നീരജ് ചോപ്രയ്ക്ക് സ്വിസ് ആദരം
സൂറിച്ച്: ഇന്ത്യൻ സൂപ്പർ അത്ലറ്റ് നീരജ് ചോപ്രയെ ആദരിച്ച് സ്വിറ്റ്സർലൻഡ്. ടോപ് ഓഫ് യൂറോപ്പ് എന്നറിയപ്പെടുന്ന ജംഗ്ഫ്രൗജോച്ചിലെ പ്രസിദ്ധമായ ഐസ് പാലസിൽ നീരജിന്റെ പേരിൽ ഫലകംവച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. സ്വിറ്റ്സർലൻഡ് ടൂറിസമാണ് താരത്തിന് ഈ പ്രത്യേക ആദരം നൽകിയത്. 2020 ടോക്കിയോ ഒളിന്പിക്സ്, 2023 ലോക ചാന്പ്യൻഷിപ്, 2022 ഡയമണ്ട് ലീഗ് പോരാട്ടങ്ങളിൽ പുരുഷ ജാവനിൽ ത്രോയിൽ സ്വർണ ജേതാവാണ് ഇരുപത്താറുകാരനായ നീരജ്. ഒളിന്പിക്സ്, ലോക ചാന്പ്യൻഷിപ്, ഡയമണ്ട് ലീഗ് വേദികളിൽ സ്വർണം സ്വന്തമാക്കുന്ന ഇന്ത്യയുടെ ആദ്യ അത്ലറ്റാണ് നീരജ്. തന്റെ ജാവലിനുകളിൽ ഒന്ന് നീരജ് ഐസ് പാലസിനു കൈമാറിയിരുന്നു. നീരജിന്റെ ഫലകത്തിനു സമീപം ഈ ജാവലിനും സ്ഥാപിച്ചിട്ടുണ്ട്. സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ, നോർത്തേണ് ഐറിഷ് ഗോൾഫർ റോറി മക്കിൽറോയ് തുടങ്ങിയവരുടെ പേരിലുള്ള ഫലകങ്ങൾക്കൊപ്പം നീരജിന്റെ ഫലകവും ഇടംപിടിച്ചെന്നതാണ് ശ്രദ്ധേയം. സ്വിറ്റ്സർലൻഡിലെ ഒളിന്പിക് മ്യൂസിയത്തിനും നീരജ് തന്റെ ജാവലിനുകളിൽ ഒന്ന് മുന്പ് സമർപ്പിച്ചിരുന്നു.
“ഈ രാജ്യം (സ്വിറ്റ്സർലൻഡ്) എനിക്ക് നൽകുന്ന സ്നേഹത്തിനും അനുമോദനത്തിനും ഞാൻ വിനയാന്വിതനാണ്. അതിശയകരമായ ഈ ഐസ് പാലസിൽ ഒരു ഫലകമുണ്ടായിരിക്കുക എന്നത് എന്റെ വിദൂര സ്വപ്നത്തിൽപോലും ഇല്ലായിരുന്നു, എന്നിട്ടും ഇവിടെ ഞാൻ എത്തി. യൂറോപ്പിന്റെ മുകളിലാണ് നിൽക്കുന്നതെങ്കിലും ലോകത്തിന്റെ മുകളിലായാണ് തോന്നുന്നത് ”- ഫലകം അനാച്ഛാദനം ചെയ്ത് നീരജ് ചോപ്ര പറഞ്ഞു.
Source link