യുക്രെയ്ൻ ധനസഹായ ബിൽ യുഎസ് സെനറ്റ് പാസാക്കി
വാഷിംഗ്ടൺ ഡിസി: യുക്രെയ്നടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്ക് 9,500 കോടി ഡോളറിന്റെ സഹായം നല്കുന്ന പാക്കേജ് യുഎസ് സെനറ്റിൽ പാസായി. 70 പേർ പാക്കേജിനെ അനുകൂലിച്ചപ്പോൾ 29 പേർ എതിർത്തു വോട്ട് ചെയ്തു. ദീർഘകാലമായി പാക്കേജിനെ എതിർക്കുന്ന പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയിലെ 22 സെനറ്റർമാർ ഇന്നലത്തെ വോട്ടിൽ അനുകൂലിച്ചു വോട്ട് ചെയ്തതു ശ്രദ്ധേയമായി. അതേസമയം റിപ്പബ്ലിക്കന്മാർക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽകൂടി ബിൽ പാസാകേണ്ടതുണ്ട്. യുക്രെയ്ന് 6000 കോടി, ഹമാസിനെതിരേ യുദ്ധം ചെയ്യുന്ന ഇസ്രയേലിന് 1400 കോടി, ഗാസയ്ക്കു മനുഷ്യത്വപരമായ സഹായം എത്തിക്കാൻ 1000 കോടി, തായ്വാന് 400 കോടി ഡോളർ എന്നിങ്ങനെയാണ് പാക്കേജിൽ നീക്കിവച്ചിരിക്കുന്നത്. റഷ്യൻ അധിനിവേശത്തെ നേരിടുന്നതിൽ ആയുധദൗർലഭ്യത്തിലേക്കു നീങ്ങുന്ന യുക്രെയ്ൻ സർക്കാർ അമേരിക്കൻ സഹായത്തിനായി കാത്തിരിക്കുകയാണ്.
കുടിയേറ്റം തടയാനുള്ള നടപടികൾ എടുക്കാത്തതിന്റെ പേരിലാണ് റിപ്പബ്ലിക്കന്മാർ ബിൽ വൈകിച്ചത്. ജനപ്രതിനിധി സഭയിൽ ഇതേ കാര്യം പറഞ്ഞ് റിപ്പബ്ലിക്കന്മാർ ബില്ലിനെ എതിർത്തേക്കും. ഹൗസ് സ്പീക്കർ മൈക് ജോൺസനും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ബില്ലിനെതിരാണ്.
Source link