ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്കൻ പ്രമേയം
ന്യൂയോർക്ക്: ഗാസയിൽ താത്കാലിക വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം അമേരിക്ക യുഎൻ രക്ഷാസമിതിയിൽ മുന്നോട്ടുവയ്ക്കുമെന്നു റിപ്പോർട്ട്. സാധ്യമായ സാഹചര്യത്തിൽ എത്രയും വേഗം വെടിനിർത്തൽ വേണമെന്നാണു കരടുപ്രമേയത്തിൽ ആവശ്യപ്പെടുന്നത്. ഗാസയിൽ വെടി നിർത്തണമെന്ന ആവശ്യം അമേരിക്ക യുഎന്നിൽ ഉന്നയിക്കുന്നത് ഇതാദ്യമാണ്. ഇത്തരം പ്രമേയങ്ങൾ മുന്പ് അമേരിക്ക ഇസ്രയേലിനു വേണ്ടി വീറ്റോ ചെയ്യുകയാണുണ്ടായിട്ടുള്ളത്. ഉടൻ വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് അൾജീരിയ അവതരിപ്പിച്ച പ്രമേയം യുഎന്നിന്റെ പരിഗണനയ്ക്കു വരുന്നുണ്ട്. ഇതിൽ എതിർത്തു വോട്ട് ചെയ്യുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
ജനം തിങ്ങിനിറഞ്ഞ റാഫയിൽ സൈനികനടപടി പാടില്ലെന്നും അമേരിക്കൻ പ്രമേയത്തിൽ പറയുന്നുണ്ട്. റാഫയിൽ കരയാക്രമണമുണ്ടായാൽ ഒട്ടേറെ സിവിലിയന്മാർക്ക് ആപത്തുണ്ടാകും. പലസ്തീനികൾ അയൽരാജ്യമായ ഈജിപ്തിലേക്കു പലായനം ചെയ്യുന്ന സ്ഥിതിയുണ്ടാകാം. ഇത്തരം സംഭവങ്ങൾ പ്രാദേശിക സുരക്ഷയും സമാധാനവും തകർക്കാമെന്നും മുന്നറിയിപ്പു നല്കുന്നു.
Source link