ബാർബർ ഷോപ്പിൽനിന്ന് കണ്ടെടുത്ത സൂപ്പർസ്റ്റാർ, അതാണ് പൃഥ്വിരാജ്: മണിയൻ പിള്ള രാജു
ബാർബർ ഷോപ്പിൽ നിന്ന് കണ്ടെടുത്ത സൂപ്പർസ്റ്റാർ, അതാണ് പൃഥ്വിരാജ്: മണിയൻ പിള്ള രാജു | Maniyanpilla Raju Prithviraj Sukumaran
ബാർബർ ഷോപ്പിൽനിന്ന് കണ്ടെടുത്ത സൂപ്പർസ്റ്റാർ, അതാണ് പൃഥ്വിരാജ്: മണിയൻ പിള്ള രാജു
മനോരമ ലേഖകൻ
Published: February 19 , 2024 01:47 PM IST
Updated: February 19, 2024 02:30 PM IST
2 minute Read
മണിയൻപിള്ള രാജു, സുപ്രിയ മേനോൻ, മല്ലിക സുകുമാരൻ, പൃഥ്വിരാജ് സുകുമാരൻ
പൃഥ്വിരാജ് സിനിമയിലെത്താൻ കാരണക്കാരൻ താനാണെന്ന് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. ഒരു ബാർബർഷോപ്പിൽ വച്ചാണ് ചെറുപ്പക്കാരനായ പൃഥ്വിരാജിനെ കാണുന്നത്. പണ്ട് എടുത്തുകൊണ്ടു നടന്ന കുട്ടി വളർന്നു സുന്ദരനായിരിക്കുന്നല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് നന്ദനത്തിൽ അഭിനയിക്കാൻ ഒരു സുന്ദരനായ പുതുമുഖത്തെ വേണമെന്ന് രഞ്ജിത്ത് വിളിച്ചു പറയുന്നത്. മല്ലികയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ പൃഥ്വിരാജിനെ പിറ്റേന്നുതന്നെ തള്ളി വിട്ടെന്നും ഇതിലും മികച്ച ഒരു നടനെ കിട്ടാനില്ലെന്നു രഞ്ജിത്ത് പറഞ്ഞുവെന്നും മണിയൻ പിള്ള രാജു ഓർത്തെടുത്തു. ഒപ്പം പഠിച്ച മല്ലികയാണ് കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായ തന്നെ മറ്റൊരു ഡോക്ടറുടെ അടുത്ത് പറഞ്ഞുവിട്ടതെന്നും തന്റെ ജീവൻ രക്ഷിച്ച മല്ലികയോട് എന്നെന്നും കടപ്പെട്ടിരിക്കുന്നെന്നും മണിയൻ പിള്ള രാജു പറഞ്ഞു. മല്ലിക സുകുമാരൻ സിനിമയിൽ അൻപതുവർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾക്കിടെയാണ് മണിയൻപിള്ള രാജു സുകുമാരന്റെയും മല്ലികയുടെയും കുടുംബത്തോട് തനിക്കുള്ള ആത്മബന്ധത്തെപ്പറ്റി തുറന്നു പറഞ്ഞത്.
‘‘സംവിധായകൻ രഞ്ജിത് കോഴിക്കോട് നിന്ന് വിളിക്കുകയാണ്. ‘രാജൂ ഒരു പുതിയ പടം തുടങ്ങുന്നുണ്ട്. അതിൽ അഭിനയിക്കാൻ നല്ലൊരു പയ്യനെ വേണം. കാണാൻ കൊള്ളാവുന്ന പയ്യനായിരിക്കണം, ആരുണ്ട്?’. ഞാൻ ഇന്ന് ഉച്ചയ്ക്ക് വിമൻസ് കോളജിന്റെ സൈഡിലുള്ള ഹെയർകട്ടിങ് സെന്ററിൽ പോയി. അവിടെ വച്ച് സുന്ദരനായ ഒരു പയ്യനെ കണ്ടു. നമ്മുടെ സുകുമാരന്റെയും മല്ലികയുടെയും മകനാണ്. ഞാൻ പണ്ട് എടുത്തുകൊണ്ടു നടന്ന പയ്യനാണ്. ഇപ്പോൾ അതിസുന്ദരനായിരിക്കുന്നു. ഓസ്ട്രേലിയയിൽ പഠിക്കുകയാണ്, ഇപ്പോൾ പരീക്ഷ കഴിഞ്ഞ് എങ്ങാനും നാട്ടിലേക്ക് വന്നതായിരിക്കും.’–രഞ്ജിത്തിനോടു ഞാൻ പറഞ്ഞു.
‘അവരോട് ഒന്ന് ചോദിക്കുമോ’ എന്ന് രഞ്ജിത് തിരിച്ചു ചോദിച്ചു. അങ്ങനെ ഞാൻ മല്ലികയെ വിളിച്ച് ഇങ്ങനെയൊരു സംഭവം ഉണ്ടെന്ന് പറഞ്ഞു. അതൊക്കെയാണ് അമ്മ, പിറ്റേ ദിവസം രാവിലെ തന്നെ മകനെ തള്ളി അയച്ചു. അവിടെ ചെന്ന് എല്ലാം കഴിഞ്ഞ് രഞ്ജിത് എന്നെ വിളിക്കുകയാണ്. ‘ഇതിനപ്പുറം ഒരു സിലക്ഷനില്ല’. അതാണ് നന്ദനത്തിലെ ഹീറോ പൃഥ്വിരാജ്. അന്നത്തെ ആ സ്നേഹം മല്ലികയ്ക്ക് ഉള്ളതുപോലെ പൃഥ്വിരാജിനും ഉണ്ട്. എവിടെയോ എന്തോ സംഭവം വന്നപ്പോൾ പുള്ളി ഒരു ചാനലിൽത്തന്നെ പറഞ്ഞിട്ടുണ്ട്, മലയാള സിനിമയിൽ എന്റടുത്ത് സംസാരിക്കാനും ഉപദേശിക്കാനും രാജു ചേട്ടനല്ലാതെ വേറൊരു ആൾക്കും അവകാശമില്ലെന്ന്. ഇവർക്കെല്ലാം എന്നെ വലിയ കാര്യമാണ്.’’
