മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ അന്തരിച്ചു
ന്യൂഡൽഹി∙ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനാണ് വിടവാങ്ങിയത്. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഡൽഹിയിലെ പാഴ്സി ആരാംഗാഹിൽ നടക്കും. 1991ൽ പത്മഭൂഷണും 2007ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.
ഫാലി എസ്.നരിമാൻ (ഫയൽ ചിത്രം)
ഫാലി എസ്.നരിമാൻ അവസാനമെഴുതിയ ലേഖനങ്ങളിൽ ഒന്ന് മലയാള മനോരമ പ്രസിദ്ധീകരിച്ചത്: ‘തിരഞ്ഞെടുപ്പു പ്രക്രിയയുടെ സംശുദ്ധി സംരക്ഷിക്കപ്പെടണം; സുപ്രീംകോടതി വിധി നീതിയുടെ സംഭാവന’
ഫാലി എസ്.നരിമാൻ (ഫയൽ ചിത്രം)
1929 ജനുവരി 10നു ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായിരുന്ന മ്യാൻമറിലെ യാങ്കൂണിലായിരുന്നു ജനനം. ബോംബെയിൽ നിന്ന് യാങ്കൂണിൽ ന്യൂ ഇന്ത്യ ഇൻഷുറൻസിന്റെ ബ്രാഞ്ച് ഓഫിസ് തുടങ്ങുന്നതിന് എത്തിയ ബ്രാഞ്ച് മാനേജർ സാം നരിമാന്റെയും ബർമക്കാരിയായ ബാനു ബർജർജിയുടെയും മകനാണ്. അമ്മയുടെ കുടുംബവേരുകൾ കോഴിക്കോടാണ്.
ഫാലി എസ്.നരിമാൻ മാതാപിതാക്കൾക്കൊപ്പം. 1932ലെ ചിത്രം ( ബിഫോർ മെമ്മറി ഫെയ്ഡ്സ് എന്ന ആത്മകഥയിൽ പ്രസിദ്ധീകരിച്ചത്)
ഭരണഘടനാവിദഗ്ധനായും ഇന്ത്യയിലെ ഏറ്റവും തലപ്പൊക്കമുള്ള അഭിഭാഷകനുമായുള്ള ഫാലി എസ്. നരിമാന്റെ വളർച്ച സ്വാതന്ത്രാനന്തര ഇന്ത്യയിലെ നീതിന്യായ വളർച്ചയുടെ കൂടി കഥയാണ്. ഏഴു പതിറ്റാണ്ടിലേറെ കാലം അഭിഭാഷകനായി പ്രാക്ടിസ് ചെയ്താണ് അദ്ദേഹം വിടവാങ്ങുന്നത്. രാജ്യാന്തരതലത്തിലടക്കം ശ്രദ്ധേയമായ കേസുകൾ കൈകാര്യം ചെയ്തു. രാജ്യാന്തര തർക്കപരിഹാര കേസുകളിൽ (ആർബിട്രേഷൻ) വിദഗ്ധനായിരുന്നു. ഓർമ്മകൾ മായും മുൻപ് (ബിഫോർ മെമ്മറി ഫെയ്ഡ്സ്) എന്ന ആത്മകഥ ഏറെ ശ്രദ്ധേയമായി. ‘ദി സ്റ്റേറ്റ് ഓഫ് നേഷൻ’, ‘ഗോഡ് സേവ് ദി ഓണറബിൾ സുപ്രീം കോർട്ട്’ തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങൾ, കശ്മീരിനു പ്രത്യേക പദവി റദ്ദാക്കിയതു ശരിവച്ച സുപ്രീം കോടതി വിധിയെ അടക്കം അദ്ദേഹം വിമർശിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ ഇലക്ട്രൽ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ദിവസങ്ങൾക്കു മുൻപ് മലയാള മനോരമയിൽ ലേഖനം എഴുതിയിരുന്നു.
