അരിയിൽ തിളയ്ക്കുന്ന രാഷ്ട്രീയം: ‘ഹരിശ്രീ’ തൃശൂരിൽ, ‘29 രൂപയ്ക്ക് നൽകുന്നത് നാലര രൂപയുടെ അരി’
കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയായ ഭാരത് അരിയുടെ വിതരണം കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തതോടെ രാജ്യത്ത് ചർച്ചകൾ തിളച്ചു മറിയുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാനാണ് ഭാരത് അരി വിതരണമെന്ന് സർക്കാരും ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയനീക്കമാണെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.
ഭാരത് അരിയെന്നാൽ
ഒരു വർഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വിപണിയിലെ വിലയിൽ 15% വർധനയുണ്ടായ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുക ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഭാരത് അരി വിപണിയിലെത്തിക്കുന്നത്. കിലോയ്ക്ക് 29 രൂപയ്ക്കാണ് വിൽപന. നാഷനൽ അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), നാഷനൽ കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്), കേന്ദ്രീയ ഭണ്ഡാർ എന്നീ മൂന്ന് ഏജൻസികൾ വഴിയാണ് അരി വിതരണം ചെയ്യുക. ഭാരത് അരിക്കായി ആദ്യഘട്ടത്തിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) 5 ലക്ഷം ടൺ അരി നാഫെഡിനും എൻസിസിഎഫിനും നൽകും. ഇവർ പാക്കറ്റിലാക്കി വിതരണത്തിനെത്തിക്കും.
എവിടെനിന്ന് വാങ്ങാം
നിലവിൽ നാഫെഡ്, എൻസിസിഎഫ് എന്നീ സഹകരണ സ്ഥാപനങ്ങളുടെ ഔട്ട്‌ലെറ്റുകൾ, കേന്ദ്രസർക്കാർ ജീവനക്കാരുടെ സൊസൈറ്റിയുടെ കീഴിലുള്ള കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് ഭാരത് അരി വിതരണത്തിനെത്തുക. ഓൺലൈനായി വാങ്ങാവുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്നും സർക്കാർ പറയുന്നു. അരി കൂടാതെ ഭാരത് കടലയും വിതരണത്തിനെത്തിയിട്ടുണ്ട്. കിലോയ്ക്ക് 60 രൂപയാണ് വില. ഭാരത് ആട്ട (27.50 രൂപ), പരിപ്പ് (60), പഞ്ചസാര, ഉള്ളി (25 രൂപ), എണ്ണ തുടങ്ങിയവയും കുറഞ്ഞ വിലയിൽ വിപണിയിലെത്തും. ഭാരത് അരി വാങ്ങാൻ റേഷൻ കാർഡോ ആധാർ കാർഡോ ആവശ്യമില്ല. ആർക്കും അരി കിട്ടും. 5, 10 കിലോ പായ്ക്കറ്റുകളായാണ് വിതരണം. ഒരാൾക്ക് ഒരു തവണ പത്തുകിലോ അരി വാങ്ങാം.
29 രൂപയ്ക്ക് നൽകുന്നത് നാലര രൂപയുടെ അരിയോ?
ഭാരത് അരി വിതരണം തുടങ്ങിയതിനൊപ്പം വിവാദങ്ങൾക്കും തുടക്കമായിരുന്നു. സംസ്ഥാനത്ത് നേരത്തേ നാലര രൂപയ്ക്ക് നൽകിയിരുന്ന അരിയാണ് ഇപ്പോൾ ഭാരത് അരിയെന്ന പേരിൽ 29 രൂപയ്ക്ക് വിതരണം ചെയ്യുന്നതെന്നാണ് സിപിഎം പറയുന്നത്. ഫെഡറൽ വ്യവസ്ഥയുള്ള രാജ്യത്ത് പൊതുവിതരണ സംവിധാനത്തെ മാറ്റിനിർത്തിക്കൊണ്ട് കേന്ദ്രം സ്വന്തംനിലയിൽ അരി വിതരണത്തിനിറങ്ങുന്നത് ഫെഡറൽ മര്യാദകളുടെ ലംഘനമാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിലും പ്രതികരിച്ചു. കേന്ദ്രസർക്കാർ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
