസം, ഗുജറാത്ത്: മൂന്നിടങ്ങളിലും കോൺഗ്രസ് – ആം ആദ്മി പാർട്ടി ധാരണ രൂപപ്പെടുന്നു. ഹരിയാനയിലും അസമിലും കോൺഗ്രസ് ഓരോ സീറ്റ് വീതം ആം ആദ്മി പാർട്ടിക്കു നൽകിയേക്കും. ഗുജറാത്തിൽ 2– 3 സീറ്റ് ആം ആദ്മി ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ച പുരോഗമിക്കുന്നു. കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡ് സീറ്റ് കോൺഗ്രസിനു ലഭിക്കും. 
∙  ജാർഖണ്ഡ്: കോൺഗ്രസും ജാർഖണ്ഡ‍് മുക്തി മോർച്ചയും (ജെഎംഎം) തമ്മിൽ ധാരണ. ഇരുകക്ഷികൾക്കും 7 വീതം സീറ്റ്. ജെഎംഎം ഒരു സീറ്റ് ആർജെഡിക്കു നൽകിയേക്കും. കോൺഗ്രസ് ഒരു സീറ്റ് ഇടതുപക്ഷത്തിനു നൽകും.

∙  ബിഹാർ: ആർജെഡി – കോൺഗ്രസ് ചർച്ച പുരോഗമിക്കുന്നു. 40 സീറ്റിൽ ആർജെഡി – 28, കോൺഗ്രസ് – 8, സിപിഐ (എംഎൽ) – 2, സിപിഐ, സിപിഎം – 1 വീതം എന്ന നിലയിലാണു ചർച്ച.
∙  മഹാരാഷ്ട്ര: ആകെയുള്ള 48 സീറ്റിൽ 39ൽ കോൺഗ്രസ്, ശിവസേന (ഉദ്ധവ്), എൻസിപി (ശരദ് പവാർ) കക്ഷികൾക്കിടയിൽ (മഹാവികാസ് അഘാഡി) ധാരണയായി. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിക്ക് (വിബിഎ) 3 സീറ്റ് നൽകുന്നതു പരിഗണനയിൽ. വിഹിതത്തിൽനിന്ന് വിബിഎക്ക് ഓരോ സീറ്റ് വീതം നൽകാൻ മഹാവികാസ് അഘാഡി കക്ഷികൾ തയാറായേക്കും. സീറ്റുവിഭജനം പൂർത്തിയാക്കാൻ ഈ മാസം 27, 28 തീയതികളിൽ ചർച്ച. 

∙  തമിഴ്നാട്: 39ൽ 25 സീറ്റിൽ ഡിഎംകെ മത്സരിച്ചേക്കും. കോൺഗ്രസിന് 8. ലീഗിന് ഒരു സീറ്റ് ലഭിക്കും. ഇടതുകക്ഷികളും മുന്നണിയുടെ ഭാഗമാണ്. കമൽഹാസന്റെ പാർട്ടി മുന്നണിയിൽ ചേരുന്നതു സംബന്ധിച്ച് ചർച്ച തുടരുന്നു.


Source link

Related Articles

Back to top button