പോരാട്ടം തുടരും; പേടിയില്ലെന്ന് നവല്‍നിയുടെ വിധവ യൂലിയ
ബ്രസൽസ്: ദുരൂഹസാഹചര്യത്തിൽ ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ പോരാട്ടം തുടരുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ യൂലിയ നവൽനയ. എല്ലാവരും തനിക്കൊപ്പം നിൽക്കണമെന്നും ഇന്നലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു. “എനിക്കു ഭയമില്ല, നിങ്ങളും ഭയക്കേണ്ട. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് എന്റെ ഭർത്താവിനെ കൊന്നത്. എന്റെ സ്ഥാനത്ത് ഇവിടെ നിൽക്കേണ്ടയാൾ ഉത്തരധ്രുവത്തിലെ ജയിലിൽ കൊല്ലപ്പെട്ടു. നവൽനിയെന്ന വ്യക്തിയെ അല്ല, നമ്മുടെ പ്രതീക്ഷയെയും സ്വാതന്ത്ര്യത്തെയും ഭാവിയെയുമാണ് പുടിൻ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്”- യൂലിയ പറഞ്ഞു. ബ്രസൽസിലുള്ള യൂലിയ ഇന്നലെ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടെ, നവൽനിയുടെ മൃതദേഹം ഇന്നലെയും ബന്ധുക്കൾക്കു ലഭിച്ചില്ല. നവൽനി മരിച്ച ഉത്തരധ്രുവത്തിലെ ജയിലിനടുത്തുള്ള പട്ടണത്തിലെ മോർച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്നു പറയുന്നു. നവൽനിയുടെ അമ്മയും അഭിഭാഷകനും ഇവിടെ എത്തിയെങ്കിലും പ്രവേശനം ലഭിക്കുകപോലുമുണ്ടായില്ല. മൃതദേഹം ഇവിടെ സൂക്ഷിച്ചിട്ടുണ്ടോ എന്നു സ്ഥിരീകരിക്കാൻ ജീവനക്കാരും തയാറായില്ല.
അതേസമയം, നവൽനിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ഫലം വന്നിട്ടില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഇന്നലെ അറിയിച്ചു. പ്രസിഡന്റ് പുടിനാണ് മരണത്തിനുത്തരവാദിയെന്ന പാശ്ചാത്യ നേതാക്കളുടെ ആരോപണം നിന്ദ്യവും അംഗീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Source link