പിന്നീട് അനന്തഭദ്രം എന്ന സിനിമ 2005ൽ എനിക്ക് പൃഥ്വിരാജിനെ വച്ച് എടുക്കാൻ ഭാഗ്യമുണ്ടായി. അത് സൂപ്പർഹിറ്റാണ്. അതുപോലെ തന്നെ 2015ൽ പാവാട, ആ പടവും സൂപ്പർഹിറ്റാണ്. 2007ൽ ഛോട്ടാ മുംബൈ എടുക്കുമ്പോൾ അമ്മയും മോനും ഒരുമിച്ച് അഭിനയിച്ചു. അന്നൊരു ഡിസ്കൗണ്ട് ഉണ്ടായിരുന്നു, അമ്മയെ വിളിച്ചാൽ മോൻ ഫ്രീ എന്ന്. ഒരു കാര്യം കൂടി പറയാനുണ്ട്. എനിക്ക് കോവിഡ് വന്നു സീരിയസ് ആയി. എല്ലാ പത്രങ്ങളും എഴുതി ഞാൻ തീരാൻ പോവുകയാണ്, അവസാന നാളുകൾ അടുത്തു എന്ന്. ആശുപത്രിയിൽനിന്നു ഞാൻ വന്നപ്പോൾ എനിക്ക് ന്യൂമോണിയ കൂടി കിട്ടി.
അന്ന് മല്ലിക ഇന്ദിരയെ വിളിച്ചു പറഞ്ഞു ഡോക്ടർ ജ്യോതിദേവിനെ കാണിക്കണം എന്ന്. മല്ലിക ജ്യോതിദേവിനെയും വിളിച്ചു പറഞ്ഞു. അന്ന് ഞാൻ രക്ഷപ്പെട്ടതിന് ഒരു കാരണക്കാരി മല്ലികയാണ്. ശരിക്കും പറഞ്ഞാൽ മാലയിലെ ലോക്കറ്റിൽ മല്ലികയുടെ തല വച്ചുകൊണ്ടു നടക്കേണ്ടവനാണ് ഞാൻ. ഈ ദിവസം ഞാൻ ജീവിതത്തിൽ എന്നും ഓർത്തു വയ്ക്കും കാരണം കൂടെപ്പഠിച്ച ഒരു കൂട്ടുകാരി സിനിമയിൽ അൻപതു വർഷം പിന്നിടുകയാണ്. എനിക്ക് ഒരു ജീവിതം തുറന്നു തന്നത് മല്ലികയാണ്. എനിക്ക് സിനിമയിൽ ഒരു നടനായിട്ട് വരാൻ കഴിഞ്ഞതും ചാകാൻ കിടന്ന എന്നെ തൂക്കിയെടുത്ത് നല്ല ആശുപത്രിയിൽ കൊണ്ടുപോയതും ഇതുപോലെ ഇവിടെ വന്നു നിന്ന് സംസാരിക്കാൻ വേണ്ടിയായിരിക്കും.
എന്റെ കൂടെ അഭിനയിച്ചവരിൽ ഒരുപാട് പേര് മരിച്ചുപോയിട്ടുണ്ട് .ഇപ്പോഴും സിനിമയിൽ അഭിനയിച്ചും നിർമിച്ചും ഈ ഒഴുക്കിൽ നിൽക്കാൻ പറ്റുന്നുണ്ടല്ലോ. അതൊക്കെ ഭയങ്കര ഭാഗ്യവും ദൈവാധീനവും ആണ്. ഞാൻ നോക്കുന്നുണ്ടായിരുന്നു, മക്കളൊക്കെ നല്ല വാക്കു പറയുമ്പോൾ മല്ലിക കണ്ണ് തുടയ്ക്കുകയാണ്. അതാണ് ഒരു അമ്മയുടെ സന്തോഷം അല്ലാതെ അവർ കൊണ്ടുകൊടുക്കുന്ന ലക്ഷങ്ങൾ കെട്ടിപ്പിടിച്ചിരിക്കുകയല്ല. അമ്മ എന്ന നിലയിൽ അവർ അന്തസ്സായി മക്കളെ വളർത്തി അവരെ നല്ല ഒരു നിലയിൽ എത്തിച്ചു. എല്ലാ അച്ഛനും അമ്മയ്ക്കും പാഠമാണ് മല്ലിക. മല്ലികയ്ക്ക് ദീർഘായുസ്സ് നേരുന്നു. എല്ലാ കാര്യത്തിനും എന്നെന്നും കൂടെ ഉണ്ടാകും.’’–മണിയൻ പിള്ള രാജു പറയുന്നു.
English Summary:
Maniyanpilla Raju about Prithviraj Sukumaran
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-02-19 mo-entertainment-movie-maniyanpillaraju 7rmhshc601rd4u1rlqhkve1umi-2024 3haqj5fnn9dj27koa8f5buitiu 7rmhshc601rd4u1rlqhkve1umi-2024-02 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-02 mo-entertainment-movie-prithvirajsukumaran mo-entertainment-movie-mallikasukumaran 7rmhshc601rd4u1rlqhkve1umi-2024-02-19 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link