ഫാലി എസ്.നരിമാൻ (ഫയൽ ചിത്രം)
മുംബൈ സെന്റ് സേവ്യേഴ്സ് കോളജിൽ നിന്ന് ഇക്കണോമിക്സിലും ചരിത്രത്തിലും ബിരുദം നേടിയ ശേഷം 1950ൽ മുംബൈ ഗവ. ലോ കോളജിൽ നിന്നാണ് നിയമബിരുദം നേടിയത്. അതേവർഷം മുംബൈ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1961-ൽ സീനിയർ അഭിഭാഷകനായി. 1971-ൽ സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകനും തൊട്ടടുത്ത വർഷം ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലുമായി. 1975 ജൂൺ 26ന് അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടർന്നാണ് പദവി രാജിവച്ചത്. 1991-ൽ പത്മഭൂഷണും 2007-ൽ പത്മവിഭൂഷണും ലഭിച്ചു.
ഫാലി എസ്.നരിമാൻ (ഫയൽ ചിത്രം)
ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായും ആദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്റര്‍നാഷനല്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഇന്റേണല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ വൈസ് ചെയര്‍മാന്‍ , ഇന്റര്‍നാഷനല്‍ കമ്മിഷന്‍ ഓഫ് ജൂറിസ്റ്റുകളുടെ ഓണററി അംഗം, ലണ്ടന്‍ കോര്‍ട്ട് ഓഫ് ഇന്റര്‍നാഷമല്‍ ആര്‍ബിട്രേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1999ൽ യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റിന്റെ ഉപദേശക ബോർഡിൽ നിയമിതനായി. 1995 മുതല്‍ 1997 വരെ ഇന്റര്‍നാഷനല്‍ കമ്മിഷന്‍ ഓഫ് ജൂറിസ്റ്റുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനായും പ്രവർത്തിച്ചു.
ഫാലി എസ്.നരിമാൻ (ഫയൽ ചിത്രം)
ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ഒട്ടേറെ കേസുകളിൽ അദ്ദേഹം സുപ്രീം കോടതിയിൽ തലയുയർത്തി നിന്നു വാദിച്ചു. പാർലമെന്റിന് ഭരണഘടന ഉറപ്പു നൽകുന്ന മൌലികാവകാശങ്ങൾ റദ്ദു ചെയ്യാൻ കഴിയില്ലെന്ന സുപ്രധാന വിധി പറഞ്ഞ ഗോലക്നാഥ് കേസ്, ജഡ്ജിനിയമനവുമായി ബന്ധപ്പെട്ട എസ്.പി. ഗുപ്ത കേസ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തിൽ പിന്നീടു നിർണായകമായ ടിഎംഎ പൈ കേസ് തുടങ്ങി ഭരണഘടനാവ്യാഖ്യാനം പ്രധാനമായ ഒട്ടേറെ കേസുകളിൽ നരിമാന്റെ ഇടപെടലുകൾ ശ്രദ്ധേയമായി. ഭോപാൽ വിഷവാതക ദുരന്തക്കേസിൽ യൂണിയൻ കാർബൈഡിന് അനുകൂലമായി അദ്ദേഹം കോടതിയിൽ ഹാജരായിരുന്നു. എന്നാൽ അതൊരു തെറ്റായ തീരുമാനമായിരുന്നെന്ന് പിന്നീട് അദ്ദേഹം സമ്മതിച്ചിരുന്നു. ഇതേ കേസിൽ ഇരകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട മധ്യസ്ഥത അടക്കം നരിമാന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
ഫാലി എസ്.നരിമാൻ (ഫയൽ ചിത്രം)
ഫാലി എസ്.നരിമാന്റെ വിയോഗത്തിൽ പ്രമുഖർ അനുശോചിച്ചു. നരിമാന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, സാധാരണക്കാർക്ക് നീതി നേടിക്കൊടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. നരിമാൻ നിയമരംഗത്തെ അതികായനായിരുന്നുവെന്നും വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പ്രതികരിച്ചു.
പരേതയായ ബാപ്സി എഫ്. നരിമാനാണ് ഭാര്യ. രണ്ടുമക്കളിൽ മൂത്തയാൾ റോഹിന്റൻ നരിമാൻ സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകനും സുപ്രീം കോടതി ജഡ്ജിയുമായി. ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു. മകൾ അനഹീത സ്പീച്ച് തെറപിസ്റ്റാണ്.
Source link