രാജ്യം സാമ്പത്തിക കുതിപ്പിലെന്ന് സർക്കാർ ധവളപത്രം
ന്യൂഡൽഹി ∙ യുപിഎ ഭരണകാലത്തു തകർന്നടിഞ്ഞ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ 10 കൊല്ലംകൊണ്ടു പുരോഗതിയുടെ പാതയിലെത്തിച്ചുവെന്ന് കേന്ദ്രസർക്കാരിന്റെ ധവളപത്രം. കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ടു തകർന്നതായിരുന്നു 2014ൽ അധികാരമേറ്റെടുക്കുമ്പോൾ ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ വച്ച ധവളപത്രത്തിൽ കുറ്റപ്പെടുത്തി. 10 കൊല്ലം കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി രാജ്യത്തെ മാറ്റിയത് എൻഡിഎ സർക്കാരിന്റെ ഇടപെടലുകളും നടപടികളുമാണെന്ന് മന്ത്രി അവകാശപ്പെട്ടു.
ഇരു സർക്കാരുകളുടെയും കാലത്തെ കണക്കുകൾ താരതമ്യം ചെയ്താണ് ധവളപത്രം. പ്രധാന പരാമർശങ്ങൾ:
∙ 2004–2008 കാലത്ത് സമ്പദ്‌വ്യവസ്ഥയ്ക്കു കുതിപ്പുണ്ടായി. ഇത് മുൻ വാജ്പേയി സർക്കാരിന്റെ നയങ്ങൾ കൊണ്ടായിരുന്നു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് അതു നിലനിർത്താനായില്ല.
∙ 2014ൽ അധികാരമേറ്റെടുക്കുമ്പോൾ ദുർഘടമായ അവസ്ഥയായിരുന്നെങ്കിലും ഒന്നാം എൻഡിഎ സർക്കാർ വളർച്ചയ്ക്കു വേണ്ട നടപടികളെടുത്തു.
∙ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് വിലക്കയറ്റം 8.2% ആയി. കിട്ടാക്കടം 12.3% ആയി പെരുകി. എൻഡിഎ കിട്ടാക്കടങ്ങൾ കുറച്ചു.
∙ വിദേശ കടമെടുപ്പ് 21.1% ആയി. ഇപ്പോൾ അത് 4.5% ആയി കുറഞ്ഞു.
∙ ബാങ്കിങ് മേഖല തകർന്നു. 2004ൽ മൊത്തവായ്പ 6.6 ലക്ഷം കോടി രൂപ ആണെങ്കിൽ 2012ൽ 39 ലക്ഷം കോടിയായി.
∙ രൂപയുടെ മൂല്യം യുപിഎ സർക്കാരിന്റെ കാലത്ത് 36% ഇടിഞ്ഞു. എൻഡിഎ സർക്കാർ രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിച്ചു. വിദേശനാണ്യശേഖരം കുറഞ്ഞത് എൻഡിഎ കാലത്തു സമൃദ്ധമായി.
∙ അടിസ്ഥാനസൗകര്യ വികസനത്തിൽ യുപിഎക്കു പദ്ധതികളുണ്ടായില്ല. ദേശീയപാത പ്രതിദിനം 12 കിലോമീറ്റർ നിർമിച്ചിരുന്നത് എൻഡിഎ കാലത്ത് പ്രതിദിനം 28 കിലോമീറ്ററായി.
∙ 2008ലെ ആഗോള സാമ്പത്തികപ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിച്ചില്ലെങ്കിലും അനാവശ്യമായ സാമ്പത്തിക പാക്കേജുകളിലൂടെ കൂടുതൽ ബാധ്യത വരുത്തിവച്ചു.
∙ ജിഎസ്ടിയിലൂടെ ടാക്സ് ഏകീകരിച്ചതോടെ നികുതിവരുമാനത്തിൽ വൻ വർധനയുണ്ടായി. നികുതി–ജിഡിപി അനുപാതം യുപിഎ കാലത്ത് 10.5% ആയിരുന്നത് എൻഡിഎ കാലത്ത് 10.9% ആയി.
∙ യുപിഎ കാലത്ത് ധനക്കമ്മി ശരാശരി 4.5% ആയിരുന്നു. എണ്ണക്കമ്പനികൾക്കും മറ്റും സബ്സിഡിക്കായി ബോണ്ടുകൾ നൽകിയത് വലിയ ബാധ്യത വരുത്തി. എൻഡിഎ 1.93 ലക്ഷം കോടിയുടെ ബാധ്യത തീർക്കേണ്ടി വരുന്നു. ഇനി 1.02 ലക്ഷം കോടി രൂപ കൂടി കൊടുക്കണം.
Source link