സിപിഎം പറയുന്നതിങ്ങനെ– ‘‘ബിപിഎൽ ഇതര വിഭാഗങ്ങൾക്ക് സൗജന്യ അരി വിതരണം ചെയ്യുന്നത് ഏതാനും വർഷം മുൻപ് കേന്ദ്രസർക്കാർ നിർത്തലാക്കിയിരുന്നു. എന്നാൽ 95 ലക്ഷം റേഷൻകാർഡ് ഉടമകളുള്ള കേരളത്തിൽ 941 പഞ്ചായത്തുകളിലെയും 86 നഗരസഭകളിലെയും ആറ് കോർപറേഷനുകളിലെയും 14,172 റേഷൻകടകളിലൂടെയാണ് നമ്മുടെ പൊതുവിതരണ സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചു വന്നിരുന്നത്. ഇവിടെ ബിപിഎൽ വിഭാഗത്തിന് മാത്രമായി കേന്ദ്രം സൗജന്യ അരി വിഹിതം വെട്ടിച്ചുരുക്കിയപ്പോൾ കേരളം പോലെയുള്ള ഏതാനും ചില സംസ്ഥാനങ്ങൾ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽനിന്ന് ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിലൂടെ (എഫ്സിഐ അധികമായി സമാഹരിക്കുന്ന അരിയും ഗോതമ്പുമടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ സംസ്ഥാന സർക്കാരിനോ അവരുടെ ഏജൻസികൾക്കോ ലേലത്തിൽ പങ്കെടുത്ത് വാങ്ങാനാകുന്ന സംവിധാനം) ഭക്ഷ്യധാന്യങ്ങൾ സമാഹരിച്ച് ബിപിഎൽ ഇതര വിഭാഗങ്ങൾക്ക് (നീല, വെള്ള കാർഡുകൾക്ക്) 4.50 രൂപ നിരക്കിലും 10.90 രൂപ നിരക്കിലും റേഷൻകടകളിലൂടെ വിതരണം ചെയ്തിരുന്നു. സംസ്ഥാനത്ത് അരിവില പൊതുവിൽ നിയന്ത്രിച്ച് നിർത്തുന്നതിൽ ഇതും വലിയ സഹായകമായിരുന്നു
എന്നാൽ ഒക്ടോബറോടെ, ഓപ്പൺ മാർക്കറ്റ് സെയിൽസ് ലേലത്തിൽ സർക്കാരുകൾക്കും സർക്കാർ ഏജൻസികൾക്കും പങ്കെടുക്കാനാവില്ല എന്ന് ഉത്തരവിറക്കി. എന്നാൽ സ്വകാര്യ ഏജൻസികൾക്ക് പങ്കെടുക്കാം. ഇതേ അരിയാണ് സപ്ലൈകോയിൽ കിലോയ്ക്ക് 24 രൂപ നിരക്കിൽ ലഭ്യമാക്കിയിരുന്നത്. ഫലത്തിൽ, കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകർക്കുന്നുവെന്ന് മാത്രമല്ല കേരളത്തിലെ 52 ലക്ഷത്തോളം വരുന്ന ബിപിഎൽ ഇതര കുടുംബങ്ങൾക്ക് നാലര രൂപയ്ക്കും 10.90 രൂപയ്ക്കും ലഭിക്കേണ്ട അരി ഇല്ലാതെയുമായി. എന്നിട്ട് ഈ അരി തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് തൃശൂരിലെ ചന്തയിൽ കേന്ദ്രസർക്കാർ നേരിട്ട് വിറ്റഴിക്കുന്നു.’’
ഭാരത് അരിക്കും ‘ഹരിശ്രീ’ തൃശൂരിൽ
കേരളത്തിൽ ആദ്യം ഭാരത് അരി വിതരണം തുടങ്ങിയത് തൃശൂരിലാണ്. ചൊവ്വാഴ്ച 150 ചാക്കോളം അരിയാണ് വിറ്റുപോയത്. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അരി വിതരണം തുടങ്ങാനാണ് നീക്കം. ഇതിനായി ജില്ലകളിൽ ഇരുന്നൂറോളം ഔട്ട്‌ലെറ്റുകൾ തുടങ്ങുമെന്ന് എൻസിസിഎഫ് അധികൃതർ പറയുന്നു.
അതേസമയം, ഭാരത് അരി വിതരണത്തെക്കുറിച്ച് വലിയ ആരോപണങ്ങളും ഉയരുന്നുണ്ട്. റേഷൻ വിഹിതം വെട്ടിക്കുറച്ചാണ് മൂന്നിരട്ടി വിലയിൽ ഭാരത് അരി വിതരണത്തിനെത്തിച്ചിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. കേരളത്തിൽ ബിജെപിക്ക് പ്രതീക്ഷയുള്ള തൃശ്ശൂരിൽത്തന്നെ ആദ്യം അരിവിതരണം തുടങ്ങിയതിലും രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നു വിമർശനം ഉയർന്നിട്ടുണ്ട്. സാധാരണ ഇത്തരം പദ്ധതികൾ സംസ്ഥാന സർക്കാരുകൾ വഴിയാണ് കേന്ദ്രം നടപ്പിലാക്കുന്നത്. എന്നാൽ ഇത്തവണ പതിവു തെറ്റിച്ച് കേന്ദ്രം നേരിട്ടിറങ്ങുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ആക്ഷേപമുണ്ട്.
Source link