‘സൂരരൈ പോട്ര്’ ഹിന്ദിയിൽ ‘സർഫിര’; അതിഥി വേഷത്തിൽ സൂര്യ
സൂരരൈ പോട്ര് ഹിന്ദി റീമേക്കിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘സർഫിര’ എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. ചിത്രം ജൂലൈ 12ന് തിയറ്ററുകളിലെത്തും. സുധ കൊങ്ങര തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് കുമാർ ആണ് നായകവേഷത്തിലെത്തുന്നത്.
അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധൻ എത്തുന്നു. സൂര്യ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സൂര്യയുടെ നിർമാണക്കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്ര എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചുരുങ്ങിയ ചിലവിൽ സാധാരണക്കാർക്കു കൂടി യാത്രചെയ്യാൻ കഴിയുന്ന എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരരൈ പോട്ര്. മോഹൻ ബാബു, കരുണാസ് , പരേഷ് റാവൽ, ഉർവശി എന്നിവരായിരുന്നു സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിക്രമിലും സൂര്യ അതിഥി വേഷത്തില്‍ എത്തിയിരുന്നു. റോളക്സ് എന്ന വില്ലൻ കഥാപാത്രമായാണ് സൂര്യ എത്തിയത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന സിനിമയാണ് സൂര്യയുടെ അടുത്ത റിലീസ്.
English Summary:
Soorarai Pottru’s Hindi remake titled Sarfira, Akshay Kumar-starrer to release on July 12
Source link