അവ്ഡീവ്ക: യുക്രെയ്ൻ സേന പിൻവാങ്ങി
കീവ്: മാസങ്ങളായി റഷ്യൻ ഉപരോധം നേരിടുന്ന കിഴക്കൻ പട്ടണമായ അവ്ഡീവ്കയിൽനിന്ന് യുക്രെയ്ൻ സേന പിന്മാറി. അടുത്തകാലത്ത് റഷ്യൻ സേന കൈവരിക്കുന്ന ഏറ്റവും വലിയ വിജയമാണിത്. പട്ടാളക്കാരുടെ ജീവൻ രക്ഷിക്കാൻവേണ്ടിയാണു പിന്മാറ്റമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി വിശദീകരിച്ചു. യുക്രെയ്ന് ആയുധങ്ങൾ ലഭ്യമാക്കുന്നതിൽ അമേരിക്ക അടക്കമുള്ള സഖ്യകക്ഷികൾ വീഴ്ച വരുത്തിയതാണ് അവ്ഡീവ്കയിലെ പരാജയത്തിനു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുദ്ധത്തിനു മുന്പ് 30,000 പേർ താമസിച്ചിരുന്ന പട്ടണം ഇപ്പോൾ ശൂന്യമാണ്. ഭൂരിഭാഗം പേരെയും ഒഴിപ്പിച്ചുമാറ്റാൻ യുക്രെയ്നു കഴിഞ്ഞു. പട്ടണത്തിലെ കെട്ടിടങ്ങളെല്ലാം തരിപ്പണമായി.
റഷ്യൻ സൈനികർ വളഞ്ഞ് ആക്രമിക്കുന്നത് ഒഴിവാക്കാനാണു പിന്മാറ്റമെന്ന് യുക്രെയ്ൻ സേനാ മേധാവി ഒലക്സാണ്ടർ സിർസ്കി വിശദീകരിച്ചു. യുക്രെയ്ൻ സേന ആയുധദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തിൽ പട്ടണം വൈകാതെ റഷ്യൻ സേന പിടിച്ചെടുക്കുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്കിയിരുന്നു. യുക്രെയ്ന് എത്രയും വേഗം ആയുധങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ റഷ്യയെ തടയാൻ കഴില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ഇന്നലെ മ്യൂണിക് സുരക്ഷാ ഉച്ചകോടിയിൽ പറഞ്ഞു. അമേരിക്കയിലെ പ്രതിപക്ഷ റിപ്പബ്ലിക്കന്മാരാണ് യുക്രെയ്ൻ സൈനികസഹായ പാക്കേജിന് എതിരു നിൽക്കുന്നത്.
Source link