ഐ ലീഗിൽ ഗോകുലം കേരളയ്ക്ക് തുടർച്ചയായ അഞ്ചാം ജയം
ലുഥിയാന: ഐ ലീഗ് ഫുട്ബോളിൽ മിന്നും പ്രകടനവുമായി ഗോകുലം കേരള എഫ്സി. ലുഥിയാനയിൽ ഡൽഹി എഫ്സിക്ക് എതിരേ നടന്ന എവേ പോരാട്ടത്തിൽ ഗോകുലം 2-1ന്റെ ജയം ആഘോഷിച്ചു. ഐ ലീഗിൽ കേരളത്തിന്റെ സാന്നിധ്യമായ ഗോകുലം 2023-24 സീസണിൽ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. അവസാന അഞ്ച് മത്സരങ്ങളിലും ജയം സ്വന്തമാക്കാൻ ഐ ലീഗിലെ മറ്റ് 12 ടീമുകൾക്കും സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. 15 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗോകുലത്തിന് 29 പോയിന്റാണ്. ഇത്രയും മത്സരങ്ങളിൽ 34 പോയിന്റുള്ള മുഹമ്മദൻ എസ്സിയാണ് ലീഗിന്റെ തലപ്പത്ത്. 45-ാം മിനിറ്റിൽ സെൽഫ് ഗോളിൽ പിന്നിലായശേഷമായിരുന്നു ഗോകുലത്തിന്റെ തിരിച്ചുവരവ് ജയം. ഇഞ്ചുറി ടൈമിലായിരുന്നു വിജയഗോൾ പിറന്നത്. 45-ാം മിനിറ്റിൽ റൈറ്റ് ബാക്കായ നിധിൻ കൃഷ്ണൻ സ്വന്തം വലയിൽ പന്ത് എത്തിച്ച് ഡൽഹിക്ക് ലീഡ് സമ്മാനിച്ചു. കോർണർ ക്ലിയർ ചെയ്യാനുള്ള ശ്രമത്തിൽ അബദ്ധത്തിൽ നിധിന്റെ തലയിൽ കൊണ്ട് പന്ത് വലയിലാകുകയായിരുന്നു. 85-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലാക്കി ക്യാപ്റ്റൻ അലക്സ് സാഞ്ചസ് ഗോകുലത്തെ ഒപ്പമെത്തിച്ചു. ലീഗിൽ ടോപ് സ്കോററാണ് അലക്സ് സാഞ്ചസ്. തുടർന്ന് ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ലാലിയൻസാങ്ക ഗോകുലത്തിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കി. പി.എൻ. നൗഫലിന്റെ ക്രോസിൽ ഹെഡറിലൂടെയായിരുന്നു ലാലിയൻസാങ്കയുടെ ഗോൾ.
കാറ്റിനോടും പോരാടി പ്രതികൂല കാലാവസ്ഥയിലായിരുന്നു മത്സരം നടന്നത്. കാറ്റിന്റെ ഗതിക്കെതിരേ കളിക്കേണ്ടിവന്നതിനാൽ ഇരുടീമിന്റെയും പല ഷോട്ടുകളും വഴിമാറി. ‘കാറ്റിനോടും കടലിനോടും പൊരുതി നേടിയ വിജയം’ എന്നായിരുന്നു മലബാറിയൻസ് എന്ന് അറിയപ്പെടുന്ന ഗോകുലം ജയത്തിനുശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചതെന്നതും ശ്രദ്ധേയം. 24ന് ഗോവയിലെ തിലക് മൈതാനത്ത് ചർച്ചിൽ ബ്രദേഴ്സിന് എതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. 14 മത്സരങ്ങളിൽ 14 പോയിന്റുമായി 10-ാം സ്ഥാനത്താണ് ചർച്ചിൽ ബ്രദേഴ്സ്. ഐ ലീഗിൽ ഗോകുലം തുടർച്ചയായ ആറ് മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല. ഡിസംബർ 11ന് റിയൽ കാഷ്മീരിനെതിരേയായിരുന്നു (3-0) ഗോകുലത്തിന്റെ അവസാന തോൽവി. പിന്നീട് കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും ജയം നേടി. ഐസ്വാളിനെതിരേ സമനിലയും (1-1).
Source link